തൃശ്ശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി മുതല്‍ ജില്ലാ കമ്മിറ്റി വരെ പ്രതികളില്‍ നിന്ന് കമ്മീഷന്‍ കൈപ്പറ്റിയെന്ന് ഇ ഡി. ഇതിന്റെ അടിസ്ഥാനത്തില്‍ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസിനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.
മതിയായ രേഖകളില്ലാതെ വന്‍ തുകകള്‍ വായ്പ നല്കിയതിനാണ് കമ്മീഷന്‍. കരുവന്നൂര്‍ ബ്രാഞ്ച്, ലോക്കല്‍ കമ്മിറ്റികള്‍, പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റി, ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി, തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി എന്നീ പേരുകളില്‍ കരുവന്നൂര്‍ ബാങ്കില്‍ അക്കൗണ്ടുകളുണ്ടായിരുന്നു. ഓരോ വ്യാജ വായ്പയ്‌ക്കും ബ്രാഞ്ച് മുതല്‍ ജില്ല വരെ നിശ്ചിത കമ്മീഷന്‍ ഈ അക്കൗണ്ടുകള്‍ വഴി കൈപ്പറ്റി.
സിപിഎമ്മിനു കമ്മീഷന്‍ കൊടുത്താല്‍ വന്‍തുക ഈടില്ലാതെ വായ്പ ലഭിക്കുമെന്നറിഞ്ഞ് ഒട്ടേറെപ്പേര്‍ സമീപിച്ചിരുന്നു. ഇപ്പോള്‍ കേസില്‍ പ്രതികളായ പലരും ഈ അക്കൗണ്ടുകളിലേക്ക് പണം കൈമാറിയിട്ടുണ്ട്. ജില്ലാ സെക്രട്ടേറിയറ്റംഗം സി.കെ. ചന്ദ്രനാണ് വ്യാജ വായ്പകള്‍ നിയന്ത്രിച്ചിരുന്നത്. അഞ്ച് അക്കൗണ്ടുകളെപ്പറ്റിയും ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് ഇന്നലെ സ്ഥിരീകരിച്ചു. ഇന്നലെ രാവിലെ 10നാണ് എം.എം. വര്‍ഗീസ് ഇ ഡി ചോദ്യം ചെയ്യലിന് ഹാജരായത്. മൊഴിയെടുപ്പ് രാത്രി വൈകും വരെ നീണ്ടു.
ബാങ്ക് മുന്‍ സെക്രട്ടറി ടി.ആര്‍. സുനില്‍കുമാറും മുന്‍ മാനേജര്‍ ബിജു കരീമും മാപ്പുസാക്ഷികളാകുന്നതോടെ കമ്മീഷന്‍ ഇടപാടില്‍ സിപിഎം കൂടുതല്‍ പ്രതിരോധത്തിലാകും. സിപിഎം പൊറത്തിശേരി ലോക്കല്‍ സെക്രട്ടറിയും ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗവുമായിരുന്നു സുനില്‍ കുമാര്‍. ബിജു കരീം കരുവന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: