ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ ഇരുണ്ട പ്രവര്‍ത്തികളുടെ ചുവന്ന ഡയറിയുടെ പേജുകള്‍ തുറന്ന് തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഈ ചുവന്ന ഡയറിയുടെ പേജുകളില്‍ മജീഷ്യന്‍ സര്‍ക്കാര്‍ എങ്ങനെ രാജസ്ഥാനെ ഖനന മാഫിയക്ക് കൈമാറിയെന്നാണ് എഴുതിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് സ്വയം വിളിക്കുന്നത് മാന്ത്രികനെന്നാണ്. രാജസ്ഥാനിലെ ജനങ്ങള്‍ കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെയും ഡിസംബര്‍ മൂന്നിന് പുറത്താക്കും. നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഭരത്പൂരില്‍ വിജയ് സങ്കല്പ് സഭയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാന
മന്ത്രി.
അഞ്ച് വര്‍ഷത്തിനിടെ രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങളും അതിക്രമങ്ങളും നടന്നത് സ്ത്രീകള്‍ക്കും പട്ടികജാതിക്കാര്‍ക്കും അധസ്ഥിതര്‍ക്കും എതിരെയാണെന്ന് മോദി പറഞ്ഞു. ഹോളിയോ രാമനവമിയോ ഹനുമാന് ജയന്തിയോ ആകട്ടെ, ജനങ്ങള്‍ക്ക് ഒരു ആഘോഷവും സമാധാനപരമായി ആഘോഷിക്കാന്‍ കഴിഞ്ഞിട്ടില്ല. കലാപം, കല്ലേറ്, കര്‍ഫ്യൂ, ഇതെല്ലാം രാജസ്ഥാനില്‍ അരങ്ങേറുന്നു.
കോണ്‍ഗ്രസ് വരുന്നിടത്തെല്ലാം തീവ്രവാദികളും ക്രിമിനലുകളും അനിയന്ത്രിതരായി മാറുകയാണ്. പ്രീണനമാണ് കോണ്‍ഗ്രസിന് എല്ലാം. ജനങ്ങളുടെ ജീവന് പണയപ്പെടുത്തിയാലും പ്രീണനത്തിന് കോണ്‍ഗ്രസിന് ഏതറ്റം വരെയും പോകാം. സ്ത്രീകളുടെ ആത്മവിശ്വാസവും കോണ്‍ഗ്രസ് തകര്‍ക്കുകയാണ്. സ്ത്രീകള്‍ വ്യാജ ബലാത്സംഗക്കേസുകള്‍ നല്‍കുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
അങ്ങനെയുള്ള ഒരു മുഖ്യമന്ത്രിക്ക് ഒരു മിനിറ്റ് പോലും കസേരയില്‍ ഇരിക്കാന്‍ അവകാശമുണ്ടോ, മോദി ചോദിച്ചു. സ്ത്രീകളെ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ചിന്താഗതി എത്രത്തോളം അധഃപതിച്ചിരിക്കുന്നു എന്നത് ഒരു കോണ്‍ഗ്രസ് മന്ത്രിയുടെ പ്രസ്താവനയില്‍ നിന്ന് മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാന്, പുരുഷന്റെ സംസ്ഥാനമായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കോണ്‍ഗ്രസുകാരേ, നിങ്ങള്‍ ഏത് ഭാഷയാണ് സംസാരിക്കുന്നത്? കോണ്‍ഗ്രസ് ഭരണത്തിന് കീഴില്‍ ദളിതര്‍ക്കെതിരായ അതിക്രമങ്ങളുടെ പുതിയ റിക്കാര്‍ഡുകള്‍ സൃഷ്ടിക്കപ്പെടുകയാണ്. സ്വഭാവം കൊണ്ടുതന്നെ കോണ്‍ഗ്രസ് ദളിത് വിരുദ്ധരാണ്. അടുത്തിടെയാണ് രാജ്യത്തിന് ആദ്യത്തെ ദളിത് മുഖ്യ വിവരാവകാശ കമ്മിഷണറെ ലഭിച്ചത്, അദ്ദേഹത്തിന്റെ പേര് ഹിരാലാല്‍ സമരിയ എന്നാണ്.
അദ്ദേഹം രാജസ്ഥാനില്‍ മാത്രം താമസിക്കുന്നയാളാണ്. എന്നാല്‍ കഴിവുള്ള ഒരു ദളിത് ഉദ്യോഗസ്ഥനെ നിയമിക്കുന്നത് കോണ്‍ഗ്രസിനും ഇഷ്ടപ്പെട്ടില്ല. ഒരു ദളിത് ഉദ്യോഗസ്ഥന് ഉന്നതസ്ഥാനത്ത് എത്തുന്നത് കോണ്‍ഗ്രസിന് കാണാന്‍ കഴിയില്ല.
രാജസ്ഥാനെ രാജ്യത്തെ മുന്‍നിര സംസ്ഥാനമാക്കുമെന്ന് ബിജെപി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മോദി പറഞ്ഞു. അഴിമതി ശക്തമായി തടയും. സഹോദരിമാര്‍ക്കും പെണ്മക്കള്ക്കും സുരക്ഷിതമായി ജീവിക്കാന്‍ അന്തരീക്ഷം സൃഷ്ടിക്കും. നിങ്ങള്‍ക്ക് നല്കിയ ഈ വാഗ്ദാനങ്ങള്‍ തീര്‍ച്ചയായും നിറവേറ്റപ്പെടും, ഇതും മോദിയുടെ ഉറപ്പാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: