ഭോപാല്‍: പത്ത് കൊല്ലമായി ബിജെപി രാജ്യം ഭരിക്കുന്നു, പത്ത് പൈസയുടെ അഴിമതി ആരോപണം ഉയരാത്ത പത്ത് വര്‍ഷം. തെരഞ്ഞെടുപ്പിനെ ബിജെപി നേരിടുന്നത് അധികാരത്തിന് വേണ്ടിയല്ല, ജനങ്ങളെ സേവിക്കുന്നതിന് വേണ്ടിയാണ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഖജുരാഹോയില്‍ ബിജെപി പ്രവര്‍ത്തക സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഗ്വാളിയോറിലും ഭോപാലിലും അദ്ദേഹം പ്രവര്‍ത്തകരുമായി സംസാരിച്ചു. ഭോപാലില്‍ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. നൂറ് കോടി വോട്ടര്‍മാര്‍ ഈ വര്‍ഷം ഭാരതത്തിന്റെ ഭാവി തീരുമാനിക്കുമെന്ന് അമിത് ഷാ പറഞ്ഞു. അധികാരം നേടാനുള്ള ഉപാധിയായി ബിജെപി ഒരിക്കലും തെരഞ്ഞെടുപ്പിനെ പരിഗണിച്ചിട്ടില്ല. മറിച്ച്, അത് ജനാധിപത്യത്തിന്റെ ആഘോഷമാണ്. പൊതുജനസമ്പര്‍ക്കത്തിനുള്ള ഉപാധിയാണ്. ബിജെപി പ്രവര്‍ത്തകര്‍ എല്ലാവരിലേക്കും ഈ സന്ദേശവുമായി എത്തും.
സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ജാതീയതയും പ്രീണനവും സ്വജനപക്ഷപാതവും അഴിമതിയും പൊതുജനാഭിപ്രായത്തെ സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആ രീതി എന്നേക്കുമായി അവസാനിപ്പിച്ചു. 10 വര്‍ഷത്തിനിടെ നരേന്ദ്ര മോദിക്കെതിരെ 10 പൈസയുടെ അഴിമതി ആരോപണം ഉണ്ടായിട്ടില്ല. ലോകത്ത് ഒരു രാജ്യത്തിനും ഭാരതത്തെ ദുഷ്ടലാക്കോടെ നോക്കാന്‍ ധൈര്യമില്ല.
കോണ്‍ഗ്രസ് ഭാരതത്തെ നശിപ്പിച്ചു. അവരുടെ പ്രീണനരാഷ്ട്രീയം നമ്മുടെ സാംസ്കാരിക ചരിത്രത്തെ ചിതല് പോലെ തിന്നുകളഞ്ഞു. മോദി അതെല്ലാം വീണ്ടെടുക്കുകയാണ്. നൂറ്റാണ്ടുകള്‍ക്ക് ശേഷം അയോദ്ധ്യയിലേക്ക് ഭഗവാന് രാമന് മടങ്ങിയെത്തി. അയോദ്ധ്യയിലും അബുദാബിയിലും മഹാക്ഷേത്രങ്ങള്‍ ഉയര്‍ന്നു. പാര്‍ലമെന്റ് മന്ദിരത്തില്‍ നീതിയുടെ ചെങ്കോല്‍ സ്ഥാപിച്ചു. ഉജ്ജയിനിയില്‍ മഹാകാലക്ഷേത്രം നവീകരിച്ചു. പാവഗഢില്‍ അഞ്ഞൂറ് വര്‍ഷത്തിന് ശേഷം ഭഗവ പതാക ഉയര്‍ന്നു. കശ്മീര്‍ വീണ്ടും ലോകത്തിന്റെ ആകര്‍ഷണ കേന്ദ്രമായി. ശാരദാപീഠം ഉയര്‍ന്നു. കേദാര്‍നാഥില്‍ ആദിശങ്കരപ്രതിമ സ്ഥാപിച്ചു. യോഗയും വസുധൈവകുടുംബകവും ലോകത്തിന്റെ മന്ത്രമായി. മോദി സര്‍ക്കാര്‍ ലോകത്തിന് മുന്നില്‍ സാംസ്കാരികഭാരതത്തെ വീണ്ടും പ്രതിഷ്ഠിച്ചു, അമിത് ഷാ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: