കരുനാഗപ്പള്ളി: ജൂണ്‍ ഒന്നു മുതല്‍ അമേരിക്കയിലും വെസ്റ്റിന്‍ഡീസിലുമായി ട്വന്റി -20 ലോക കപ്പ് മത്സരം നടക്കുമ്പോള്‍ ടീമിന്റെ ലെയ്സണ്‍ ഓഫീസറാകാന്‍ നിയോഗം ലഭിച്ചത് മലയാളിക്ക്.
കരുനാഗപ്പള്ളി സ്വദേശി സിബി ഗോപാലകൃഷ്ണനാണ് ഭാരത ടീമിന്റെ ലെയ്സണ്‍ ഓഫീസര്‍. ഇനി താമസ സ്ഥലത്തും കളിസ്ഥലത്തുമെല്ലാം ടീമിനൊപ്പം സിബി ഉണ്ടാകും. ഐസിസിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ സെലക്ഷനിലൂടെയാണ് സിബിയെ തെരഞ്ഞെടുത്തത്. ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള ടീമുകളുടെ ലെയ്സന്‍ ഓഫീസറായി പ്രവര്‍ത്തിച്ചിട്ടുള്ള അനുഭവസമ്പത്ത് സിബിയുടെ നേട്ടത്തിന് സഹായകമായി.
ഞായറാഴ്ച ഭാരത ടീം ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ വരവേല്‍ക്കാന്‍ സിബിയും ഉണ്ടായിരുന്നു. ഇതോടെ സഞ്ജു സാംസണെ കൂടാതെ മറ്റൊരു മലയാളി കൂടി ലോകകപ്പില്‍ ഭാരത ടീമിന്റെ ഭാഗമാകുകയാണ്. കരുനാഗപ്പള്ളി പട വടക്ക് പുളിഞ്ചിമൂട്ടില്‍ കിഴക്കതില്‍ ഗോപാലകൃഷ്ണന്റെയും ദാക്ഷായണിയുടെയും നാലു മക്കളില്‍ മൂന്നാമനാണ് സിബി. 20 വര്‍ഷമായി കുടുബത്തോടൊപ്പം വെസ്റ്റിന്‍ഡീസിലാണ് താമസം. കരീബിയയില്‍ ഇന്റര്‍നാഷണല്‍ അമേരിക്കന്‍ യൂണിവേഴ്സിറ്റിയില്‍ പിആര്‍ഒ ആയി ജോലി നോക്കുകയാണ്.
സെന്റ്ലൂസിയ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷന്റെ ട്രഷറര്‍ കൂടിയാണ് സിബി. സെന്റ് ലൂസിയയില്‍ അയല്‍ക്കാരനായ ഡാരന്സമിയുടെയും ക്രിസ് ഗെയില്‍ അടക്കമുള്ളവരുടെയും സൗഹൃദവും അവതാര്‍ സിറ്റി ബ്ലാസ്റ്റേഴ്സ് എന്ന ഒരു ടീം ഉണ്ടാക്കി അതിന്റെ ഭാഗമായതും ഭാരത ടീമിന്റെ ഭാഗമാകാന്‍ സിബിയെ സഹായിച്ചു. സഞ്ജു സാംസണ് ഉള്‍പ്പെടുന്ന ലോകകപ്പ് ടീമിന്റെ ഒപ്പം ചേരാന്‍ കഴിഞ്ഞത് അഭിമാനം നല്‍കുന്നതാണെന്ന് സിബി പറഞ്ഞു. ഭാര്യ: ഡോ. രജനി.
മകന്: ഒമര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: