അപുലിയ (ഇറ്റലി): ക്രൈസ്തവ സഭാ വിശ്വാസികളുടെ ആത്മീയ നേതാവായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഭാരതത്തിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിലെ ഫാസനോയില്‍ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫ്രാന്‍സിസ് മാര്‍പാപ്പയും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഔദ്യോഗികമായി ക്ഷണിച്ചത്.
ജി 7 ഉച്ചകോടിക്കിടെ പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളോടുള്ള പോപ്പിന്റെ പ്രതിബദ്ധത വലുതാണെന്നും പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു. ഈ ലോകത്തെ മികച്ചതാക്കിത്തീര്ക്കാനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നു. പോപ്പ് ഫ്രാന്‍സിസിനെ ഭാരതത്തിലേക്ക് സന്ദര്‍ശനത്തിനായി ക്ഷണിച്ചിട്ടുണ്ട്, മോദി പറഞ്ഞു. ഉച്ചകോടി വേദിയില്‍ ഇരുവരും പരസ്പരം കണ്ടയുടന്‍ ആഹ്ലാദത്തോടെ അടുത്തേക്കെത്തുകയും ആശ്ലേഷിക്കുകയും ചെയ്തു. ചുരുങ്ങിയ വാക്കുകള്‍ മാത്രമേ സംസാരിച്ചുള്ളൂവെങ്കിലും ഏറെ സൗഹാര്‍ദ്ദപരമായ കൂടിക്കാഴ്ചയാണ് ഇറ്റലിയില്‍ നടന്നത്.
മാര്‍പാപ്പയുടെ ഭാരത സന്ദര്‍ശനം സംബന്ധിച്ച ചര്‍ച്ചകള്‍ ഏറെ സജീവമായിരിക്കെയാണ് മോദി പോപ്പുമായി ഇറ്റലിയില്‍ കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്.
ജി 7 ഉച്ചകോടിക്കിടെ ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, യുകെ പ്രധാനമന്ത്രി ഋഷി സുനാക്, ഉക്രൈന് പ്രസിഡന്റ് വ്ളോദിമീര്‍ സെലന്‍സ്കി എന്നിവരുമായി മോദി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി.
പ്രതിരോധം, ആണവം, ബഹിരാകാശം, വിദ്യാഭ്യാസം, കാലാവസ്ഥാ പ്രവര്‍ത്തനങ്ങള്‍, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ബന്ധിപ്പിക്കല്‍, ദേശീയ മ്യൂസിയം പങ്കാളിത്തം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തല്‍ എന്നീ മേഖലകളിലെ സഹകരണം ഇമ്മാനുവല്‍ മക്രോണുമായി നടത്തിയ ചര്‍ച്ചയില്‍ ഇടംപിടിച്ചു. മെയ്ക്ക് ഇന്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തന്ത്രപ്രധാനമായ പ്രതിരോധ സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിന് ഇരുരാജ്യങ്ങളും കൂടിക്കാഴ്ചയില്‍ ധാരണയിലെത്തി. അടുത്ത വര്‍ഷം ഫ്രാന്‍സില്‍ നടക്കുന്ന നിര്‍മിത ബുദ്ധി ഉച്ചകോടിയിലെ സഹകരണത്തെപ്പറ്റിയും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഉടന്‍ ഫ്രാന്‍സില്‍ നടക്കാനിരിക്കുന്ന പാരീസ് ഒളിമ്പിക്സിനും പാരാലിമ്പിക്സിനും പ്രസിഡന്റ് മാക്രോണിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു. മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ കാലത്ത് യുകെയുമായുള്ള തന്ത്രപ്രധാന പങ്കാളിത്തം കൂടുതല്‍ ശക്തമാകുമെന്നും സെമി കണ്ടക്ടറുകളുടെ മേഖലയില്‍ സഹകരണം ശക്തമാക്കുമെന്നും ഋഷി സുനാകുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഉക്രൈന് പ്രസിഡന്റുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉക്രൈനിലെ സ്ഥിതിഗതികള്‍ ചര്‍ച്ചയായെന്നും ചര്‍ച്ചകളും നയതന്ത്രവുമാണ് പ്രശ്ന പരിഹാര മാര്‍ഗമെന്ന് അഭിപ്രായപ്പെട്ടെന്നും മോദി എക്സില്‍ കുറിച്ചു. ഉച്ചകോടിക്കായി ഇറ്റലിയിലെത്തിയ പ്രധാനമന്ത്രി മോദിയെ ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: