തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കണ്ടെത്തിയത് വലിയ ചര്‍ച്ചയായതോടെ നാണംകെട്ട് കോണ്‍ഗ്രസ്. അന്ധവിശ്വാസത്തില്‍ കോണ്‍ഗ്രസ് മുങ്ങിപ്പോയെന്നും വിമര്‍ശനം. ഒന്നരവര്‍ഷം മുമ്പ് സുധാകരന്റെ കണ്ണൂരിലെ വീട്ടില്‍ നിന്ന് സുധാകരനും രാജ്മോഹന്‍ ഉണ്ണിത്താനും മന്ത്രവാദിയും ചേര്‍ന്ന് തകിടും ചില രൂപങ്ങളും കണ്ടെടുക്കുന്ന ദൃശ്യങ്ങളാണ് ഏതാനും ദിവസം മുമ്പ് പുറത്തു വന്നത്.
കെപിസിസി അധ്യക്ഷന്റെ വീട്ടില്‍ നിന്ന് ആദ്യമായല്ല കൂടോത്രം ലഭിക്കുന്നത്. വി.എം. സുധീരന് അധ്യക്ഷനായിരിക്കുമ്പോള്‍ ഒമ്പത് തവണ വീട്ടില്‍ നിന്ന് കൂടോത്രം ലഭിച്ചു. മണ്‍കലം മുതല്‍ ബോണ്‍വിറ്റ കുപ്പിയില്‍ വരെയാണ് ശത്രുക്കള്‍ മുന്‍ കെപിസിസി അധ്യക്ഷനായിരുന്ന സുധീരന്റെ വീട്ടില്‍ കൂടോത്രം ഒളിപ്പിച്ചത്. ചെമ്പ് തകിടുകള്‍, ചെറുശൂലങ്ങള്‍, വെളളാരംകല്ലുകള്‍ എന്നിങ്ങനെ ദോഷപ്പണിക്കായി അടക്കം ചെയ്ത നിരവധി സാധനങ്ങള്‍ കിട്ടി. സുധാകരന്റെ വീട്ടില്‍ നിന്ന് കൂടോത്രം കിട്ടുന്ന വീഡിയോ ഒന്നര വര്‍ഷം മുമ്പുള്ളതാണ്. ജീവന് പോകാത്തത് ഭാഗ്യമെന്ന് കെ. സുധാകരന് ഉണ്ണിത്താനോട് പറയുന്നതും കേള്‍ക്കാം.
കെപിസിസി അധ്യക്ഷസ്ഥാനത്തുള്ളവരുടെ വീട്ടില്‍ നിന്നുമാത്രം കൂടോത്രം ലഭിക്കുന്നതിനാല്‍, അധ്യക്ഷസ്ഥാനം മോഹിക്കുന്ന ആരെങ്കിലുമാകാം പിന്നിലെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. ഇതോടെ കെപിസിസി നേതാക്കള്‍ പരസ്പരം സംശയിക്കുന്ന സ്ഥിതിവരെയെത്തി. കടുത്ത പരിഹാസമാണ് കോണ്‍ഗ്രസിനെതിരെ ഉയരുന്നത്. അന്ധവിശ്വാസം അവസാനിപ്പിക്കാന്‍ ശാസ്ത്രം പഠിക്കണമെന്ന് ആഹ്വാനം ചെയ്ത മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ വാക്കുകള്‍ ഉപയോഗിച്ചുവരെ പരിഹാസം ഉയര്‍ന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കടുത്ത വിമര്‍ശനവും പരിഹാസവും ട്രോള്‍ രൂപത്തില്‍ നിറയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: