ചെന്നൈ: തമിഴ്നാട് ബിജെപി അധ്യക്ഷന്‍ കെ. അണ്ണാമലൈ പൊട്ടിക്കരയുന്ന വീഡിയോ വൈറലായി. ലോക് സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപി ഒരു സീറ്റും ജയിക്കാതെ തോല്‍വി ഏറ്റുവാങ്ങിയതിനാല്‍ അണ്ണാമലൈ കരഞ്ഞു എന്ന രീതിയിലാണ് ഡിഎംകെ പ്രവര്‍ത്തകരും ബിജെപി വിരുദ്ധരും വീഡിയോ പ്രചരിപ്പിച്ചത്. 33 സെക്കന്റ് നീളുന്ന അണ്ണാമലൈ കണ്ണുനീര് തുടയ്ക്കുന്ന വീഡിയോ തമിഴ്നാട്ടില്‍ വൈറലായി പ്രചരിച്ചിരുന്നു.
പിന്നീട് ന്യൂസ് ചെക്കര്‍ എന്ന ഫാക്ട് ചെക് ടീം ഈ വീഡിയോയുടെ സത്യാവസ്ഥ പരിശോധിച്ചു. ഈ പരിശോധനയില്‍ അത് 2024 ഏപ്രില്‍ 17ന് പുതിയ തലുമറൈ ടിവി പുറത്തുവിട്ട ഒരു വീഡിയോ ആണെന്ന് തെളിഞ്ഞു. വയസ്സായ ഒരാളോട് സംസാരിക്കുമ്പോള്‍ അണ്ണാമലൈയുടെ കണ്ണ് നിറയുന്ന ഒരു വീഡിയോ ആയിരുന്നു ഇത്. ഈ വീഡിയോ ആണ് ബിജെപിയുടെ തോല്‍വിയില്‍ അണ്ണാമലൈ കരയുന്നു എന്ന രീതിയില്‍ പ്രചരിപ്പിച്ചത്.
തെരഞ്ഞെടുപ്പിന് ശേഷം അണ്ണാമലൈ കൂടുതല്‍ സന്തോഷവാന്‍
അണ്ണാമലൈ ബിജെപിയ്ക്ക് വേണ്ടി കോയമ്പത്തൂരില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 1,18068 വോട്ടുകള്‍ക്ക് അണ്ണാമലൈ ഡിഎംകെയുടെ ഗണപതി രാജ് കുമാറിനോട് തോല്‍ക്കുകയായിരുന്നു. പക്ഷെ അണ്ണാമലൈ പൊതുവില്‍ സന്തോഷവാനാണ്. കാരണം ബിജെപിയുടെ വോട്ടിംഗ് ശതമാനം തമിഴ്നാട്ടില്‍ കുത്തനെ ഉയര്‍ന്നു. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ബിജെപിയുടെ വോട്ട് ശതമാനം വെറും 3.58ശതമാനം മാത്രമായിരുന്നു. 2024ല്‍ അത് 11 ശതമാനമായി ഉയര്‍ന്നു എന്നതാണ് അവസാനത്തെ കണക്കുകള്‍ പറയുന്നത്. മാത്രമല്ല, 10 മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥികളെ മൂന്നാം സ്ഥാനത്തേക്ക് തള്ളുകയും ചെയ്തു. എന്‍ഡിഎ വോട്ട് ശതമാനം 18.2 ആയി ഉയര്‍ന്നു. അണ്ണാമലൈ തമിഴ്നാട്ടിലെ ബിജെപി അധ്യക്ഷനായി തുടരണം എന്നത് തന്നെയാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം എന്നറിയുന്നു. 2026ലെ നിയമസഭാ തെരഞ്ഞെടുപ്പ് ലാക്കാക്കി ബിജെപിയുടെ തമിഴ്നാട്ടില്‍ വലിയ ശക്തിയാക്കി വളര്‍ത്തുക എന്നത് തന്നെയാണ് ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: