തിരുവനന്തപുരം: പുതിയ ക്രിമിനല്‍ നിയമങ്ങള്‍ പാര്‍ട്ട് ടൈമുകാര്‍ തയാറാക്കിയതാണെന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ പി. ചിദംബരത്തിന്റെ പ്രസ്താവനയെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ അപലപിച്ചു. ചിദംബരത്തിന്റെ പേരെടുത്തു പറയാതെയായിരുന്നു ഉപരാഷ്ട്രപതി അപലപിച്ചത്. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിലാണ് ചിദംബരം വിവാദ പ്രസ്താവന നടത്തിയത്.
ഇത്തരത്തിലുള്ള ഒരു പരാമര്‍ശത്തെ അപലപിക്കാന്‍ എനിക്ക് ശക്തമായ വാക്കുകളില്ല. പാര്‍ലമെന്റ് അംഗം, ഒരു പാര്‍ട്ട് ടൈമര്‍ എന്ന നിലയില്‍ പരാമര്‍ശിക്കപ്പെടുന്നു. ആത്യന്തികമായി നിയമ നിര്‍മാണത്തിന്റെ അന്തിമ കേന്ദ്രമാണ് പാര്‍ലമെന്റ്. പാര്‍ലമെന്റ് അംഗങ്ങളോടുള്ള അപകീര്‍ത്തികരവും അധിക്ഷേപകരവും അപമാനകരവുമായ പരാമര്‍ശമെന്നും അത് പിന്വലിണമെന്നും ഉപരാഷ്ട്രപതി അഭ്യര്‍ഥിച്ചു. അദ്ദേഹത്തോട് തന്റെ ധാര്‍മിക ബോധം മുറുകെപ്പിടിക്കാനും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.
അറിവുള്ളവര്‍ മന:പൂര്‍വം വഴിതെറ്റിക്കുമ്പോള്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ട്. നിങ്ങള്‍ ഉയര്‍ന്ന പദവി ഉള്ള വ്യക്തിയായതിനാല്‍ എന്തെങ്കിലും വ്യത്യസ്തമായി പറഞ്ഞാല്‍ വിശ്വസിക്കാന്‍ കഴിയാത്തതാണെങ്കിലും എല്ലാവരും വിശ്വസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് ഐഐഎസ്ടിയുടെ 12-ാമത് ബിരുദ ദാന ചടങ്ങിനെ അഭിസംബോധന ചെയ്യവേയായിരുന്നു ഉപരാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
ഈ മൂന്ന് നിയമങ്ങളും സഭയില്‍ ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ ഓരോ പാര്‍ലമെന്റ് അംഗത്തിനും അഭിപ്രായം പറയാന്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ സംവാദം നടക്കുമ്പോള്‍ അദ്ദേഹം പൂര്‍ണ മൗനം പാലിക്കുകയായിരുന്നുവെന്നും ഉപരാഷ്ട്രപതി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: