ദുബായ്: ട്വന്റി20 ലോകകപ്പ് പിടവാതില്‍ക്കലെത്തിനില്‍ക്കെ അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗണ്‍സില്‍(ഐസിസി) പ്രഖ്യാപിച്ച റാങ്ക് പട്ടികയില്‍ ഭാരതം ഒന്നാമത്. 264 റേറ്റിങ് പോയിന്റോടെയാണ് ഭാരതം ഒന്നാം റാങ്കിങ്ങിലെത്തിയത്. രണ്ട് തവണ ട്വന്റി20 ലോക കിരീടം നേടിയ വെസ്റ്റിന്‍ഡീസ് നാലാം സ്ഥാനത്താണ്. ഇത്തവണത്തെ ലോകകപ്പിന്റെ സഹ ആതിഥേയരാണ് വെസ്റ്റിന്‍ഡീസ്.
2021 ലോക പോരാട്ടത്തോടെ ആദ്യ ട്വന്റി20 കിരീടത്തില്‍ മുത്തമിട്ട ഓസ്‌ട്രേലിയയാണ് ഭാരതത്തിന് പിന്നില്‍ രണ്ടാം സ്ഥാനക്കാര്‍. 257 ആണ് ടീമിന്റെ റേറ്റിങ് പോയിന്റ്. നിലവിലെ ജേതാക്കളായ ഇംഗ്ലണ്ട് 254 പോയിന്റുമായി മൂന്നാം റാങ്കിലാണുള്ളത്. ഇവരെക്കാല്‍ രണ്ട് പോയിന്റ് പിന്നിലാണ് വെസ്റ്റിന്‍ഡീസ്. 250 പോയിന്റുള്ള ന്യൂസിലന്‍ഡ് ആണ് അഞ്ചാം സ്ഥാനക്കാര്‍. പാകിസ്ഥാനും ദക്ഷിണാഫ്രിക്കയും യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലാണ്. ഇരു ടീമുകള്‍ക്കും 244 വീതം പോയിന്റാണുള്ളത്. നേരീയ മുന്‍തൂക്കം പാകിസ്ഥാനുള്ളതിനാല്‍ ദക്ഷിണാഫ്രിക്കയെ മറികടന്നിരിക്കുകയാണ്.
നാളെയാണ് ലോകകപ്പിന് ഔദ്യോഗിക തുടക്കം. ഭാരത സമയം ഞായറാഴ്ച വെളുപ്പിന് ആറിനാണ് ആദ്യ പോരാട്ടം. ആതിഥേയരായ അമേരിക്ക അയല്‍ക്കാരായ കാനഡയുമായി പോരടിക്കും. ഡല്ലസിലെ ഗ്രാന്‍ഡ് പ്രയിറിയെ സ്റ്റേഡിയത്തിലാണ് മത്സരം. അടുത്ത മാസം 29ന് കരീബിയന്‍ ദ്വീപിലെ ബാര്‍ബഡോസില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തോടെ ട്വന്റി20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പ് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: