കോഴിക്കോട്: മൂന്നാം സീറ്റ് അവകാശമാണെന്ന് മുസ്ലിം ലീഗ് ആവര്‍ത്തിച്ച് പറയുന്നതിനിടെ പാര്‍ട്ടിയുടെ സുപ്രധാന യോഗം നാളെ മലപ്പുറത്ത്. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി തങ്ങള്‍ വിദേശ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയതിന്ശേഷം അന്തിമതീരുമാനം അറിയിക്കാമെന്നായിരുന്നു പാര്‍ട്ടി നിലപാട്. നാളെ മലപ്പുറത്ത് സാദിഖലി തങ്ങളുടെ അദ്ധ്യക്ഷതയില്‍ മുതിര്‍ന്ന നേതാക്കളുടെ യോഗം ചേരും. ഉഭയകക്ഷി ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കളായ പി.കെ. കുഞ്ഞാലിക്കുട്ടി, ഡോ. എം.കെ. മുനീര്‍, കെ.പി.എ. മജീദ്, പി.എം.എ.സലാം എന്നിവര്‍ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ യോഗത്തില്‍ അവതരിപ്പിക്കും.
പാലക്കാട്, വടകര, കണ്ണൂര്‍ സീറ്റുകളിലേതെങ്കിലുമൊന്ന് ഇത്തവണ മുസ്ലിം ലീഗിന് ലഭിക്കണമെന്നാണ് പാര്ട്ടിആവശ്യപ്പെട്ടിരിക്കുന്നത്. എല്ലാ സമയത്തും പോലെ ആയിരിക്കില്ല ഇത്തവണ ആവശ്യം ഉന്നയിക്കുന്നതെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിട്ടുണ്ട്. പ്രാഥമിക ചര്‍ച്ചകള്‍ മാത്രമാണ് നടന്നതെന്നും ഇത്തവണ സീറ്റ് നല്കിയേമതിയാവൂ എന്നുള്ളതാണ് മുസ്ലിം ലീഗ് നേതാക്കള്‍ നല്കുന്ന സൂചന. സംസ്ഥാനത്ത് നാല് ലോക്സഭാ സീറ്റുകള്‍ക്ക് പാര്‍ട്ടിക്ക് അവകാശമുണ്ടെന്ന വാദമാണ് ലീഗ് ഉയര്‍ത്തുന്നത്. യുഡിഎഫ് ഘടകക്ഷികളില്‍ തങ്ങള്‍ക്കാണ് സംഘടനാ ശേഷിയും വോട്ട് ബാങ്കും ഉള്ളതെന്നാണ് മുസ്ലിം ലീഗ് ഇതിനായി മുന്നോട്ട് വെക്കുന്ന കാരണങ്ങള്‍. രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് കഴിഞ്ഞ തവണ വയനാടിന് വേണ്ടിയുള്ള അവകാശ വാദം മുസ്ലിം ലീഗ് ഉപേക്ഷിച്ചത്. കഴിഞ്ഞ തവണ പകരം രാജ്യസഭാ സീറ്റ് നല്‍കാമെന്ന ഉറപ്പുണ്ടായെങ്കിലും അത് പാലിക്കപ്പെട്ടില്ലെന്ന പ്രതിഷേധവും ലീഗിനകത്തുണ്ട്.
പാലക്കാട് ജനതാദളില്‍ നിന്ന് കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുത്തത് പോലെ മുന്നണി മര്യാദ പാലിക്കാതെ ഘടകക്ഷികളെ ഒതുക്കാമെന്ന കോണ്‍ഗ്രസിന്റെ സമീപനം തിരുത്തണമെന്നാണ് മുസ്ലിം ലീഗ് ആവശ്യപ്പെടുന്നത്. കോട്ടയം സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ജില്ലാ കമ്മറ്റിയുടെ ആവശ്യം നീതീകരിക്കാനാകില്ലെന്നും അത് കേരള കോണ്‍ഗ്രസ്സിന് വിട്ടു നല്‍കണമെന്നുമാണ് മുസ്ലിം ലീഗിന്റെ നിലപാട്.
കണ്ണൂരിനാണ് മുസ്ലിം ലീഗ് പ്രാഥമിക പരിഗണന നല്‍കുന്നത്. നിലവില്‍ കണ്ണൂര്‍ കോര്പ്പറേഷന് മേയര്‍ സ്ഥാനം മുസ്ലിം ലീഗിനാണ്. തുടര്‍ച്ചയായി കോണ്‍ഗ്രസ് ജയിക്കുന്ന വടകര മണ്ഡലത്തില്‍ മുസ്ലിം ലീഗ് മത്സരിച്ചാല്‍ അത് മുന്നണിക്ക് തിരിച്ചടിയാകുമോയെന്ന സംശയവും ചില ലീഗ് നേതാക്കള്‍ പ്രകടിപ്പിക്കുന്നുണ്ട്. മുസ്ലിം ലീഗിന്റെ അഭിപ്രായങ്ങള്‍ ഗൗരവമേറിയതാണെന്നും സീരിയസല്ലാത്ത കാര്യങ്ങളൊന്നും ലീഗ് പറയാറില്ലെന്നുമുള്ള പി.എം.എ. സലാമിന്റെ പ്രതികരണം കോണ്‍ഗ്രസ്സ് ഗൗരവമായാണ് വീക്ഷിക്കുന്നത്. മുസ്ലിം ലീഗിന്റെ ആവശ്യം സമവായത്തിലൂടെ പരിഹരിക്കുമെന്ന യുഡിഎഫ് കണ്‍വീനര്‍ എം.എ. ഹസ്സന്റെ പ്രതികരണം വ്യക്തമാക്കുന്നത് ഇതാണ്. എഐസിസിയുമായി ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കുമെന്നാണ് കോണ്‍ഗ്രസ്സ് നിലപാട്. അഞ്ചിന് ചേരുന്ന യുഡിഎഫ് ഏകോപനസമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും കോണ്‍ഗ്രസ്സ് നേതാക്കള്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: