ഹൈദരാബാദ്: ഭാരതപര്യടനത്തിനെത്തിയ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നാളെ തുടങ്ങും. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മത്സരമാണിത്. ഇംഗ്ലണ്ടില്‍ പോയി ഭാരതം ടെസ്റ്റ് പരമ്പര സമനിലയിലാക്കിയ ശേഷം ആദ്യമായാണ് ഇരുടീമകുളും ഏറ്റുമുട്ടുന്നത്. 2022ലായിരുന്നു ഇംഗ്ലണ്ടില്‍ നടന്ന ആ പോരാട്ടം.
ആദ്യ രണ്ട് ടെസ്റ്റുകളില്‍ നിന്ന് ഭാരതത്തിന്റെ മുന്‍നിര ബാറ്റര്‍ വിരാട് കോഹ്ലി അവധിയെടുത്തിട്ടുണ്ട്. മൂന്നാം ടെസ്റ്റോടെ താരം ടീമിനൊപ്പം ചേരും. ബാസ്ബോള്‍ ക്രിക്കറ്റെന്ന ടെസ്റ്റിലെ അതിവേഗ സ്കോറിങ് ശൈലിയുമായാണ് ഇംഗ്ലണ്ട് ടീം ഭാരതത്തില്‍ വന്നിറങ്ങിയിരിക്കുന്നത്. ലോക ടെസ്റ്റിനെ മാറ്റിമറിക്കുകയെന്ന ലക്ഷ്യത്തോടെ രണ്ട് വര്‍ഷം മുമ്പാണ് ഇംഗ്ലണ്ട് ബാസ്ബോള്‍ ശൈലിക്ക് തുടക്കമിട്ടത്. ന്യൂസിലന്‍ഡിനെതിരെ നാട്ടില്‍ നടന്ന പരമ്പര ബാസ്ബോല് ശൈലിയിലൂടെ ടീമിന് നേടാന്‍ സാധിച്ചെങ്കിലും കഴിഞ്ഞ വര്‍ഷം നടന്ന ആഷസില്‍ കാര്യം അത്ര എളുപ്പമായിരുന്നില്ല. തോറ്റും തിരിച്ചടിച്ചും ടീം പരമ്പര സമനിലയിലാക്കിയെന്നത് ആശ്വാസകരമാണ്. അതിന് ശേഷം ആദ്യമായാണ് ഭാരതത്തിനെതിരെ ഭാരതത്തില്‍ ടീം കളിക്കെത്തുന്നത്. ഭാരത പിച്ചിലെ ബാസ്ബോള്‍ പരീക്ഷണം എന്ന നിലയ്ക്കാവും ഇംഗ്ലണ്ടിലെ ഇവിടത്തെ അഞ്ച് ടെസ്റ്റുകളും വിലയിരുത്തപ്പെടുക. സമീപകാലത്ത് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റ് പരമ്പര സമനിലയിലാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസം ഭാരതത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: