ലോക വന്യജീവി ദിനമായിരുന്നു ഇന്നലെ, മാര്‍ച്ച് മൂന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി വന്യജീവി സംരക്ഷണത്തിന്റെ പ്രാധാന്യം സന്ദേശത്തില്‍ ഓര്‍മ്മിപ്പിച്ചു. വയനാട്ടിലെ വന്യജീവികളുടെ നാടിറക്കത്തിന്റെ പശ്ചാത്തലത്തില്‍ അതിന് പ്രാധാന്യമുണ്ട്. പക്ഷേ, മനുഷ്യനും സംരക്ഷണമില്ലാത്ത നാളുകളാണ് ഈ നാട്ടില്‍; മൃഗങ്ങളില്‍നിന്നു മാത്രമല്ല, മനുഷ്യരൂപം പൂണ്ടവരില്നിന്നും ജീവാപായമാണല്ലോ. പ്രധാനമന്ത്രിയുടെ സന്ദേശം അങ്ങനെ; പക്ഷേ, ‘ഹിംസ്ര മൃഗങ്ങ’ളായി മാറിയ ഒരു കൂട്ടം വിദ്യാര്‍ത്ഥികളെ സംരക്ഷിക്കുന്നതിന്റെ ആസൂത്രണത്തിലും അതിന്റെ തിരക്കിലുമാണ് കേരളത്തില്‍ ചിലര്‍, സംസ്ഥാന ഭരണകൂടമുള്‍പ്പെടെ. കാരണം, ഹിംസ്ര ജന്തുക്കളെപ്പോലെ ആക്രമിച്ച് ഒരു സഹപാഠിയെ കൊന്നുകളഞ്ഞവരില് മുഖ്യപ്രതികള്‍ സംസ്ഥാനത്തെ ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്എഫ്ഐയുടെ കാമ്പസ്-ജില്ലാ നേതാക്കളാണ്.
സിദ്ധാര്ത്ഥന് കൊല്ലപ്പെട്ടു; അല്ല, ചിലര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. സിദ്ധാര്‍ത്ഥന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്തു കഴിഞ്ഞ് ഏറ്റുവാങ്ങിയത് ആ കുട്ടിയെ കൊലപ്പെടുത്തിയ സഹപാഠികളായിരുന്നു! അതിന് അവരുടെ കൈ വിറച്ചില്ല, മനസ്സ് പതറിയില്ല, കണ്ണു നനഞ്ഞില്ല. ആ ഭൗതിക ശരീരത്തിലെ പരിക്കും പാടും ഒന്നും മൃതദേഹം ഏറ്റുവാങ്ങുന്നത് മറ്റാരെങ്കിലുമാണെങ്കില്‍, അവര്‍ കാണാതിരിക്കാനായിരുന്നു കൊലയാളികള്‍തന്നെ മൃതദേഹം ഏറ്റെടുത്തത്.
അവര്‍ക്ക് മനസു പതറില്ല; കാരണം, നാലുദിവസം സിദ്ധാര്‍ത്ഥനെ കൊല്ലാക്കൊല ചെയ്ത പ്രതികള്‍, വിചാരണ ചെയ്ത്, അടിച്ച്, ഇടിച്ച്, തൊഴിച്ച്, ഇഞ്ചിഞ്ചായാണ് ആ ഇരുപത്തിയൊന്നുകാരനെ ഇല്ലാതാക്കിയത്. തുകല്‍ ബെല്‍റ്റുകള്‍ രണ്ടെണ്ണം പൊട്ടിത്തീരും വരെ തല്ലിയത്, കുടിവെള്ളം ചോദിച്ചിട്ട് കൊടുക്കാഞ്ഞത്, മകനെ കാണാഞ്ഞ് ആശങ്കയില്‍ ഫോണ്‍ വിളിച്ചുകൊണ്ടേയിരുന്ന പെറ്റമ്മയോട് മകനെക്കൊണ്ട് മറുപടിയായി കള്ളം പറയിച്ചത്… അവര്‍ക്കെങ്ങനെ കൈവിറയ്ക്കാന്‍. കുറ്റകൃത്യങ്ങള്‍ പതിവാക്കി, കൈയറപ്പ് മാറിയവരാണല്ലോ അവര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് വിശേഷിപ്പിച്ച, ആ ‘ക്രിമിനലുകളാണ്’ ഇത് ചെയ്തത്.
എസ്എഫ്ഐ യൂണിയന് മാത്രമേ കാമ്പസില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ളു. സിപിഐയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എഐഎസ്എഫിന്റെ ഒരു യൂണിറ്റുണ്ട്. പേരിനു മാത്രം, പ്രവര്‍ത്തിക്കാന്‍ എസ്എഫ്ഐ സമ്മതിക്കില്ല.
അവര്‍ തീരുമാനിക്കും ആര്, എന്ത്, എപ്പോള്‍, എങ്ങനെ ചെയ്യണമെന്ന്. യൂണിവേഴ്സിറ്റി അധികൃതര്‍ നോക്കുകുത്തികള്‍. അദ്ധ്യാപകര്‍ ഈ കുട്ടിക്കൂട്ടത്തിന്റെ സുരക്ഷ നല്‍കും, ചില അദ്ധ്യാപകര്‍ കുട്ടിനേതാക്കളുടെ കൂട്ടത്തില്‍ ചേരും. ഡീന്‍ അവരുടെ വരുതിക്ക് നില്ക്കും, അല്ലെങ്കില്‍ നിര്‍ത്തും. അതിന് വലിയ സഖാക്കള്‍ വേണ്ടത് ചെയ്യും.
ഡീന്‍ ഡോ.എം.കെ. നാരായണനെ മൃഗസംരക്ഷണവകുപ്പ് മന്ത്രി ചിഞ്ചുറാണി സസ്പന്‍ഡ് ചെയ്യാന്‍ നിര്‍ദേശിച്ചു. ഗവര്‍ണര്‍ ആരിഫ് ഖാന് തേങ്ങയുടയ്ക്കുമ്പോള്‍ സംസ്ഥാനത്തെ വകുപ്പുമന്ത്രി ഒരു ചിരട്ടയെങ്കിലും പൊട്ടിക്കണ്ടേ? അത്രയേ ഉള്ളു. പ്രതിസ്ഥാനത്തായ ഡീനിന്റെ വിശദീകരണം: കുട്ടികള്‍ റാഗിങ്ങിനെക്കുറിച്ച് എന്നോട് പറഞ്ഞില്ല, ഞാനറിഞ്ഞില്ല, എന്ന്.
പക്ഷേ, ഹോസ്റ്റലില്‍ നിന്ന് ആഞ്ഞ് കൈകൊട്ടിയാല്‍ ഡീനിന്റെ വീട്ടില്‍ കേള്‍ക്കാം! ആ ഹോസ്റ്റലില്‍ നിന്ന് സിദ്ധാര്ത്ഥന് ഉറക്കെ നിലവിളിച്ചത് ഡീന്‍ കേട്ടില്ല കോളജില്‍, ഹോസ്റ്റലിന് തൊട്ടു മുകളിലെ കുന്നിന്മുകളില്, വാട്ടര്‍ ടാങ്ക് പരിസരത്ത്, ഹോസ്റ്റല്‍ നടുത്തളത്തില്‍ സിദ്ധാര്‍ത്ഥനെ അക്രമികള്‍ മര്ദ്ദിച്ചപ്പോഴെല്ലാം ഈ നിലവിളിയുണ്ടായി. അതിന് സാക്ഷികളായി ഹോസ്റ്റലിലെ 125ല്‍ പരം വിദ്യാര്‍ത്ഥികള്‍ മതി. പക്ഷേ, അവര്‍ മിണ്ടിയില്ല, മിണ്ടില്ല. കാരണം മിണ്ടിയാല്‍ തലവെട്ടിക്കളയുമെന്ന് എസ്എഫ്ഐ നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഹോസ്റ്റലിലെ സാമൂഹ്യ വിരുദ്ധ വിവരങ്ങള്‍ അറിയിച്ചപ്പോഴൊക്കെ ഉണ്ടായ പ്രതികരണങ്ങള്‍ പരാതിക്കാര്‍ക്ക് എതിരാണ്.
ഹോസ്റ്റല്‍ വാര്ഡന്കൂടിയാണ് ഡീന്‍. അസിസ്റ്റന്റ് വാര്‍ഡനുമുണ്ട്. ഇവര്‍ ഹോസറ്റലില് ദിവസവും ഉണ്ടാവണം, സന്ദര്‍ശിക്കണം. പക്ഷേ, അതുണ്ടാകാറില്ല. ഹോസ്റ്റലില്‍ ജീവനക്കാരില്ല എന്നാണ് ഇപ്പോള്‍ പരാതി. പക്ഷേ, ഹോസ്റ്റലിന്റെ പരിതാപകരമായ അവസ്ഥ അറിയാന്‍ ഡീന്‍ അവിടം സന്ദര്‍ശിച്ചിട്ടില്ല. ‘നിങ്ങള്‍ ഹോസ്റ്റലിന്റെ പിന്നിലേക്ക് പോകണ്ട’ എന്ന് സെക്യൂരിറ്റി വിലക്കിയതിന് കാരണം കണ്ടുപിടിക്കാനായി. അവിടവിടെ മദ്യക്കുപ്പികളുടെ കൂമ്പാരമാണ്. എല്ലാം ആ ഹോസ്റ്റലും കാമ്പസാകെയും നിയന്ത്രിക്കുന്നവരുടെ നിക്ഷേപം.
എസ്എഫ്ഐക്കാര്‍ നല്ലവരെന്ന് സാക്ഷ്യം പറഞ്ഞ ‘എംഎസ്എഫ്’കാരനെ ഞങ്ങള്‍ക്കറിയില്ല എന്ന് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന് ഔദ്യോഗികമായി തള്ളിപ്പറഞ്ഞു. ആദ്യം എസ്എഫ്ഐയും സിപിഎം നേതാക്കളും പറഞ്ഞത്, വെറ്ററിനറി കോളജിലെ എസ്എഫ്ഐ ഔദ്യോഗിക എസ്എഫ്ഐ അല്ല, അത് ക്രിമിനലുകളുടെ കൂട്ടമാണ് എന്നാണ്. അങ്ങനെയാണെങ്കില്‍, ഞങ്ങള്‍ കാമ്പസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും ക്രിമിനലുകളാണെന്നുവരും. അവരെ ക്രിമിനലുകള്‍ ആക്കിയതാരാണ്. അതല്ല, എസ്എഫ്ഐക്കാരാണ് ചെയ്തതെങ്കില്‍ ഇത്രമേല്‍ ക്രിമിനലുകളായവരുള്ള ആ സംഘടനയെ സ്വയം മരവിപ്പിക്കണം, ക്ഷോഭമടക്കാനാവാതെ ഒരു വിദ്യാര്‍ത്ഥി പറഞ്ഞു.
കാമ്പസിന്റെ കവാടത്തില്‍ സുരക്ഷാ പരിശോധനയുണ്ട്. കടന്നുപോകുന്ന വാഹനങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തുന്നു, അതില്‍ സഞ്ചരിക്കുന്നവരുടെ വിവരങ്ങളും. ഹോസറ്റലിലുമുണ്ട് ഇപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍. ഈ സുരക്ഷാ സംവിധാനം കടന്നാണ് കഴിഞ്ഞ ദിവസം എസ്എഫ്ഐ-സിപിഎം നേതാക്കള്‍ കാമ്പസില്‍ യോഗംചേര്‍ന്നത്. അവിടെ കേസ് എങ്ങനെ കൊണ്ടുപോകണമെന്ന് തീരുമാനിച്ചത്. സിദ്ധാര്‍ത്ഥനെതിരേ ഒരു വിദ്യാര്‍ത്ഥിനി പരാതി, (അതും എസ്എഫ്ഐക്ക്) നല്‍കിയത്. അതൊക്കെ ഈ കാമ്പസില്‍ നടക്കും. കാരണം, സിപിഎമ്മിനുള്ള ‘കുറ്റാന്വേഷണ സംവിധാനം, പാര്‍ട്ടിക്കോടതി, വിചാരണ സംവിധാനം, ശിക്ഷ നിശ്ചയിക്കല്‍, അതുനടപ്പാക്കല്’ എല്ലാം എസ്എഫ്ഐയ്ക്ക് പൂക്കോട് കാമ്പസിലുണ്ട്. അതു നടപ്പാക്കാന്‍ ആര് തടസം നിന്നാലും അതിനെ ചെറുക്കാന്‍ സിപിഎം നേതാക്കള്‍ വിളിപ്പുറത്തുണ്ട്. അതുകൊണ്ടാണ് കല്‍പ്പറ്റ ഡിവൈഎസ്പി ടി.എന്‍. സജീവനെ മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ സി.കെ. ശശീന്ദ്രന് ശാസിച്ച് വിരട്ടിയത്. അതിന്റെ ഭാഗമായാണ് പ്രതികളെ ഹാജരാക്കിയ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ശശീന്ദ്രന് എത്തി തള്ളിക്കയറിയത്.
ചോദ്യം ഇതാണ്. സിദ്ധാര്‍ത്ഥിന്റെ ജീവനും ജീവിതവും ഇല്ലാതാക്കിയവരുടെ സൈ്വരവിഹാരത്തിന് അറുതിയാകുമോ ഈ സംഭവ വികാസങ്ങള്‍? അതിന് എത്രനാള്‍? ഉത്തരം പ്രതീക്ഷമാത്രമാണ്; നൂറിലേറെപ്പേര്‍ നാലുനാള്‍ അറിഞ്ഞിട്ടും കണ്ടിട്ടും പുറത്തുപറയാതിരുന്ന ഭീകരതയെക്കുറിച്ച് സൂചന നല്കാന്, ഏറെ സാഹസികമായി സ്വന്തം ഫോണ്‍ നമ്പര്‍ സിദ്ധാര്‍ത്ഥിന്റെ ബന്ധുക്കള്‍ക്ക് കൈമാറി, ഈ കാട്ടുമൃഗങ്ങളുടെ ചെയ്തി പുറത്തറിയിച്ച ആ വിദ്യാര്ത്ഥിയെപ്പോലുള്ളവരാണ് പ്രതീക്ഷ.
(നാളെ: ആ ഭീകരരുടെ ചെയ്തി; ഒപ്പം നിന്ന ഡീനും കൂട്ടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: