തിരുവനന്തപുരം: ഭാരതം സ്വാതന്ത്ര്യത്തിന് വിവേകാനന്ദനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ ആര്. സഞ്ജയന്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം കവടിയാര്‍ വിവേകാനന്ദാപാര്ക്കില് സംഘടിപ്പിച്ച വിവേകാനന്ദ ജയന്തി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടീഷ് ഭരണത്തില്‍ അടിമ മനോഭാവത്തില്‍ നിന്ന് ജനതയെ സ്വാതന്ത്ര്യാഭിലാഷത്തിലേക്ക് ഉയര്‍ത്തിയത് വിവേകാനന്ദന്റെ ആഹ്വാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. നാടിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ആദ്യം ചിന്തിച്ചതും ആശയം മുന്നോട്ട് വച്ചതും വിവേകാനന്ദന് ആയിരുന്നു. നമ്മുടെ ധര്‍മ്മത്തെ പുനര്‍ നിര്‍വചിച്ച് ഹിന്ദു സംസ്കാരത്തിന്റെ വീണ്ടെടുപ്പിന് അവസരമൊരുക്കി. സ്വതന്ത്ര്യസമര നായകര്‍ക്കും വിപ്ലവകാരികള്ക്കുമെല്ലാം പ്രചോദനം നല്‍കുക മാത്രമല്ല തന്റെ ശിഷ്യ നിവേദിതയില്‍ കൂടി അവര്‍ക്ക് നേതൃത്വവും നല്കി. ലോകത്തോട് വിശ്വമാനവികത ആഹ്വാനം ചെയ്ത അദ്ദേഹം ലോക സാഹോദര്യം എന്ന വിശാല ആധ്യാത്മിക സംസ്കാരത്തെ ലോകം മുഴുവന്‍ വ്യാപിപ്പിക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ വിചാരകേന്ദ്രം ജില്ലാ പ്രസിഡന്റ് ഡോ.വിജയകുമാരന്‍ നായര്‍ അധ്യക്ഷനായി. വിചാരകേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ ഡോ. സി.വി ജയമണി, സംഘടനാ കാര്യദര്‍ശി വി. മഹേഷ്, ബിജെപി നേതാക്കളായ കെ. രാമന് പിള്ള, പി. അശോക് കുമാര്‍, ചരിത്രകാരന് ഡോ. ടി.പി.ശങ്കരന്‍കുട്ടി നായര്‍, വിചാരകേന്ദ്രം അക്കാദമിക് ഡീന്‍ ഡോ. കെ.എന്‍. മധുസൂദനന്, ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഡോ. ലക്ഷ്മി വിജയന്.വി.ടി, ജില്ലാ സെക്രട്ടറി ആര്. ശശീന്ദ്രന്, സ്ഥാനീയ സമിതി അധ്യക്ഷന്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: