മലപ്പുറം: മുസ്ലിം ലീഗിന് വലിയ ഭൂരിപക്ഷമുണ്ടായിരുന്ന കോട്ടക്കല്‍ നഗരസഭയിലെ ഭരണം വിമതരുടെ സഹായത്തോടെ സിപിഎം അട്ടിമറിച്ചു. സിപിഎം പിന്തുണയോടെ ലീഗ് വിമതരായ മുഹ്സിന പൂവത്തിന്‍മഠത്തില്‍ പുതിയ നഗരസഭാദ്ധ്യക്ഷയായും പി.പി. ഉമ്മര്‍ നഗരസഭാ ഉപാദ്ധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു.
ലീഗിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ ആക്ടിംഗ് ചെയര്‍പേഴ്സണ്‍ ഡോ. കെ. ഹനീഷയെയാണ് പരാജയപ്പെടുത്തിയത്. ആകെ 32 സീറ്റുള്ള കോട്ടക്കല്‍ നഗരസഭയില്‍ മുസ്ലിം ലീഗ് – 21, സിപിഎം – ഒമ്പത്, ബിജെപി രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. ഇതില്‍ രണ്ട് ബിജെപി അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ആറ് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ സിപിഎമ്മിനൊപ്പം ചേര്‍ന്ന് വിമത സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്തു.
കോട്ടക്കല്‍ മുനിസിപ്പല്‍ ലീഗിലെയും നഗരസഭാ ഭരണസമിതിയിലെയും വിഭാഗീയത കാരണം നഗരസഭാദ്ധ്യക്ഷയായിരുന്ന ബുഷ്റ ഷബീറിനോടും ഉപാദ്ധ്യക്ഷന്‍ പി.പി. ഉമ്മറിനോടും കഴിഞ്ഞമാസമാണ് ലീഗ് സംസ്ഥാന നേതൃത്വം രാജിവച്ചൊഴിയാന്‍ ആവശ്യപ്പെട്ടത്. അവര്‍ രാജിവെച്ച ഒഴിവിലേക്കാണ് ഇന്നലെ തെരഞ്ഞെടുപ്പ് നടന്നത്.
നഗരസഭയില്‍ ആകെയുള്ള 32 വാര്‍ഡുകളില്‍ നഗരസഭാ ചെയര്‍പേഴ്സണായിരുന്ന ബുഷറ ഷബീര്‍ രാജിവെച്ച ഒഴിവും, മറ്റൊരു കൗണ്‍സിലര്‍ അയോഗ്യയായ ഒരു ഒഴിവും ഉണ്ടായിരുന്നു. രണ്ട് ബിജെപി അംഗങ്ങളും വിട്ടുനിന്നു. ഇതോടെ 28 അംഗങ്ങളാണ് വോട്ട് ചെയ്യേണ്ടത്. സിപിഎമ്മിന്റെ 9 കൗണ്‍സിലര്‍മാരും ലീഗിലെ ആറ് വിമതരുടെയും വോട്ടടക്കം 15 വോട്ട് നിലവില്‍ ചെയര്‍പേഴ്സനായി തെരഞ്ഞെടുക്കപ്പെട്ട ലീഗ് വിമതയായി മത്സരിച്ച മുഹ്സിനക്ക് ലഭിക്കുകയായിരുന്നു. ഡോ. ഹനീഷയ്ക്ക് 13 വോട്ട് മാത്രമാണ് ലഭിച്ചത്.
ഇന്നലെ ഉച്ചക്ക് ശേഷം രണ്ട് മണിക്ക് നടന്ന വൈസ് ചെയര്മാന് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ രാജിവെച്ച വൈസ് ചെയര്മാന് പി.പി.
ഉമ്മര്‍ ഔദ്യോഗിക ലീഗ് സ്ഥാനാര്‍ത്ഥി ചെരട മുഹമ്മദലിയെ വോട്ടെടുപ്പില്‍ പരാജയപ്പെടുത്തി. വീണ്ടും വൈസ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു. ഡെപ്യൂട്ടി തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഇന്നലെ രാവിലെ നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മുസ്ലിം ലീഗ് നേതാക്കളടക്കം നിരവധി പേര് നഗരസഭാ ഓഫീസില്‍ എത്തിയിരുന്നു. എന്നാല്‍ സിപിഎം നേതാക്കളെ നഗരസഭാ കോമ്പൗണ്ടിലേക്ക് കടത്തിവിട്ടില്ലെന്നാരോപിച്ച് പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ കനത്ത വാക്കുതര്‍ക്കവും ഉന്തും തള്ളും ഉണ്ടായി. കോട്ടക്കല്‍ സ്റ്റേഷന് ഹൗസ് ഓഫീസര്‍ അശ്വിത് കാരാണ്മയിലിന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സുരക്ഷയിലായിരുന്നു തെരഞ്ഞെടുപ്പ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: