സിപിഎമ്മിന്റെ അക്രമരാഷ്ട്രീയം അറുതിയില്ലാതെ തുടരുന്നു എന്നതാണ് കണ്ണൂരിലെ എരഞ്ഞോളിയില്‍ സ്റ്റീല്‍ ബോംബ് പൊട്ടി വൃദ്ധന് മരിച്ച സംഭവം കാണിക്കുന്നത്. വീടിനു സമീപമുള്ള ആളൊഴിഞ്ഞ പറമ്പില്‍ തേങ്ങായെടുക്കാന്‍ പോയ എണ്‍പത്തിനാലുകാരനാണ് സ്റ്റീല്‍ബോംബ് പൊട്ടി മരിച്ചത്. ഈ സംഭവത്തിന്റെ നടുക്കത്തില്‍ അയല്‍വാസിയായ യുവതി സിപിഎമ്മിന്റെ ബോംബുനിര്‍മാണത്തിനെതിരെ രംഗത്തുവന്നത് ജനശ്രദ്ധയാകര്‍ഷിച്ചു. വൃദ്ധന് മരിച്ച പറമ്പിലെ വീട്ടില്‍ പതിനഞ്ച് വര്‍ഷമായി ബോംബു നിര്‍മിക്കുന്നുണ്ടെന്നും യുവതി പറയുന്നു. ആളൊഴിഞ്ഞ വീടുകളെല്ലാം സിപിഎമ്മിന്റെ ബോംബുനിര്‍മാണ ഹബ്ബുകളാണെന്നും, ഇതേക്കുറിച്ച് പറയുന്നവരുടെയൊക്കെ വീടുകള്‍ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് തകര്‍ക്കുകയാണെന്നും ഈ യുവതി പറയുമ്പോള്‍ സിപിഎമ്മിന്റെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥ വ്യക്തമാവുന്നുണ്ട്. വയലില്‍ പുല്ലു പറിക്കാന്‍ സ്ത്രീകള്‍ പോവാറുണ്ട്. അവിടെയും ബോംബു സൂക്ഷിച്ചാല്‍ പൊട്ടിത്തെറിക്കില്ലെയെന്നും, ഇങ്ങനെ പോയാല്‍ കുഴിബോംബു കണ്ടെത്താന്‍ യന്ത്രം വേണ്ടിവരുമെന്നും യുവതി പറയുന്നതില്‍ അതിശയോക്തിയില്ല. പതിനഞ്ച് വര്‍ഷം മുന്‍പ് വാടകയ്ക്ക് നല്കിയ വീട്ടില്‍ ബോംബുണ്ടെന്നു പറഞ്ഞ് ഭയംകൊണ്ട് വാടകക്കാര്‍ അതില്‍ താമസിക്കാതെ പോയതും, വീടിന്റെ മതിലുകെട്ടുമ്പോള്‍ അതിനുള്ളില്‍പ്പോലും ബോംബുവയ്ക്കാറുണ്ടെന്നും സ്വാനുഭവത്തില്‍നിന്ന് ഈ യുവതി പറയുമ്പോള്‍ കണ്ണൂരിലെ ഭീകരാവസ്ഥയിലേക്കാണ് അത് വിരല്‍ചൂണ്ടുന്നത്.
വൃദ്ധന് സ്റ്റീല്‍ ബോംബു പൊട്ടി മരിച്ച വീടിനു സമീപത്തുനിന്ന് മുന്‍പും ബോംബുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും, പോലീസിനെ അറിയിക്കാതെ സിപിഎമ്മുകാര്‍ അത് എടുത്തുമാറ്റുകയായിരുന്നുവെന്നും അയല്‍വാസി പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ടതില്ല. സിപിഎമ്മിനെ പേടിച്ചാണ് ഇതുവരെ ഇക്കാര്യം പറയാതിരുന്നതെന്നും സഹികെട്ടാണ് ഇപ്പോള്‍ പറയുന്നതെന്നും, ബോംബുപൊട്ടി മരിക്കാന്‍ ആഗ്രഹമില്ലെന്നും തുറന്നുപറയാന്‍ തയ്യാറായ യുവതിയുടെ ധീരതയെ അംഗീകരിക്കണം. ഇതൊക്കെ പറയുന്നതില്‍നിന്ന് സ്വന്തം അമ്മ ഈ യുവതിയെ വിലക്കുന്നത് മാധ്യമദൃശ്യങ്ങളില്‍ കാണാം. തന്റെയും മകളുടെയും ജീവന് അപകടത്തിലാവുമോയെന്ന ഭയം അവര്ക്കുണ്ടാവാം. എന്നാല്‍ യുവതി പറയുന്നത് സിപിഎം തള്ളിക്കളയുകയാണ്. നാല് വര്‍ഷമായി അവര്‍ സ്ഥലവാസിയല്ലെന്നാണ് സിപിഎമ്മിന്റെ കണ്ടുപിടുത്തം. അടിമാലിയില്‍ വിധവാ പെന്ഷന് മുടങ്ങി വയോവൃദ്ധ പ്രതിഷേധിച്ചപ്പോഴും അവര്‍ സ്ഥലവാസിയല്ലെന്നാണ് സിപിഎം പ്രചരിപ്പിച്ചത്. ഇത് പാര്‍ട്ടിയുടെ പതിവുരീതിയാണ്. അടുത്തിടെയാണ് പാനൂരിനടുത്ത് നിര്‍മാണത്തിനിടെ ബോംബു പൊട്ടിത്തെറിച്ച് ഒരു സിപിഎമ്മുകാരന് മരിച്ചത്. ബോംബു നിര്‍മിച്ചുകൊണ്ടിരുന്ന സംഘത്തില്‍പ്പെട്ടവര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയതാണെന്ന ക്യാപ്സൂളാണ് സിപിഎം അന്ന് പ്രചരിപ്പിച്ചത്. ബോംബു നിര്‍മാണത്തിനിടെ കൊല്ലപ്പെട്ട രണ്ട് സിപിഎമ്മുകാരെ രക്തസാക്ഷിയായി പ്രഖ്യാപിച്ച് അവര്‍ക്ക് സ്മാരകം നിര്‍മിച്ചതും, സംഭവം വിവാദമായപ്പോള്‍ അത് ഉദ്ഘാടനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് പോവാതിരുന്നതും വലിയ ചര്‍ച്ചാ വിഷയമാവുകയുണ്ടായി. അക്രമരാഷ്ട്രീയത്തിന്റെ ഭാഗമായ ബോംബു നിര്‍മാണം സിപിഎമ്മിന്റെ പാര്‍ട്ടി പരിപാടിയില്‍പ്പെട്ടതാണ്. മനുഷ്യജീവനുകള്‍ നഷ്ടമാകുന്നത് ഒരു പ്രശ്നമല്ലെന്ന നിലപാടാണ് പതിറ്റാണ്ടുകളായി സിപിഎം സ്വീകരിച്ചുപോരുന്നത്.
സിപിഎമ്മിന്റെ അറിവോടും സമ്മതത്തോടുംകൂടിയാണ് കണ്ണൂരിനെ വലിയൊരു ബോംബു നിര്‍മാണ ഫാക്ടറിയാക്കി മാറ്റിയിരിക്കുന്നത്. ഇവ ഉപയോഗിച്ച് രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്താന്‍ സിപിഎം നേതൃത്വം പാര്‍ട്ടി ക്രിമിനലുകള്‍ക്കൊപ്പം നില്ക്കുന്നു. അബദ്ധത്തില്‍ സ്ഫോടനമുണ്ടായി സ്വന്തം പാര്ട്ടിക്കാര് മരിക്കുമ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമായി ചിത്രീകരിക്കും. ഇത്തരം സംഭവങ്ങള്‍ നിരന്തരം ആവര്‍ത്തിക്കപ്പെടുകയാണെന്ന വസ്തുത മറച്ചുവയ്ക്കും. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായകസ്ഥാനമാണ് മുഖ്യമന്ത്രി പിണറായി വിജയനുള്ളത്. ഈ നേതാവ് വിചാരിച്ചിരുന്നെങ്കില്‍ കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിന് അറുതിവരുത്താമായിരുന്നു. ഇപ്പോള്‍ കണ്ണൂരിലെ ബോംബു സ്ഫോടനത്തെക്കുറിച്ച് പോലീസ് ഊര്‍ജിതമായി പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പറയുന്നത് വെറും തട്ടിപ്പാണ്. സിപിഎം ഭരണത്തില്‍ കണ്ണൂരിലെ ബോംബുസ്ഫോടനക്കേസുകള്‍ പോലീസ് ഒരുകാലത്തും ശരിയായി അന്വേഷിച്ചിട്ടില്ല. പ്രതികളെ പിടികൂടിയിട്ടുമില്ല. ഇനിയും അങ്ങനെതന്നെയായിരിക്കും. എന്തിനാണ് ഈ ബോംബുനിര്‍മാണമെന്ന് സിപിഎമ്മിനെ അറിയാവുന്നവര്‍ക്കൊക്കെ വ്യക്തമാണ്. രാഷ്ട്രീയ പ്രതിയോഗികളെ കൊലപ്പെടുത്തുക.
സംഘര്‍ഷവും കൊലപാതകവുമില്ലെങ്കില്‍ പാര്‍ട്ടിക്കാരുടെ ആത്മവീര്യം നിലനിര്‍ത്താനാവില്ലെന്നാണ് സിപിഎം വിശ്വസിക്കുന്നത്. സംഘര്‍ഷം സൃഷ്ടിച്ചാല്‍ പാര്‍ട്ടിയുടെ തെറ്റുകള്‍ മൂടിവച്ച് അണികളെ ഒപ്പം നിര്‍ത്താനാവും. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം മൂടിവയ്ക്കാന്‍ വലിയ തോതിലുള്ള അക്രമപ്രവര്‍ത്തനങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും സിപിഎം തയ്യാറെടുത്തിരുന്നുവെന്ന് കരുതേണ്ടിയിരിക്കുന്നു. സിപിഎമ്മിന്റെ വിധ്വംസക രാഷ്ട്രീയത്തെ ജനങ്ങള്‍ ഒറ്റക്കെട്ടായി നേരിടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: