ന്യൂദല്‍ഹി: പൂനെ ഐഎസ് ഭീകര കേസുമായി ബന്ധപ്പെട്ട് പ്രതികളുടെ സ്വത്തുക്കള്‍ എന്‍ഐഎ കണ്ടുകെട്ടി. ഭീകര വിരുദ്ധ നിയമ പ്രകാരമാണ് എന്‍ഐഎയുടെ ഈ നടപടി. ഭീകരാക്രമണത്തിനും ഐഇഡി സ്ഫോടക വസ്തുക്കള്‍ ഉപയോഗിക്കുന്നതിനുള്ള പരിശീലനം നല്‍കിയിരുന്ന 11 പേരുടെ സ്വത്തുക്കളാണ് എന്‍ഐഎ പിടിച്ചെടുത്തത്.
ഭീകരവാദത്തിനെതിരെയുള്ള നടപടി എന്ന നിലയില്‍ പുനെ കോണ്ട്വയിലെ 11 സ്വത്തുക്കളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ നാല് സ്ഥലത്ത് ഐഇഡി നിര്‍മിക്കാനും സ്ഫോടനം നടത്തുന്നതിനുള്ള പരിശീലനത്തിനായും ഉപയോഗപ്പെടുത്തിയിരുന്നതാണ്. സെക്ഷന്‍ 25 നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ നടപടി പ്രകാരം ഗൂഢാലോചന, ഭീകരവാദം പ്രചരിപ്പിക്കല്‍, ഭീകരാക്രമണത്തിന് ആസൂത്രണം എന്നിവ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.
പൂനെ ഐഇഡി കേസില്‍ ഉള്‍പ്പെട്ട മുഹമ്മദ്, ഇമ്രാന് ഖാന്, മുഹമ്മദ് യൂനുസ് സാകി, മുഹമ്മദ് ഷാനവാസ് ആലം, റിസ്വാന് അലി, കാദിര് ദസ്താഗിര് പത്താന്, സിമബ് കാസി, സുല്‍ഫിക്കര്‍ അലി ബറോദവാല, അബ്ദുള്ള ഫൈയാസ് ഷെയ്ഖ്, തല്‍ഹ ലിയാഖത് ഖാന്, ഷാമില്‍ നചന്‍, ആകിഫ് നചന്‍ എന്നിവരുടെ സ്വത്തുക്കളാണ് പിടിച്ചെടുത്തിട്ടുള്ളത്. ഇതില്‍ മൂന്ന് പേര് ഒളിവിലാണ്. ഇവര്‍ക്കായി അന്വേഷണവും നടന്നു വരികയാണ്.
ഗുജറാത്ത്, മഹാരാഷ്ട്ര എന്നിങ്ങനെ വിവിധ സ്ഥലങ്ങളില്‍ ഭീകരാക്രമണത്തിനും ഐഇഡി സ്ഫോടനത്തിനും ഇവര്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും കാടുകളില്‍വെച്ച് വെടിവയ്പ്പിനുള്ള പരിശീലനവും നല്‍കിയിരുന്നു. കൊള്ളയും മോഷണം നടത്തി ഭീകര പ്രവര്‍ത്തനത്തിനുള്ള പണം സ്വരൂപിക്കാനും ഇവര്‍ ശ്രമം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: