വര്‍ക്കല: ഗുരുദേവഭക്തനും ഗുരുദേവപ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്ന അന്തരിച്ച കുന്നംകരി സോമന് തന്റെ പൂജാമുറിയില്‍ നിധി പോലെ സൂക്ഷിച്ചു പൂജിച്ചുപോന്ന ആ കസേര ഒടുവില്‍ ഗുരുദേവസന്നിധിയില്‍. സോമന്റെ മക്കളായ പ്രേംജി, പ്രശാന്ത്, പ്രവീണ്‍ എന്നിവര്‍ ചേര്‍ന്ന് ഗുരുദേവന്റെ കസേര ശിവഗിരിയില്‍ സമര്‍പ്പിച്ചു. മഹാസമാധിയില്‍ പ്രാര്‍ത്ഥനയെത്തുടര്‍ന്ന് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയും ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമിയും ചേര്‍ന്ന് കസേര സ്വീകരിച്ചു.
ശ്രീനാരായണ ഗുരുദേവന് കുട്ടനാട്ടിലൂടെ സഞ്ചരിച്ച വേളയില്‍ ഒരു ഭക്തന് ഗുരുദേവന് ഇരിക്കുന്നതിനായി പണികഴിപ്പിച്ച കസേര പിന്നീട് സോമന് ലഭിച്ചു. ആ കസേരയാണ് ശിവഗിരി മഹാസമാധിയിലെത്തിച്ചത്. കുന്നംകരി എസ്എന്‍ഡിപി ശാഖാ സെക്രട്ടറി, പ്രസിഡന്റ്, ശിവഗിരി മഠം ഗുരുധര്‍മ പ്രചരണസഭ കേന്ദ്രസമിതിയംഗം ഉള്‍പ്പെടെ വിവിധ തുറകളില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സോമന് ഇക്കഴിഞ്ഞ 9 നാണ് അന്തരിച്ചത്. നേരത്തെ ഭാര്യയും മരിച്ചു.
വിദേശത്തായ മക്കള്‍ മടങ്ങും മുമ്പേ കസേര മഹാസമാധിയില്‍ സമര്‍പ്പിക്കുകയായിരുന്നു. വീട്ടില്‍ മുമ്പത്തേതുപോല പൂജാമുറിയില്‍ പൂജകള്‍ നടത്താനാവാതെ വരുന്നതിനാലാണ് കസേര ഗുരുദേവ സന്നിധിയില്‍ സമര്‍പ്പിച്ചതെന്ന് പ്രേംജിയും പ്രശാന്തും പ്രവീണും അറിയിച്ചു. അച്ഛന്റെ പാത പിന്തുടര്ന്ന് തങ്ങളും ഗുരുദേവ പ്രസ്ഥാനങ്ങളുടെ സഹയാത്രികരായിരിക്കുമെന്നും ശിവഗിരിയുടെ കാര്യങ്ങളില്‍ ശ്രദ്ധിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: