1996 ലെ തെരഞ്ഞെടുപ്പ് പലതരത്തില്‍ ചരിത്രപരമാണ്. ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാതെ, തൂക്ക് പാര്‍ലമെന്റ് വന്നു. രാഷ്ട്രപതി ആരെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് തര്‍ക്കം വന്നു. നിയമ പ്രശ്നങ്ങള്‍ ചര്‍ച്ചയായി. വിശ്വാസ വോട്ടെടുപ്പ് വേണ്ടിവന്നു. ഒരു സര്‍ക്കാര്‍ രൂപീകരിക്കാന്‍ നടന്ന തെരഞ്ഞെടുപ്പ് ഫലത്തില്‍ മൂന്ന് പ്രധാനമന്ത്രിമാര്‍ ഉണ്ടായി. അതേസമയം രണ്ടുവര്‍ഷത്തിനുള്ളില്‍ ഇടക്കാല തെരഞ്ഞെടുപ്പും വന്നു. ഭാരതത്തില്‍ ദേശീയ രാഷ്ട്രീയത്തില്‍ മുന്നണി രാഷ്ട്രീയം കരുത്തുനേടിയ കാലമായിരുന്നു അത്.
1996 ലെ ജനവിധിയില്‍ ബിജെപിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി, 161 എംപിമാര്‍. പക്ഷേ, സര്‍ക്കാര്‍ രൂപീകരണത്തിന് ഭൂരിപക്ഷമില്ല. രാഷ്ട്രപതിക്ക്, ഭൂരിപക്ഷമില്ലാത്ത, ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാത്തതെന്ന് ഉറപ്പുള്ള ഒരു കക്ഷിയെ, മുന്നണിയെ, സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിക്കാമോ എന്നതായിരുന്നു ഒരു വിഷയം. ബിജെപിയെ അധികാരത്തില്‍നിന്ന് അകറ്റിനിര്‍ത്താന്‍ സകല അടവുകളും പയറ്റുന്ന എതിര്‍കക്ഷികള്‍ 161എംപിമാരുടെ പാര്‍ട്ടിക്ക് അവസരം കൊടുക്കരുതെന്ന് വാദിച്ചു. ആ തെരഞ്ഞെടുപ്പ് ഫലത്തോടുകൂടിയാണ്, അതുവരെ ഭാരതത്തില്‍ ചര്‍ച്ചയാകാതിരുന്ന, ഒരുപക്ഷേ ഭരണഘടനയും മറ്റും രൂപപ്പെടുത്തിയവര്‍ ആലോചിക്കുകപോലും ചെയ്തിട്ടില്ലാത്ത, ഗൗരവതര പ്രശ്നങ്ങള്‍ ഉയര്‍ന്നുവന്നത്. അതില്‍ പ്രധാനപ്പെട്ട രണ്ട് വിഷയങ്ങളില്‍ ഒന്ന് ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത തരത്തില്‍ തെരഞ്ഞെടുപ്പ് ഫലം വന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കാമോ; അതോ മുന്നണിയെ വിളിക്കണോ; ആ മുന്നണി തെരഞ്ഞെടുപ്പിന് മുമ്പ് രൂപംകൊണ്ടതായിരിക്കണമോ, തെരഞ്ഞെടുപ്പു ഫലം വന്നുകഴിഞ്ഞുള്ള മുന്നണിയെ പരിഗണിക്കാമോ എന്നിങ്ങനെയായിരുന്നു. ആ പുതിയ ‘നിയമ- ഭരണഘടനാ പ്രശ്നങ്ങള്‍’ സാധാരണ ജനങ്ങളും ചര്‍ച്ച ചെയ്തു.
പതിമൂന്നാം ദിവസം വാജ്പേയിയുടെ രാജി
രാഷ്ട്രപതി ഡോ. ശങ്കര്‍ദയാല്‍ ശര്‍മ്മ ബിജെപിയെ സര്‍ക്കാര്‍ രൂപീകരണത്തിന് ക്ഷണിച്ചു. 14 ദിവസംകൊണ്ട് പാര്‍ലമെന്റില്‍ ഭൂരിപക്ഷം തെളിയിക്കണം, വിശ്വാസ വോട്ട് നേടണം എന്ന് വ്യവസ്ഥയും ചെയ്തു. ഭൂരിപക്ഷം തെളിയിക്കേണ്ടത് പാര്‍ലമെന്റിലും നിയമസഭകളിലുമാണെന്ന കര്‍ക്കശമായ നിയമം പിന്തുടരുകയായിരുന്നു രാഷ്ട്രപതി ഡോ. ശര്‍മ്മ. എന്നാല്‍ ആ തീരമാനത്തിന്റെ പേരില്‍, രാഷ്ട്രപതിക്കെതിരെ പ്രതിപക്ഷം സിപിഎം നേതാവ് ഹര്‍കിഷന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതിഭവനിലേക്ക് പ്രകടനം നടത്തി. കാലാവധി കഴിഞ്ഞ് വിരമിക്കുന്ന വേളയില്‍, ഔദ്യോഗിക ജീവിതത്തിലെ ദുഃഖകരമായ സംഭവങ്ങളിലൊന്നായി ശങ്കര്‍ദയാല്‍ ശര്‍മ്മ ഈ സംഭവം ഒരു മാധ്യമത്തോട് പറയുകയും ചെയ്തു. രാഷ്ട്രപതി ഭവന്, രാജ്ഭവന്, കോടതികള്‍ തുടങ്ങിയ സുപ്രധാന സംവിധാനങ്ങളെ, കിട്ടുന്ന അവസരത്തിലെല്ലാം അപകീര്‍ത്തിപ്പെടുത്താന്‍ അല്ലെങ്കില്‍ സംശയനിഴലിലാക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുള്ള പ്രത്യേക താല്‍പ്പര്യം ആ വിഷയത്തിലും സംഭവിക്കുകയായിരുന്നു.
പതിനാലു ദിവസം കിട്ടിയെങ്കിലും 13-ാം ദിവസം പ്രധാനമന്ത്രി വാജ്പേയി വിശ്വാസവോട്ടു നേടില്ലെന്നുറപ്പായപ്പോള്‍ രാജി സമര്‍പ്പിച്ചു. രാജി സമര്‍പ്പണം എതിര്‍കക്ഷികള്‍ തീരെ പ്രതീക്ഷിക്കാത്തതായി. ഏറെ ആസൂത്രിതമായിരുന്നു 161 എംപിമാരുള്ളപ്പോള്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിക്കാനുള്ള ബിജെപി തീരുമാനംപോലും. 1996 മെയ് 15 ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത വാജ്പേയി, മെയ് 28 ന് പാര്‍ലമെന്റില്‍ വിശ്വാസവോട്ടെടുപ്പ് ചര്‍ച്ചക്ക് മറുപടി പറയുമ്പോള്‍ രാജി പ്രഖ്യാപിച്ചു. ബിജെപിയും ശിവസേനയും അകാലിദളും ചേര്‍ന്ന, തെരഞ്ഞെടുപ്പിന് മുമ്പുള്ള സഖ്യമായിരുന്നു 181 എംപിമാരുടെ പിന്തുണയോടെ ആദ്യ വാജ്പേയി സര്‍ക്കാര്‍ രൂപീ
കരിച്ചത്.
46 എംപിമാരുടെ പിന്തുണയുള്ള പാര്‍ട്ടിയുടെ സര്‍ക്കാര്‍
അതിനിടെ, ജനതാദള്‍ പ്രഭാവ കാലത്ത് ഉണ്ടായിരുന്ന നാഷണല്‍ ഫ്രണ്ട് (എന്‍എഫ്) എന്ന മുന്നണി പുതുക്കിപ്പണിത് യുണൈറ്റഡ് ഫ്രണ്ട് (യുഎഫ്) എന്നൊരു സംവിധാനം പ്രതിപക്ഷം രൂപപ്പെടുത്തി. ‘ബിജെപിയെ അധികാരത്തില്‍നിന്നകറ്റി നിര്‍ത്തുക’ എന്ന ഒറ്റ അജണ്ടയായിരുന്നു യുഎഫിന്. സിപിഎം ആയിരുന്നു മുന്‍നിരയില്‍. കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും തമ്മില്‍ ഉണ്ടായിരുന്ന ‘അന്തര്‍ധാര’ അവിടെയും പ്രകടമായി. സിപിഎം നേതാവ് ജ്യോതിബസുവിനെ പ്രധാനമന്ത്രിയായി പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയാറായി. ബസുവും തയാറായിരുന്നു. പക്ഷേ, ഹര്‍കിഷന്‍ സിങ് സുര്‍ജിത് തടഞ്ഞു. പാര്‍ട്ടി നയം വ്യാഖ്യാനിച്ച് വിലക്കി. പിന്നീട്, ആ അവസരം കളഞ്ഞു കുളിച്ചതിനെ ജ്യോതിബസു ‘ഹിസ്റ്റോറിക്കല്‍ ബ്ലണ്ടര്‍’ (ചരിത്രപരമായ വിഡ്ഢിത്തം) എന്ന് വിശേഷിപ്പിച്ചു. ഒടുവില്‍, 161 അംഗങ്ങളുള്ള ബിജെപിക്കോ, 181 അംഗങ്ങള്‍ ഉള്ള ബിജെപി സഖ്യത്തിനോ 140പേരുടെ പിന്തുണയുള്ള കോണ്‍ഗ്രസിനോ സര്‍ക്കാര്‍ രൂപീകരിക്കാനായില്ല, പകരം 46 എംപിമാര്‍ മാത്രമുള്ള ജനതാദളിന്, ഐക്യമുന്നണി (യുഎഫ്)യുടെ പിന്‍ബലത്തില്‍, കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്താങ്ങലില് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവസരം കിട്ടി. അപ്പോഴും ആ മുന്നണിയിലുള്ള ഒരു എംപിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ യുഎഫിനായില്ല. ‘നറുക്കു’വീണത് കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന എച്ച്.ഡി. ദേവഗൗഡയ്ക്ക്. ഗൗഡ 1996 ജൂണ്‍ ഒന്നിന് പ്രധാനമന്ത്രിയായി; ഭാരതത്തിന്റെ പതിനൊന്നാമത് പ്രധാനമന്ത്രി.
കോണ്‍ഗ്രസില്‍ നേതൃമാറ്റം സംഭവിച്ചു. പി.വി. നരസിംഹറാവു മാറി, കോണ്‍ഗ്രസ് ഖജാന്‍ജിയായിരുന്ന സീതാറാം കേസരി പാര്‍ട്ടി അധ്യക്ഷനായി. കേസരിക്ക് രാഷ്ട്രീയ കണക്കുകൂട്ടലുകളില്‍ കൃത്യതയില്ലായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റായാല്‍ അടുത്തത് പ്രധാനമന്ത്രിപദമെന്ന ‘ലസാഗു’വില്‍ ദേവഗൗഡയ്ക്കുള്ള പിന്തുണ, 1997 ഏപ്രില്‍ മാസത്തില്‍ കേസരി പിന്‍വലിച്ചു. 11-ാം മാസം അധികാരത്തിലിരുന്ന ഗൗഡ വീണു. യുഎഫ് മുന്നണി പ്രതിസന്ധിയിലായി. ഇനിയെന്ത്? തെരഞ്ഞെടുപ്പോ? മറ്റൊരു യുഎഫ് സര്‍ക്കാരോ? അങ്ങനെയാണെങ്കില്‍ അവസരം കിട്ടാന്‍ കൊതിക്കുന്ന, പ്രധാനമന്ത്രിപദം മോഹിക്കുന്നവര്‍ മുന്നണിയില്‍ ഏറെയായിരുന്നു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: