റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഭാരതത്തിന് ബാറ്റിങ് തകര്‍ച്ച. ആദ്യം ബാറ്റ് ചെയ്ത് 353 റണ്‍സ് നേടി ഓളൗട്ടായ ഇംഗ്ലണ്ടിനെതിരെ ഭാരതം ഏഴിന് 219 എന്ന നിലയിലാണ്. വിക്കറ്റ് കീപ്പര്‍ ധ്രൂവ് ജുറെലിനൊപ്പം കുല്‍ദീപ് യാദവ് ചെറുത്തു നില്ക്കുന്നതിനാല് ഭാരതത്തിന് 200 കടക്കാന്‍ സാധിച്ചു. ഇംഗ്ലണ്ടിന്റെ സ്പിന്‍ ബൗളര്‍മാരാണ് ഭാരതനിരയെ എറിഞ്ഞു തകര്‍ത്തത്.
ഭാരത ടോട്ടല്‍ 177 റണ്‍സിലെത്തിയപ്പോള്‍ ഏഴ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടു. ജുറെലും(58 പന്തില്‍ 30) കുല്‍ദീപും(72 പന്തില്‍ 17) ചേര്‍ന്ന് ഭാരതത്തിനായി എട്ടാം വിക്കറ്റില്‍ പിരിയാതെ 40 റണ്‍സ് കൂട്ടിചേര്‍ത്തിട്ടുണ്ട്. ഭാരത ഇന്നിങ്സില്‍ ഇതുവരെ പിറന്ന മികച്ച രണ്ടാമത്തെ കൂട്ടുകെട്ടാണിത്. രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നേടിയ 82 റണ്‍സാണ് മികച്ച കൂട്ടുകെട്ട്.
ഇംഗ്ലണ്ടിനെതിരെ ബാറ്റിങ് തുടങ്ങിയ ഭാരതത്തിന് തുടക്കത്തിലേ തിരിച്ചടിനേരിട്ടു. നായകന് രോഹിത് ശര്‍മയെ പുറത്താക്കി പരിചയ സമ്പന്നനായ ഇംഗ്ലണ്ട് ബൗളര്‍ ജെയിംസ് ആന്ഡേഴ്സണ് മികവ് തിരിച്ചുപിടിക്കുകയാണെന്ന പ്രതീതി സൃഷ്ടിച്ചു. പക്ഷെ പേസര്‍മാര്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് ജയ്സ്വാള്‍-ഗില്‍ സഖ്യം തെളിയിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സ് സ്പിന്നര്‍മാരെ എറിയാന്‍ ക്ഷണിച്ചു. ആദ്യമൊക്കെ പൊരുതി നിന്നെങ്കിലും ഷോയിബ് ബഷീറും ടോം ഹാര്ട്ട്ലിയും ചേര്‍ന്ന് ഭാരത ബാറ്റര്‍മാരെ കശക്കിയെറിയുന്ന കാഴ്ച്ചയാണ് പിന്നെ കണ്ടത്.
117 പന്തുകള്‍ നേരിട്ട് എട്ട് ബൗണ്ടറികളും ഒരു സിക്സറുമായി യശസ്വി ജയ്സ്വാള്‍ 73 റണ്‍സെടുത്തതാണ് ഭാരത സ്കോര്‍ ബോര്‍ഡിനെ ഒരു പരിധി വരെ ആശ്വാസമായത്. രണ്ടാം വിക്കറ്റില്‍ മികച്ച സ്കോറിലേക്ക് ഇന്നിങ്സിനെ നയിക്കുന്നതിനിടെ ഷോയിബിന്റെ പന്തില്‍ ആദ്യ ഷോക്ക് നേരിട്ടു. ലെഗ് ബിഫോറായി ഗില്‍(38) മടങ്ങി. പിന്നീട് ഭാരത നിരയില്‍ ആരും പിടിച്ചു നിന്നില്ല. രജത്ത് പാട്ടീദാര്‍(17), രവീന്ദ്ര ജഡേജ(12) എന്നിവരെ കൂടി പുറത്താക്കി ഷോയിബ് തന്റെ വീറ് പ്രകടമാക്കി. അധികം താമസിയാതെ കഴിഞ്ഞ മത്സരങ്ങളിലെ ഇരട്ട സെഞ്ചുറി വീരന് ജയ്സ്വാളിനെ ബൗള്‍ഡാക്കി ഷോയിബ് ഭാരതത്തെ ഭയപ്പെടുത്തു. ഈ സമയം ടീം അഞ്ചിന് 161 എന്ന നിലയിലേക്ക് പരുങ്ങി.
കഴിഞ്ഞ മത്സരത്തില്‍ ത്രസിപ്പിക്കുന്ന പ്രകടനം കാഴ്ച്ചവച്ച സര്‍ഫറാസ് ഖാനും കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. ടോം ഹാര്‍ട്ട്ലിക്ക് വിക്കറ്റ് സമ്മാനിച്ച് പവിലിയനിലേക്ക് മടങ്ങി. പിന്നീട് ആര്. അശ്വിന്(ഒന്ന്) ഏഴാമനായി പുറത്തായതോടെ ഭാരതം 200 കടക്കുമോയെന്ന ശങ്ക ഉയര്‍ന്നു. ധ്രുവ് ജുറെലും കുല്‍ദീപും കരുതലോടെ ബാറ്റ് ചെയ്തതിനാല്‍ രണ്ടാം ദിനം കൂടുതല്‍ അപായമൊന്നും സംഭവിച്ചില്ല.
മത്സരം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ ഇംഗ്ലണ്ട് 134 റണ്‍സ് മുന്നിലാണ്. ഇന്നലെ രാവിലെ മൂന്ന് വിക്കറ്റ് കൈയിലിരിക്കെ 302 റണ്‍സുമായി മൈതാന മധ്യത്തിലെത്തിയ ഇംഗ്ലണ്ട് താരങ്ങളുടെ പ്രതീക്ഷയത്രയും തലേന്നത്തെ സെഞ്ചുറിക്കാരന്‍ ജോ റൂട്ടിലായിരുന്നു. താരം പുറത്താകാതെ 122 റണ്‍സെടുത്ത് തന്റെ റോള്‍ ഭദ്രമാക്കി. മറുവശത്ത് കൂടെ നിന്ന ഓലീ റോബിന്‍സണ്‍(58) അര്‍ദ്ധ സെഞ്ചുറി തികച്ചത് മാത്രമാണ് ഏക ആശ്വാസം. പിന്നാലെയെത്തിയ ഷോയിബ് ബഷീറും ജെയിംസ് ആന്‍ഡേഴ്സണും ഒരു റണ്‍ പോലും സംഭാവന ചെയ്യാതെ മടങ്ങി. ഈ മൂന്ന് ഇംഗ്ലീഷ് വിക്കറ്റുകളും ഇന്നലെ സ്വന്തമാക്കിയത് ജഡേജയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: