ന്യൂദൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ അക്രമിച്ചെന്ന കേസില്‍ അറസ്റ്റിലായ ദല്‍ഹി മുഖ്യമന്ത്രിയുടെ സഹായി ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയിൽ പൊട്ടിക്കരഞ്ഞ് സ്വാതി മാലിവാൾ. സ്വാതി പരിക്കുകൾ സ്വയം ഉണ്ടാക്കിയതായിരിക്കാമെന്ന് പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ഇതിനുപിന്നാലെയാണ് അവർ പൊട്ടിക്കരഞ്ഞത്.
ദൽഹി തീസ് ഹസാരി കോടതിയിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടി തന്നെ വിളിച്ചുവെന്ന് സ്വാതി മാലിവാൾ പറഞ്ഞിട്ടില്ല. അവര്‍ ചെയ്തത് കടന്നുകയറ്റമാണ്. ഇത്തരത്തിൽ എല്ലാവർക്കും ആരുടേയെങ്കിലും വീടുകളിലേക്ക് കയറിച്ചെല്ലാൻ സാധിക്കുമോ? ഇത് മുഖ്യമന്ത്രിയുടെ വീടാണ്. ഒരു എം.പിക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് കൊടുക്കാൻ സാധിക്കുമോ? അവര്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് വന്നത് ചില കാര്യങ്ങൾ നേരത്തെ തന്നെ ചിന്തിച്ചുറപ്പിച്ചിട്ടായിരുന്നു- പ്രതിഭാഗം വക്കീൽ കോടതിയിൽ വാദിച്ചു.
മേയ് 13-നാണ് സംഭവം നടന്നുവെന്ന് ആരോപിക്കുന്നത്. എന്നാൽ പുറത്തുപറയുന്നത് മേയ് 16-നും. അവരുടെ ശരീരത്തിൽ ഉണ്ടായ മുറിവ് എത്തരത്തിലുള്ളതാണെന്ന് അറിയില്ല. അതിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടോ അതോ അടുത്ത് തന്നെ ഉണ്ടായതാണോ എന്ന സംശയവും പ്രതിഭാഗം വക്കീൽ മുന്നോട്ട് വെച്ചു. ഇതോടെ സ്വാതി കോടതിക്കുള്ളിൽ പൊട്ടിക്കരയുകയായിരുന്നു.
മുന്‍ വനിതാ കമ്മിഷന് അധ്യക്ഷ ആയ സ്വാതി മാലിവാൾ തന്റെ അവകാശം ലംഘിക്കപ്പെട്ടുവെങ്കിൽ എന്തുകൊണ്ടാണ് ആ സമയത്ത് തന്നെ പരാതി നൽകിയില്ലെന്നും സുരക്ഷാ നമ്പറുകളായ 100 അല്ലെങ്കിൽ 112 -ൽ എന്തുകൊണ്ടാണ് വിളിച്ച് പരാതിപ്പെട്ടില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. നിലവിൽ ബിഭവ് കുമാറിനെ പേഴ്സണൽ സെക്രട്ടറി സ്ഥാനത്തു നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോൾ അദ്ദേഹത്തിന് മുഖ്യമന്ത്രിയുടെ വസതിയിൽ യാതൊരു അധികാരവുമില്ലെന്നും അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
വിസ്താരം നടന്നുകൊണ്ടിരിക്കെ കോടതി മുറിക്കുള്ളിൽ ഒരു വനിതാ കോൺസ്റ്റബിൾ ബോധംകെട്ടു വീണു. തുടർന്ന് വിസ്താരം അൽപ്പനേരം നിർത്തിവയ്ക്കേണ്ടിവന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: