മുഖ്യമന്ത്രിയെന്ന നിലയ്ക്കുള്ള സ്വാധീനത്തിന്റെ ബലത്തില്‍ പിണറായി വിജയന്റെ മകളും, പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെ ഭാര്യയുമായ വീണ കരിമണല്‍ ഖനനം നടത്തുന്ന ഒരു പ്രമുഖ വ്യവസായിയുടെ കയ്യില്‍നിന്ന് അനധികൃതമായി കോടിക്കണക്കിന് രൂപ വാങ്ങിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ കണ്ടെത്തല്‍ സിപിഎമ്മിലും സര്‍ക്കാരിലും ഉണ്ടാക്കിയ നടുക്കങ്ങള്‍ പെട്ടെന്നൊന്നും ഇല്ലാതാവാന്‍ പോകുന്നില്ല. യാതൊരു സേവനവും നല്‍കാതെ ഒരു കമ്പനിയില്‍നിന്ന് മാസപ്പടിയായി വീണയുടെ എക്സാലോജിക് സൊലൂഷന് എന്ന കമ്പനിയും വീണ വ്യക്തിപരമായും നിയമവിരുദ്ധമായി പണം കൈപ്പറ്റിയെന്നാണ് ആദായനികുതി ബോര്‍ഡ് കണ്ടെത്തിയത്. ഇത് വെറും ആരോപണമായിരുന്നില്ല. സ്വകാര്യ കമ്പനിയുടെ ഉടമസ്ഥരെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞതാണിത്. ഇക്കാര്യം പുറത്തുവന്ന് ഏറെക്കാലം കഴിഞ്ഞിട്ടും കമ്പനി അധികൃതര്‍ അത് നിഷേധിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ തുടക്കം മുതല്‍തന്നെ സിപിഎം ഈ വസ്തുതയെ തമസ്കരിക്കാനാണ് ശ്രമിച്ചത്. രണ്ട് സ്വകാര്യ കമ്പനികള്‍ നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുപറയേണ്ടതില്ല എന്നാണ് സിപിഎം സ്വീകരിച്ച നിലപാട്. ഏതെങ്കിലും രണ്ട് സ്വകാര്യ കമ്പനികള്‍ തമ്മിലുണ്ടാക്കിയ കരാറും ഇടപാടുമൊന്നുമല്ല ഇവിടത്തെ പ്രശ്നം. മുഖ്യമന്ത്രിയുടെ മകളെന്ന നിലയ്ക്കുള്ള അവിഹിത സ്വാധീനം ഉപയോഗിച്ച് വീണവിജയന് മാസപ്പടി കൈപ്പറ്റിയെന്നതാണ്. ഇത് വളരെ ഗുരുതരവുമാണ്. കള്ളത്തെളിവുണ്ടാക്കി ഇതില്‍നിന്ന് രക്ഷപ്പെടാന്‍ നോക്കേണ്ട.
മുഖ്യമന്ത്രിയുടെ മകള്‍ അഴിമതി നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കണം. കുറ്റം തെളിഞ്ഞാല്‍ ശിക്ഷിക്കപ്പെടണം. ഇതാണ് ആവശ്യം. സംസ്ഥാനത്തെ യഥാര്‍ത്ഥ പ്രതിപക്ഷമായ ബിജെപി തുടക്കം മുതല്‍ ഉന്നയിക്കുന്നതാണിത്. എന്നാല്‍ മുഖ്യമന്ത്രിയുമായി ഒത്തുകളിക്കുന്ന പല കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കും ഈ പ്രശ്നത്തില്‍ വലിയ താല്‍പ്പര്യമില്ല. ഇത്തരം ഇടപാടുകള്‍ പതിവുള്ളതാണെന്ന മനോഭാവമാണ് അവര്‍ക്കുള്ളത്. ഇതിന് വിരുദ്ധമായി സംസാരിക്കുന്നത് മാത്യു കുഴല്നാടന് എംഎല്‍എയെ വ്യത്യസ്തനാക്കുന്നു. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മകള്‍ വാങ്ങിയത് മാസപ്പടിയാണെന്നും, അത് അഴിമതിയാണെന്നും കുഴല്നാടന് പറഞ്ഞത് വലിയ വിവാദമായി. ഇങ്ങനെ വാങ്ങിയ പണത്തിന് വീണ ജിഎസ്ടി അടച്ചിട്ടുണ്ടോയെന്നും കുഴല്നാടന് ചോദിക്കുകയുണ്ടായി. അടച്ചിട്ടുണ്ടെങ്കില്‍ രേഖ കാണിക്കണമെന്നും ആവശ്യമുന്നയിച്ചു. ഇതോടെ പ്രശ്നത്തില്‍ ഇടപെടാന്‍ സിപിഎമ്മിന് പഴുതു ലഭിച്ചു. വീണ നികുതി അടച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേര്‍ന്ന് ചര്‍ച്ച ചെയ്ത് പ്രസ്താവനയിറക്കി. ഇവിടുത്തെ അടിസ്ഥാനപരമായ പ്രശ്നം വീണ ഏതെങ്കിലും നികുതി അടച്ചിട്ടുണ്ടോ ഇല്ലയോ എന്നതല്ല. അഴിമതി നടത്തിയോ എന്നതാണ്. സിപിഎം അവകാശപ്പെടുന്നതുപോലെ വീണ നികുതി അടച്ചിട്ടുണ്ടെന്നു വന്നാല്‍ പോലും പ്രശ്നം അവസാനിക്കുന്നില്ല. ഒരു സേവനവും ചെയ്തുകൊടുക്കാതെ ഒരു സ്വകാര്യ കമ്പനിയില്‍നിന്ന് എന്തിന് മാസപ്പടി കൈപ്പറ്റി എന്നതിനാണ് മറുപടി വേണ്ടത്.
ഇപ്പോഴിതാ മാത്യു കുഴല്നാടന് ധനമന്ത്രിക്ക് അയച്ച കത്തിന് മറുപടിയായി ധനവകുപ്പ് ഒരു വിശദീകരണം നല്കിയിരിക്കുന്നു. അതില്‍ പറയുന്നത് വീണ വിജയന് ജിഎസ്ടി അടച്ചിട്ടുണ്ടെന്നാണ്. ഇങ്ങനെയൊരു മറുപടി പറയാന്‍ എന്തുകൊണ്ട് ഇത്രകാലം വൈകിയെന്ന ചോദ്യമിരിക്കട്ടെ. 2018 ല്‍ മാത്രം ജിഎസ്ടി രജിസ്ട്രേഷനെടുത്ത വീണ എങ്ങനെയാണ് 2017 ല്‍ വാങ്ങിയ പണത്തിന് നികുതിയടച്ചത് എന്ന ചോദ്യം സര്‍ക്കാരിനെ കുരുക്കിലാക്കിയിരിക്കുകയാണ്. മുന്‍കാല പ്രാബല്യത്തോടെ ജിഎസ്ടി അടയ്ക്കാനാവില്ല. ഇതിനെക്കുറിച്ച് ഇത്രകാലവും നിശ്ശബ്ദത പാലിച്ച് ഇപ്പോള്‍ ഞങ്ങളിതാ മാത്യു കുഴല്നാടന് മറുപടി നല്കിയിരിക്കുന്നു, വീണ കുറ്റക്കാരിയല്ല എന്ന പ്രചാരണം നടത്തി രക്ഷപ്പെടാനാണ് സിപിഎമ്മും സര്‍ക്കാരും ശ്രമിക്കുന്നത്. ചോദ്യത്തിന് മറുപടി ലഭിച്ചില്ലേ, ഇനിയെങ്കിലും വിവാദം അവസാനിപ്പിച്ചുകൂടെ എന്ന മട്ടില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നല്ലപിള്ള ചമയുകയും ചെയ്യുന്നു. നികുതിയടച്ചിട്ടുണ്ട്, അതുകൊണ്ട് അഴിമതി നടത്തിയെന്ന് ഇനിയാരും പറയാന്‍ പാടില്ല എന്നാണ് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ.കെ.ബാലന്റെ ന്യായവാദം. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന അഴിമതികള്‍ക്ക് മറയിടാന്‍ മന്ത്രിമാരും സിപിഎം നേതാക്കളും യാതൊരു ലജ്ജയുമില്ലാതെ നടത്തിക്കൊണ്ടിരിക്കുന്ന നുണപ്രചാരണമാണിത്. അഴിമതിപ്പണത്തിന് നികുതിയടച്ചാല്‍ പ്രശ്നം തീരുമെന്ന് സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനും കരുതുന്നുണ്ടാവാം. എന്നാല്‍ അത്തരമൊരു നിയമമില്ല. അധികാരവും സംഘടനാബലവും ഉപയോഗിച്ച് അഴിമതി നടത്തിയിട്ട് അതില്‍നിന്ന് രക്ഷപ്പെടാന്‍ മുഖ്യമന്ത്രിയും മകളും നടത്തുന്ന ശ്രമം വിജയിക്കാന്‍ പോകുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: