പരസ് ചാച്ചയ്ക്ക് ഹാജിപൂരിലേക്ക് സ്വാഗതം. വെല്ലുവിളികളെ പണ്ടും ഞങ്ങള്‍ ഭയന്നിട്ടില്ല. എതിരെ ആര് വന്നാലും, ചാച്ച തന്നെ വന്നാലും ഹാജിപൂരില്‍ പിന്നോട്ടില്ല, രാംവിലാസ് പാസ്വാന്റെ മകന്, ലോക്ജനശക്തിപാര്‍ട്ടി നേതാവ് ചിരാഗ് പാസ്വാന് പറയുന്നു. നാനൂറിലേറെ സീറ്റുകള്‍ ലക്ഷ്യമിട്ട് മുന്നേറുന്ന നരേന്ദ്ര മോദിയുടെ യാഗാശ്വങ്ങളിലൊന്നാണ് ഞാന്‍.
പിടിച്ചുകെട്ടുക അസാധ്യമാകും. പശുപതി പരസിന്റെ വെല്ലുവിളി സ്വീകരിച്ചുതന്നെ ഹാജിപൂരില്‍ വിജയിക്കും, ചിരാഗ് പറഞ്ഞു. ബിഹാറിലെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയപ്പോള്‍ ഇടംകിട്ടാത്തതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രിസഭയില്‍ നിന്ന് രാജിവച്ച അമ്മാവന് പശുപതി പരസ് ഹാജിപൂരില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനോടാണ് ചിരാഗിന്റെ മറുപടി.
ഇതോടെ ഹാജിപൂര്‍ രാജ്യം ശ്രദ്ധിക്കുന്ന മണ്ഡലമാവുകയാണ്. രാംവിലാസ് പാസ്വാന്റെ കര്‍മ്മഭൂമിയാണ് ഹാജിപൂരെന്നും അവിടെ മത്സരിക്കുന്നത് തന്റെ അവകാശമാണെന്നും ചിരാഗ് പറഞ്ഞു. എന്‍ഡിഎയില്‍ നിന്ന് മാറിയ പശുപതി പരസ് ഇതുവരെ മറ്റേതെങ്കിലും മുന്നണിയില്‍ ചേരുന്നതിനെപ്പറ്റി വ്യക്തമാക്കിയിട്ടില്ലെങ്കിലും ഹാജിപൂരില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.
വെല്ലുവിളികള്‍ ലോക്ജനശക്തിപാര്ട്ടിക്ക് പുത്തരിയല്ലെന്ന് ചിരാഗ് പാസ്വാന് പറഞ്ഞു. ചാച്ചായുടെ വെല്ലുവിളി സ്വീകരിക്കുന്നു. വലിയൊരു പോരാട്ടമാണെന്ന് അറിയാം. പക്ഷേ ഞങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ അണികളാണ്. അതിനപ്പുറം ആത്മവിശ്വാസം മറ്റെന്താണ് വേണ്ടത്. ഹാജിപൂര്‍ സീറ്റില്‍ നിന്ന് ഞാന്‍ തന്നെ തെരഞ്ഞെടുപ്പില്‍ മത്സരിക്കും.
അച്ഛന് പോയതിനുശേഷം എന്നെ ഇല്ലാതാക്കാന്‍ പലരും ശ്രമിച്ചു. ഞാന്‍ തലകുനിച്ചിട്ടില്ല. ഇപ്പോള്‍ ഞാന്‍ എല്ലാ വെല്ലുവിളികള്‍ക്കും തയാറാണ്. പൊതുജനം എന്റെ കൂടെയുണ്ട്. അവസാനശ്വാസം വരെ പ്രധാനമന്ത്രി മോദിക്കൊപ്പം രാഷ്ട്രീയത്തില്‍ തുടരുമെന്ന് എപ്പോഴും പറഞ്ഞിരുന്ന ആളാണ് ചാച്ചാജി. അദ്ദേഹം മോദിയുടെ ലക്ഷ്യമായ 400 സീറ്റിന് തടസമാകുമെന്ന് കരുതുന്നില്ല. തീരുമാനം അവരാണ് എടുക്കേണ്ടത്. വേര്‍പിരിയാനുള്ള തീരുമാനവും പശുപതി പരാസിന്റേതാണ്, ചിരാഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: