ബെംഗളൂരു: ബെംഗളൂരുവിലെ നിശാ പാര്‍ട്ടിയില്‍ നടി ഹേമ പങ്കെടുത്തിരുന്നെന്നു സ്ഥിരീകരിച്ച് സിറ്റി പോലീസ്. പാര്‍ട്ടിയില്‍ പോലീസ് റെയ്ഡ് നടന്നതിനു പിന്നാലെ ഹേമയുടെ പേര് പുറത്തുവന്നെങ്കിലും ഇതു നിഷേധിച്ചു നടി രംഗത്തുവന്നിരുന്നു. പിന്നീട് റെയ്ഡ് ചെയ്ത റേവ് പാര്‍ട്ടിയില്‍ നടി ഹേമ ഉണ്ടായിരുന്നെന്ന് ബെംഗളൂരു പോലീസ് കമ്മിഷണര്‍ ബി. ദായനന്ദ സ്ഥിരീകരിക്കുകയായിരുന്നു. താന്‍ ഹൈദരാബാദിലെ ഫാം ഹൗസിലാണെന്ന് അവകാശപ്പെട്ട് ഹേമ വിഡിയോ സന്ദേശം പുറത്തുവിട്ടിരുന്നു.
ഇതിനെക്കുറിച്ച് അന്വേഷിക്കുമെന്ന് ദയാനന്ദ പറഞ്ഞു. തിങ്കളാഴ്ചയാണ് ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ വന്‍തോതില്‍ ലഹരിമരുന്നുകള്‍ പിടിച്ചെടുത്തത്. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും കൊക്കെയ്നും ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പിടിച്ചെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്ന തെലുഗു നടിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയിലാണെന്നും സൂചനയുണ്ട്.
ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളില്‍നിന്നായി നൂറിലേറെ പേരാണ് പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നത്. നടിമാരും മോഡലുകളും ടെലിവിഷന്‍ താരങ്ങളും ഉള്‍പ്പെടെയുള്ളവരും ഡി.ജെ.കളും ടെക്കികളുമാണ് പാര്‍ട്ടിയിലുണ്ടായിരുന്നത്. ബ്ലഡി മസ്കാര, റാബ്സ്, കയ്വി തുടങ്ങിയ ഡി.ജെ.കളാണ് പാര്‍ട്ടിയിലെ സംഗീതപരിപാടി നയിച്ചിരുന്നത്. റിയല്‍ എസ്റ്റേറ്റ് ഗ്രൂപ്പായ കോണ്‍കോഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് റേവ് പാര്‍ട്ടി നടന്ന ജി.ആര്. ഫാംഹൗസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: