ന്യൂദല്‍ഹി: മൂവായിരം വിദ്യാര്‍ത്ഥികള്‍ക്ക് ഏഴരക്കോടി രൂപയുടെ വാര്‍ഷിക സ്കോളര്‍ഷിപ് പ്രഖ്യാപിച്ച് ഓള് ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്നിക്കല്‍ എഡ്യുക്കേഷന്‍(എഐസിടിഇ). വനിതാ ദിനത്തിന്റെ ഭാഗമായാണ് പെണ്‍കുട്ടികള്‍ക്കായുള്ള ഈ പ്രഖ്യാപനം.
ബാച്ചിലര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് (ബിബിഎ), ബാച്ചിലര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ബിസിഎ), ബാച്ചിലര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് (ബിഎംഎസ്) കോഴ്സുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളര്‍ഷിപ് ലഭിക്കുക.
ഭാരതത്തില്‍ വൈവിധ്യവും സമചിത്തതയുമുള്ള ടെക്നിക്കല്‍ ആന്‍ഡ് മാനേജ്മെന്റ് എക്കോസിസ്റ്റം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് പുതിയ പ്രഖ്യാപനം. ഇതുപ്രകാരം പ്രതിവര്‍ഷം ഏഴരക്കോടി രൂപയാണ് മുവായിരം വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കുകയെന്ന് എഐസിടിഇ പ്രസ്താവനയിലൂടെ അറിയിച്ചു. വനിതാ ദിനത്തിന്റെ ഭാഗമായി എഐസിടിഇയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചെയര്മാന് പ്രൊഫ. ടി.ജി. സീതാറാമാണ് സ്കോളര്‍ഷിപ് പ്രഖ്യാപനം നടത്തിയത്.
കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി രോഹിണി ഭാജിഭാക്കറെ പരിപാടി ഉദ്ഘാടനം ചെയ്തു. എഐസിടിഇയുടെ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന കുട്ടികളെയാണ് സ്കോളര്‍ഷിപ്പിനായി തെരഞ്ഞെടുക്കുന്നത്. പ്രതിവര്‍ഷം ഒരു കുട്ടിക്ക് 25,000 രൂപയാണ് ലഭിക്കുക. ടെക്നി
ക്കല്‍ മാനേജ്മെന്റ് വിദ്യാഭ്യാസരംഗത്ത് പെണ്‍കുട്ടികളെ ഉയര്‍ത്തിക്കൊണ്ടുവരാനും അവരിലെ ഊര്‍ജം പുറത്തെടുക്കുന്നതിനുമായാണ് ഇത്തരമൊരു പദ്ധതി ആവിഷ്കരിച്ചതെന്ന് ടി.ജി. സീതാറാം പറഞ്ഞു.
എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കായി പ്രഗതി എന്ന സ്കോളര്‍ഷിപ് പദ്ധതി നിലവിലുണ്ട്. ഈ വര്‍ഷം മുതലാണ് ബിബിഎ, ബിസിഎ, ബിഎംഎസ് കോഴ്സുകള്‍ എഐസിടിഇയ്ക്ക് കീഴിലായത്. എഐസിടിഇയുടെ അംഗീകാരമുള്ള കോളജുകളിലെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം ഓരോ അധ്യയന വര്‍ഷത്തിലും വര്‍ധിക്കുകയാണ്. 2021-22ല്‍ അഡ്മിഷനെടുത്ത വിദ്യാര്‍ത്ഥികളില്‍ 36 ശതമാനമായിരുന്നു പെണ്‍കുട്ടികള്‍. 2022-23ല്‍ അത് 39 ശതമാനമായി. 2020-21ലിത് 30 ശതമാനം മാത്രമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: