പത്തനംതിട്ട: ഓര്‍ത്തഡോക്‌സ് സഭാ വൈദികന്‍ ഫാ. ഷൈജു കുര്യന്‍ ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ വിമര്‍ശനവുമായി രംഗത്ത് വന്ന ഫാ. മാത്യൂസ് വാഴക്കുന്നം നിലയ്‌ക്കല്‍ ഭദ്രാസനാധിപനെതിരെയും മോശം പരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വിശദീകരണം തേടി ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍. ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ നേരിട്ടെത്തി വിശദീകരണം നല്‍കണമെന്നാണ് ബസേലിയൂസ് മാര്‍ത്തോമ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവ ഇടത് സഹയാത്രികനായ ഫാ. മാത്യൂസ് വാഴക്കുന്നത്തിനോട് ആവശ്യപ്പെട്ടിട്ടുളളത്.
അതേസമയം പരാമര്‍ശത്തില്‍ ഫാദര്‍ മാത്യു വാഴക്കുന്നം ഖേദം പ്രകടിപ്പിച്ചുവെന്നും സഭ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. ഫാ. ഷൈജു കുര്യനെതിരെ മാധ്യമങ്ങളില്‍ ആരോപണം ഉന്നയിച്ചതിന് വിശദീകരണം തേടിയ നിലയ്‌ക്കല്‍ ഭദ്രാസനാധിപനെ രൂക്ഷമായി വിമര്‍ശിച്ച ഫാ. മാത്യൂസ് വാഴക്കുന്നത്തിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. ഭദ്രാസനാധിപന്റെ ചെയ്തികള്‍ പുറത്തുവിടുമെന്ന ഭീഷണിയും മാത്യൂസ് വാഴക്കുന്നം ഉയര്‍ത്തുന്നുണ്ട്.
വൈദികരുടെ വാട്‌സ് അപ് ഗ്രൂപ്പുകളില്‍ അടക്കം ശബ്ദരേഖ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബി ജെ പിയില്‍ ചേര്‍ന്നതിന് പിന്നാലെ ഫാ. ഷൈജു കുര്യനെതിരെ സഭാ അധ്യക്ഷന് നല്‍കിയ പരാതിയും പുറത്തുവന്നു. വ്യാജ വൈദികനെ പള്ളിയില്‍ കൊണ്ട് ഇറക്കിയെന്ന് കുറ്റപ്പെടുത്തുന്ന ഫാ. മാത്യൂസ് വാഴക്കുന്നം റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ നടത്തുന്നുവെന്നും സ്വഭാവദൂഷ്യമുളള ആളാണെന്നും ഫാ. ഷൈജു കുര്യനെതിരെ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു.
അതിനിടെ ഫാ. ഷൈജു കുര്യനെതിരെ നിലയ്‌ക്കല്‍ ഭദ്രാസന കൗണ്‍സില്‍ സ്വീകരിച്ച നടപടിയില്‍ വ്യക്തതയില്ലെന്നാണ് ഒരു വിഭാഗത്തിന്റെ ആക്ഷേപം. ഇതില്‍ പ്രതിഷേധിച്ച് റാന്നിയിലെ അരമനയ്‌ക്ക് മുന്നില്‍ വൈദികരടക്കം പ്രതിഷേധ പ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: