പനമരം: ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് മൂന്ന് വയസുകാരന്‍ പൊള്ളലേറ്റ് മതിയായ ചികിത്സ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെയും ചികിത്സിച്ച വൈദ്യനെയും അറസ്റ്റ് ചെയ്തു. കുട്ടിയുടെ അച്ഛന്‍ അഞ്ചുകുന്ന് വൈശ്യമ്പത്ത് വീട്ടില്‍ വി.എ. അല്‍ത്താഫ ്(45), ചികിത്സിച്ച വൈദ്യന്‍ കമ്മന ഐക്കരക്കുടി വീട്ടില്‍ ജോര്‍ജ് (68) എന്നിവരെയാണ് പനമരം ഇന്‍സ്‌പെക്ടര്‍ എസ്എച്ച്ഒ വി. സിജിത്തിന്റെ നേതൃത്വത്തില്‍ അറസ്്റ്റ് ചെയ്തത്.
മനഃപൂര്‍വമല്ലാത്ത നരഹത്യ, ബാലനീതി നിയമത്തിലെ വകുപ്പുകള്‍ തുടങ്ങിയവ ചുമത്തിയാണ് അറസ്റ്റ്. യഥാസമയം ശരിയായ ചികിത്സ ലഭിച്ചാല്‍ ഉറപ്പായും രക്ഷപ്പെടുമായിരുന്ന കുട്ടി അശാസ്ത്രീയമായി ചികിത്സ മൂലവും മതിയായ ചികിത്സ നല്കാത്ത അച്ഛന്റെ വീഴ്ച മൂലവുമാണ് മരിച്ചത്. കുട്ടിയുടെ അസുഖ വിവരം അന്വേഷിച്ചെത്തിയ പനമരം സിഎച്ച്‌സിയിലെ ഉദ്യോഗസ്ഥരെയും പോലീസിനെയും കുട്ടി വിംസ് ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പറഞ്ഞ് അച്ഛന്‍ തെറ്റിദ്ധരിപ്പിച്ചു. വിംസിലേക്ക് വിളിച്ച് യാഥാര്‍ത്ഥ്യം മനസിലാക്കിയ പനമരം പോലീസ് വീണ്ടുമെത്തിയാണ് ഗുരുതരാവസ്ഥയിലായ കുട്ടിയെ നിര്‍ബന്ധപൂര്‍വം ആശുപത്രിയിലെത്തിച്ചത്.
ജൂണ്‍ 9നാണ് ചൂടുവെള്ളം നിറച്ച ബക്കറ്റില്‍ വീണ് കുട്ടിക്ക് പൊള്ളലേല്‍ക്കുന്നത്. മാനന്തവാടി മെഡി. കോളജില്‍ എത്തിച്ച കുട്ടിയെ അവിടെ പീഡിയാട്രിക്ക് സര്‍ജന്‍ ഇല്ലാത്തതിനാല്‍ കോഴിക്കോട് മെഡി. കോളജിലേക്ക് റഫര്‍ ചെയ്തു. കുട്ടിക്ക് ഫസ്റ്റ് ഡിഗ്രി പൊള്ളലാണ് ഉള്ളതെന്നും, പീഡിയാട്രിക് സര്‍ജന്റെ അടുത്തെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചാണ് ഡോക്ടര്‍ കോഴിക്കോടേക്ക് റഫര്‍ ചെയ്തത്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശം അവഗണിച്ച് 108 ആംബുലന്‍സ് സൗകര്യം വേണ്ടെന്ന് എഴുതിക്കൊടുത്ത് അച്ഛന്‍ കുട്ടിയെ സ്വകാര്യ ആംബുലന്‍സില്‍ കമ്മനയിലെ വൈദ്യന്റെ അടുത്തെത്തിച്ചു. ഓക്സിജന്‍ മാസ്‌കും, ഐവി ഫ്ളൂയിഡും ഊരി മാറ്റിയാണ് കുട്ടിയെ വൈദ്യനെ കാണിച്ചത്. ഇതിലും വലിയ പൊള്ളല്‍ ഞാന്‍ സുഖപ്പെടുത്തിയിട്ടുണ്ട്, ധൈര്യമായി ഇറക്കിക്കോ’ എന്ന വൈദ്യന്റെ വാക്കുകളില്‍ വിശ്വസിച്ച് ചികിത്സ നല്കുകയാണുണ്ടായത്. പിന്നീട് വീട്ടിലെത്തിച്ചും അശാസ്ത്രീയ ചികിത്സ തുടര്‍ന്നു. കോഴിക്കോട് മെഡി. കോളജിലേക്ക് റഫര്‍ ചെയ്തിട്ടും അവിടെ എത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ അസുഖവിവരം അന്വേഷിച്ചെത്തിയ ആരോഗ്യപ്രവര്‍ത്തകരോടും പോലീസിനോടും വിംസില്‍ ചികിത്സിക്കുന്നുണ്ടെന്ന് അറിയിച്ച് അല്‍ത്താഫ് തെറ്റിദ്ധരിപ്പിക്കുകയും ചെയ്തു. സത്യം മനസിലാക്കി വീണ്ടുമെത്തിയ പനമരം പോലീസാണ് 108 ആംബുലന്‍സ് വിളിച്ച് കുട്ടിയെ മാനന്തവാടി മെഡി. കോളജില്‍ എത്തിച്ചത്. അവിടെ നിന്ന് വീണ്ടും കുട്ടിയെ കോഴിക്കോട് മെഡി. കോളജിലേക്ക് റഫര്‍ ചെയ്തു. മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആന്തരിക അവയവങ്ങളില്‍ കടുത്ത ന്യൂമോണിയ ബാധിച്ചാണ് 20ന് കുട്ടി മരിച്ചത്.
















