ഹൈദരാബാദ് (തെലങ്കാന): രാമനവമി ആഘോഷങ്ങള്‍ക്കിടെ ഹൈദരാബാദ് നഗരത്തിലെ മസ്ജിദിനെതിരെ അമ്പെയ്യുന്ന ആഗ്യം കാട്ടിയെന്ന് ആരോപിച്ച് ബിജെപി സ്ഥാനാര്‍ത്ഥിയും നര്‍ത്തകിയുമായ കൊമ്പെല്ല മാധവി ലതയ്ക്കെതിരെ പരാതി. എന്നാല്‍ ആ പരാതി പരിഹാസ്യമാണെന്ന് മാധവി ലത മറുപടി നല്കി.
വിശുദ്ധ റമദാനില്‍ സ്വന്തം കൈ കൊണ്ട് പാവങ്ങള്‍ക്ക് അന്നം വിതരണം ചെയ്യുന്നവളാണ് ഞാന്‍. ഹസ്രത് അലി ജുലൂസില്‍ പങ്കെടുക്കുന്നവളാണ് ഞാന്‍. എനിക്കെതിരെ മുസ്ലീം സഹോദരങ്ങളില്‍ വികാരമുണ്ടാക്കാനാണ് ഒവൈസിയുടെയും കൂട്ടരുടെയും ശ്രമം. രാമനവമിയുടെ ആഘോഷത്തിനിടെ ശ്രീരാമന്റെ ഭാവത്തില്‍ ആ ആംഗ്യം കാട്ടുന്ന വീഡിയോ പള്ളിക്കെതിരെയാണെന്ന തരത്തില്‍ വ്യാഖ്യാനിച്ചാണ് ഈ പ്രചാരണം. ഇത് ആസൂത്രിതമാണ്, മാധവി ലത എക്സില്‍ പറഞ്ഞു.
ഹൈദരാബാദിലെ ഫസ്റ്റ് ലാന്‍സറില്‍ താമസിക്കുന്ന ഷെയ്ക്ക് ഇമ്രാന് എന്നയാളാണ് മാധവി ലതയ്ക്കെതിരെ ബീഗം ബസാര്‍ പോലീസ് സ്റ്റേഷനിലും തെരഞ്ഞെടുപ്പ് കമ്മിഷനിലും പരാതി നല്‍കിയത്. ഇല്ലാത്ത അമ്പ്, ഇല്ലാത്ത വില്ല്, ഇല്ലാത്ത തേര്… ഞാന്‍ മുസ്ലീങ്ങളെ പ്രകോപിപ്പിച്ചു എന്നാണ് പരാതി.
ആ വിഷ്വലുകളിലേക്ക് പള്ളിയെ കൊണ്ടുവന്നത് ആസൂത്രിതമായാണ്. വീഡിയോ അപൂര്‍ണമാണ്. എങ്കില്‍ പോലും അതുമൂലമുണ്ടായ വേദനയില്‍ ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നു, അവര്‍ പറഞ്ഞു. ഒരുകാര്യം ഉറപ്പാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളിലൂടെ ഒവൈസി സമാധാനമല്ല ആഗ്രഹിക്കുന്നത്. ഇത് സമാധാനത്തിന്റെ അമ്പാണെന്ന് ഒവൈസിയെ ഞാന്‍ ഓര്‍മ്മിപ്പിക്കുകയാണ്, മാധവി ലത ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: