പുതുതലമുറയില്‍ പോലും ഏറെ സ്വാധീനത ചെലുത്തുന്ന നിത്യയൗവനയുക്ത കവിപ്രതിഭയാണു കുമാരനാശാന്. കാലം മാറ്റുരയ്ക്കുന്ന പുതുദാര്ശനികന്! കാല്പനികവസന്തത്തെ ഈ മണ്ണില്‍ വിരിയിച്ച മഹാകവി. ‘ധ്രുവമിഹ മാംസനിബദ്ധമല്ല രാഗം’ എന്നു പ്രഖ്യാപിച്ച കവിയുടെ കാല്പനികതയുടെ ആകാശങ്ങള്‍ വിശ്രാന്തമാകുന്നതു നായികാനായകന്മാരുടെ ചിത്തഭൂമിയിലെ ചിദാകാശസന്ധ്യകളിലാണെന്നുകാണാം. കാളിദാസകവിയില് മുമ്പ് നുരഞ്ഞുപൊന്തിയ ഈ പ്രിയസമാഗമങ്ങളുടെ കാന്തഭൂമി ആ കാല്പനിക കന്യാവനങ്ങളെക്കടന്നു കുമാരകവിയില് അതു ആത്മീയ യോഗധന്യതയുടെ കൃതാര്‍ത്ഥതയായി പരഭാഗശോഭ ചാര്‍ത്തുന്നു. ‘നല്ലഹൈമവതഭൂവി’ലെ ശാന്തിഭൂമികയില് വിശ്രാന്തമാകുന്ന കാല്പനികഭംഗി വിരിയിച്ച കവിയില്‍, ആ ജീവിതവേദാന്തഭൂമികയൊരുക്കിയതു തന്റെ ഗുരുവര്യനായ ഗുരുദേവകവിയുടെ ഹൃദയസംസ്കാരമാണ്. അതു പില്ക്കാല കാവ്യസാഗരത്തിലാകെ പരന്നലയടിച്ചുയരണമെങ്കില് കുമാരകവിയുടെ ആഴമനസ്സുകളില് ഗുരുദേവകവിയുടെ ആ ഔപനിഷദികവിചാരധാര തന്റേതായ ഒരു ജന്മാന്തരസംസ്കാരത്തിന്റെ ജ്ഞാനസിദ്ധിയായി പ്രകാശിച്ചുണരണം. ആന്തരികതപസ്സിന്റെ ഭാഗമായ ഈ ബോദ്ധ്യപ്പെടല്‍ കവിയില്‍ ശ്രദ്ധിക്കുമ്പോഴാണു ആ അദൈ്വതസാരാമൃതത്തിന്റെ ശുദ്ധരൂപം അധികമാരും ശ്രദ്ധിക്കാത്ത ആശാന്റെ സ്തോത്രകൃതികളില്‍ കണ്ടെടുക്കാനാകുന്നത്.
അതേപ്പറ്റി ആശാന് തന്നെപറയുന്നതു ശിവസ്തോത്രമാലയുടെ ആമുഖത്തിലിങ്ങനെ വായിക്കാം ‘… ആസ്തികന്മാര്‍ക്കു മധുരങ്ങളായ സ്തോത്രങ്ങള്‍ പോലെ വിഗ്രഹങ്ങളോ ദേവാലയങ്ങളോ പ്രകൃതിയില്‍ കാണപ്പെടുന്ന അസംഖ്യേയ അദ്ഭുതങ്ങള്തന്നെയുമോ അത്രസുഖകരങ്ങളായ അനുഭവങ്ങളല്ലെന്നു പലര്‍ക്കും അനുഭവമായിരിക്കാനിടയുണ്ടു. വിശിഷ്യാ ദേവാലയങ്ങള്‍, തീര്‍ത്ഥങ്ങള്‍ മുതലായ ബാഹ്യാലംബനങ്ങള്ക്കുപോലും ഈശ്വരവിഭൂതിയുടെ ഗാഢങ്ങളായ പരിചിന്തനങ്ങളാല് വ്യാസാദികളായ ദിവ്യകവികളുടെ ഹൃദയത്തില്‍ നിന്നും സ്തോത്രരൂപമായി വെളിയില്‍ പ്രവഹിച്ച ചൈതന്യലഹരികളാകുന്ന സര്വ്വാരാധനീയമായ ഒരു വിശേഷത്തെ ആധാനംചെയ്യുന്നു എന്നുള്ളതും വിവേകദൃഷ്ടിയില് പ്രത്യക്ഷമാണല്ലോ.’ (കുമാരനാശാന്, ശിവസ്തോത്രമാല, മുഖവുര: 1901) എന്നത്രേ. ഭാഗവതാദിപുരാണേതിഹാസ രചനകളിലൂടെ ഭാരതീയരെ സ്വാധീനിച്ച ഇതിഹാസകാരന്മാര്‍ക്കും ആത്മതൃപ്തിയുണ്ടാക്കിയ ഭക്തിഭൂമികയിലാണു ആശാനും തന്റെ ദാര്ശനികഭൂമികയുടെ ചുവടുറപ്പിച്ചതെന്നു അദ്ദേഹത്തിന്റെ ഈ വാക്കുകളില്‍ നിന്നറിയാം. നിജാനന്ദവിലാസം, നിജാനന്ദാനുഭൂതി, ഭക്തവിലാപം, സുബ്രഹ്മണ്യശതകം, ശിവസ്തോത്രമാല, ശാങ്കരശതകം, ശിവസുരഭി, ആനന്ദലഹരി, ദേവ്യേപരാധക്ഷമാപണസ്തോത്രം, അനുഗ്രഹപരമദശകം, കാമിനീഗര്‍ഹണം, വിഭൂതി, പരമപഞ്ചകം എന്നിവയാണു മഹാകവിയുടെ ആ സ്തോത്രകൃതികള്‍. ഇതില്‍ ആനന്ദലഹരി ഒരു സംസ്കൃതകൃതിയുടെ പരിഭാഷയാണു. കൂടാതെ ശ്രീശങ്കരാചാര്യസ്വാമികളുടെ സൗന്ദര്യലഹരിയുടെ ഭാഷാന്തരീകരണവും ചെയ്തിട്ടുണ്ട്. ആചാര്യസ്വാമികളുടെ ഇത്തരം ഭക്തി-ജ്ഞാനകൃതികള് മഹാകവി ഇഷ്ടപ്പെട്ടിരുന്നതിനും അതദ്ദേഹത്തെ സ്വാധീനിച്ചിരുന്നതിനും
തെളിവാണിത്.
ഭഗവദ്ഭക്തിയാണു സ്തോത്രകൃതികളുടെ പ്രധാനഭാവം. അതു ഭക്തിയോടൊപ്പം ജ്ഞാനത്തികവിലും താനനുഭവിച്ച ധ്യാനാനുഭൂതിയിലും കൂടി ആശാന് പ്രകാശിപ്പിക്കുന്നതു കൃതികളെ ഉദാത്തമാക്കുന്നു.
നാരദീയഭക്തിസൂത്രമാണു ഭക്തിയോഗത്തിന്റെ പ്രധാന ശാസ്ത്രകൃതി.
ആശാന്റെ സ്തോത്രകൃതികളും
നാരദീയ ഭക്തിസൂത്രവും
ഏതൊരു സ്തോത്രകൃതിയുടെയും പ്രധാന ഉറവിടം ഭക്തിയാണു. നാരദീയഭക്തിസൂത്രം പറയുന്നു,
‘യജ്ഞാത്വാ മത്തോഭവതി സ്തബ്ധോഭവതി ആത്മാരാമോഭവതി’ (സൂത്രം -6)
ഏതിനെ അറിഞ്ഞാല്‍ ഒരാള്‍ മത്തനും സ്തബ്ധനും ആത്മാരാമനുമായിത്തീരുന്നുവോ (അതാണു ഭക്തി).
ഈശ്വരപുരുഷനിലുള്ള പരമപ്രേമഭക്തിയുടെ തലവുമുണ്ട്. അതാണു ‘സാത്വസ്മിന്‍ പരമപ്രേമരൂപാ'(സൂത്രം:2) എന്നു ഭക്തിസൂത്രം പറഞ്ഞിരിക്കുന്നത്. ഈ സ്തോത്രകൃതികളിലൂടെ വികസ്വരമായ പരാഭക്തി പില്ക്കാലത്തെ അദ്ദേഹത്തിന്റെ പ്രസിദ്ധകാവ്യങ്ങളില് അമൃതസ്യപുത്രരായ കാന്തിമാന്മാരായ യുവയോഗീനായകന്മാരില് പ്രേമഭക്തിയുമായി വിരഹതീവ്രതയനുഭവിക്കുന്ന നായികമാരുടെ സങ്കല്പദാര്‍ഢ്യം ജീവാത്മപരമാത്മൈക്യത്തിന്റെ പരാഭക്തിനാളമായി ജ്വലിച്ച് ഒടുവില്‍ ആ ഏകാന്തദ്വയശാന്തിഭൂവില് വിലയിക്കുന്ന തപോമുക്തി, ഈ സ്തോത്രകാവ്യങ്ങളിലൂടെ പ്രകടമായതുമാണ്.
അതു ആ പില്ക്കാല ഖണ്ഡകാവ്യങ്ങളിലൂടെ പരോക്ഷമായി ഒഴുകിപ്പരന്നു സാത്വിക വിയോഗഭക്തിസൗന്ദര്യമായി നായികമാരുടെ ഈ ചിത്പുരുഷജ്ഞാനികളുമായുള്ള സമാഗമത്തിനായുള്ള തപോനിഷ്ഠയായിത്തീരുന്നുണ്ട്. ചില കൃതികളില്‍ ഇതു പരാഭക്തിയുടെ ചൈതന്യശൃഗേരിയില് നിന്നുതന്നെ പ്രവഹിക്കുന്നുണ്ട്. സ്തോത്രകൃതികളില്‍ ഭക്തിയുടെ സായുജ്യലഹരി മുതല്‍ ഭക്തന്റെ ഭഗവദ് പ്രസാദത്തിനുള്ള കാത്തിരിപ്പായ വിരഹഭക്തിയായുമിതു മാറുന്നുണ്ട്. ഈ വിരഹതീവ്രത ‘ശാങ്കരശതക’ത്തിലിങ്ങനെ വായിക്കാം
‘കണ്ണന് പരന് കമലജന്‍ മുതലായിമറ്റു
വിണ്ണോരുമോടിയുഴുലുംപടി കണ്ടലിഞ്ഞു
തിണ്ണെന്നുമോന്തിയ വിഷംവിലസുന്ന
കണ്ണീരുമേമിഴിമറയ്ക്കിലുമെന്നുകാണാം’
ഇവിടെ ‘എന്നു കാണാം’ എന്ന പദം ഓരോ ശ്ലോകത്തിലുമാവര്ത്തിച്ചാവര്ത്തിച്ചു പരാഭക്തിയുടെ ആഴങ്ങളില്‍ ഭക്തന് ഭഗവാനെ പില്ക്കാലനായികമാരെ എന്നപോലെ തന്നെ കാത്തിരിക്കുന്നതു കാണാം. ഇതിലെന്നപോലെ മറ്റു പല സ്തോത്രകൃതികളിലും ഇതേ വിരഹഭാവം കാണാവുന്നതാണ്.
‘അനുഗ്രഹപരമദശക’ത്തില്‍, ‘അനുഗ്രഹപരമദശകം’ എന്ന കാവ്യനാമം തന്നെ ഭക്തനു ഭഗവദ്ഭക്ത്യനുഗ്രഹങ്ങളുടെ സാഫല്യമെന്നപോലെ ഉള്‍ക്കൊണ്ടിരിക്കുന്നു. ആ ശീര്‍ഷകത്തിലെ ഓരോ അക്ഷരവും കൊണ്ട് ഓരോശ്ലോകം വീതം ആ ദശകം പൂര്‍ത്തിയാക്കിയിരിക്കുന്ന പരമഭക്തനെ അതില്‍ കാണാവുന്നതാണ്. ‘ഹരിനാമകീര്‍ത്തന’ത്തില്‍ മലയാള അക്ഷരമാലയില്നിന്നുമക്ഷരമോരോന്നെടുത്തര്ച്ചിച്ച എഴുത്തച്ഛന്റെ ഭക്തമനസ്സിലുറവെടുത്തതിനു തത്തുല്യമായ ഒരു കവനസമ്പ്രദായമാണിത്.
‘ഗ്രഹിക്കേണംനീയിദുരിനിരയാംഗ്രാഹകമതിനാല്
ഗ്രഹിക്കപ്പെട്ടീടുന്നടിയനെ. യമധ്വംസന!വിഭോ!
ഗൃഹിക്കുംമൂവര്ക്കുംഗതിക. ളരുളുംകല്പകതരോ!
ഗ്രഹിക്കേണം വേഗാലഗതിപറയുംസങ്കടമഹോ!’
ഇങ്ങനെ സഗുണാരാധന പോലെതന്നെ നിര്ഗുണപരബ്രഹ്മാരാധനാഭക്തിയായും ഈ വിരഹം കവിയില്‍ കാണപ്പെടുന്നുണ്ട്. ‘ശിവസ്തോത്രമാല’യിലെ ‘ശിവയോഗീപഞ്ചക’ത്തില്‍ അതിപ്രകാരം ദര്‍ശിക്കാം.
‘ഞാനും ജഗത് ഗുരുവതാംഭഗവാനുമന്തര്-
ജ്ഞാനത്തിലേകരസമമൊരുശുദ്ധബോധം
മാനംവെടിഞ്ഞമനതാരിലുദിച്ചുപൊങ്ങു-
മാനന്ദവാരിധിയിലാഴുവതെന്നഹോ! ഞാന്‍.’
ശുദ്ധബോധത്തിലെ ഈ ഏകരസാത്മകതയെ ഉപനിഷദ്കാലം മുതല്‍ സാക്ഷാത്കൃതമായിവാഴ്ത്തിയ ഈ ശുദ്ധചൈതന്യത്തിന്റെ അനുഭവസാക്ഷാത്കാരം ഇങ്ങനെ കവി തന്റെ രചനയുടെ ആദികാലത്തു തന്നെ നിവര്ത്തിച്ചിരിക്കുന്നതിനുതെളിവാണീ കൃതികള്‍. ശിവസ്തോത്രമാലയുടെ അന്ത്യത്തില്‍ കാണുന്നതുപോലെ,
‘ശിവസഹായായനമ ശിവായതേ:
ഭവായഭവ്യായനമ: പരാത്മനേ
ഭവാധിദൂനശ്രിതചാതമാവലീ-
നവാംബുവാഹായ നമോ നമോ നമ:’
എന്നിങ്ങനെ സ്തുതികളായും ഈ ഭക്തിപരന്നൊഴുകുന്നുണ്ട്. ‘സുബ്രഹ്മണ്യശതക’ത്തിലും നാല്പത്തിരണ്ടു മുതലുള്ള ശ്ലോകാന്ത്യം ‘ജയിക്ക നീ’എന്നു തുടര്‍ന്നു അതു നാല്പത്തിയഞ്ചു മുതല്‍ അന്പത്തിനാലുവരെ ‘ദൈവമേ’ എന്നും ആവര്‍ത്തിക്കുന്നു. അന്പത്തിയഞ്ചാംശ്ലോകം മുതല്‍ ഭഗവദ്സാമീപ്യം കൊതിക്കുന്നതിലൂടെ നിലവിടുന്ന ഭക്തി ‘വരുന്നതെന്നയ്യോ’ ‘കൊഞ്ചിക്കളിയാടുന്നതെന്നയ്യോ’ ‘താലോലിക്കുന്നതെന്നുഞാനയ്യോ’ ‘നീ സ്കന്ദന് വരുന്നതെന്നയ്യോ’! ‘ചില്പുരുഷനെന്നു വന്നീടുന്നയ്യോ’ എന്നിങ്ങനെ എഴുപത്തിനാലാം ശ്ലോകംവരെ ഭക്തന്റെ കേഴലാണെങ്കില് അതില്‍ മനമലിഞ്ഞു പ്രസാദിക്കുന്ന ഭഗവാനെ എഴുപത്തിയഞ്ചുമുതല് അവസാനം വരെ ‘ഇതാവരുന്നു’ എന്ന ആവര്‍ത്തനത്തില്‍ ആ ഭഗവദ്ദര്ശനസാഫല്യത്തെ കാണാവുന്നതുമാണ്.
‘സന്താനസാരസുരവേലനിതാവരുന്നു
പറ്ററ്റപള്ളിവടിവേലനിതാവരുന്നു. എന്നിങ്ങനെ അതു ദര്‍ശിക്കാനാവും. ‘ഭക്തവിലാപ’ത്തില്‍ ആദ്യം മുതലേ ശ്ലോകാന്ത്യം ‘ദൈവമല്ലോ’ ‘വിലസുന്ന ദൈവമേ’ ‘കരുണചെയ്കദൈവമേ’
‘കൃപചെയ്കദൈവമേ’രണ്ടാമത്തെശ്ലോകമൊഴിച്ചു
അന്‍പത്തിയഞ്ചാം ശ്ലോകംവരെ ‘ദൈവമേ’ എന്ന അപേക്ഷയുടെ ഭക്തഹൃദയത്തുടിപ്പാണെങ്കില് അന്പത്തിയാറു മുതല്‍ ഭഗവാനെ ‘കാണുവാന്‍ കാലമായോ’ എന്ന നെടുവീര്‍പ്പാണു അതില്‍ അറുപതാമത്തെ ശ്ലോകാന്ത്യം വരെ ആവര്‍ത്തിക്കുന്നത്. അതുമുതല്‍ ‘നീ ചൊല്ലൂ വാണീ’
‘പാടൂനീ ഗുണവാണീ’ പാടൂ ‘പാടൂ നീ ഗൂഢവാണീ’, ‘ഓതൂ, നീ സാധുവാണീ’ എന്നിങ്ങനെ അറുപത്തിനാലാം ശ്ലോകാവസാനം വരെ ആവര്‍ത്തിച്ചു തന്റെ ഭക്തിയെ പ്രകടമാക്കുന്നു.
‘ദേവ്യപരാധക്ഷമാപണസ്തോത്ര’ത്തില്‍ പരമശിവ, സുബ്രഹ്മണ്യദേവന്മാരെപ്പോലെതന്നെ ദേവിമഹേശ്വരിയെയാണു പ്രാര്‍ത്ഥിക്കുന്നത്. അതില്‍ രണ്ടാം ശ്ലോകം മുതല്‍ ‘ദുഷ്പുത്രരുണ്ടാം? പറകതനയരില് ദുഷ്ടയാമമ്മയുണ്ടോ?’ എന്നവരി ഓരോ ശ്ലോകാന്തത്തിലും ആദ്യഭാഗത്ത് ആവര്‍ത്തിക്കുന്നു. അമ്മ മക്കളുടെ അപരാധങ്ങള്‍ ക്ഷമിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണു കാവ്യാരംഭം. തുടര്‍ന്നു
‘കര്ണ്ണത്തില്ദേവീമന്ത്രാക്ഷരമതു
തവപുകള്വിലതിന്കാര്യമേവം
വര്ണ്ണംവര്ണ്ണ്യേജപിക്കേണ്ടതു
ജനനി ജഗ
ത്താരണീയാരറിഞ്ഞു?’
എന്നിങ്ങനെ പരിഭവിക്കുന്ന ഭക്തനെയും അതില്‍ കാണാനാകും.
‘എന്നോടുതുല്യമൊരുപാതകിയെങ്ങുമില്ല
നിന്നോടുതുല്യമൊരുപാവനിയെങ്ങുമില്ല
എന്നുള്ളയെന്ജനനി
യുള്ളില്‍ നിനയ്ക്കയെന്തി-
ലിന്നേതുയോഗ്യമതു ചെയ്യുക ദേവദേവീ’
എന്നിങ്ങനെ ഭക്തന് ക്ഷമാപണം നടത്തുന്നു.
ആധുനികയുഗത്തില്‍ അന്യംനിന്നുപോകുന്ന സ്തോത്രകൃതികളുടെ അപൂര്‍വമായ ഒരു മഹിതശേഖരണമാണു കുമാരനാശാന്റെ സ്തോത്രകൃതികള്‍. ‘നാരദീയഭക്തിസൂത്ര’ത്തില്‍ പറയുന്ന ഭക്തിയുടെ ഉത്തമഭാവങ്ങളെല്ലാം അതില്‍ ഒത്തിണങ്ങിയിരിക്കുന്നു.
ഭക്തിസൂത്രം പറയുന്നു,
‘നാസ്തി നേഷ്ഠജാതിവിദ്യാരൂപകുലധനക്രിയാദി’
അവരുടെ ഇടയില്‍ (ഭക്തരുടെ) ജാതി, വിദ്യ, രൂപസൗന്ദര്യം, കുലമഹിമ, സമ്പത്ത്, ജോലി എന്നിവയെ അടിസ്ഥാനമാക്കിയുള്ള യാതൊരു ഭേദവുമില്ല.
‘ഭക്തിയോഗം’ ആത്മാന്വേഷിയായ ഭക്തനു യാതൊരു ഭേദവിചാരവും കല്പിക്കുന്നില്ല. ഭക്തര്‍ക്കിടയിലും ഈ ഭേദവിചാരം കടന്നുവരുന്നില്ല. ‘ഇസ്കോണി’നെപ്പോലുള്ള ഭക്തിസംഘടനകളില് ജാതിവര്ഗലിംഗരാഷ്ട്രഭേദങ്ങളൊന്നുമില്ലാതെ ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ ഭക്തിലഹരിയിലലിഞ്ഞാത്മസാഹോദര്യത്തില് വര്‍ത്തിക്കുന്നു. ഭക്തിയോഗത്തില് പ്രധാനമായ സ്തോത്രകൃതികളിലൂടെ വിമലീകരിക്കപ്പെടുന്ന ഭക്തമാനസം ഏതു വിധേനയുമുള്ള ഭേദവിചാരങ്ങള്ക്കുമടിപ്പെടാതെ യോഗബുദ്ധി അനായാസം ഉള്‍ക്കൊള്ളുന്നു. ഈ ഭക്തിയുടെ വിവിധഭാവങ്ങളെ നാരദീയഭക്തിസൂത്രം വിലയിരുത്തുന്നത്,
‘ഗുണമാഹാത്മ്യാസക്തി-രൂപാസക്തി-പൂജാസക്തി-, സ്മരണാസക്തി-ദാസാസക്തി-സഖ്യാസക്തി-
വാത്സല്യാസക്തി-കാന്താസക്തി-ആത്മനിവേദനാസക്തി – തന്മയാസക്തി-പരമവിരഹാസക്തി-രൂപാഎകധാഅപി ഏകാദശി ഭക്തി’ (സൂത്രം -82)
ഇപ്രകാരം പതിനൊന്നുപ്രകാരത്തിലുള്ള ആസക്തികളാണു ഭക്തനു ഭഗവാനിലുണ്ടാകുക എന്നു നാരദീയഭക്തിസൂത്രം വെളിപ്പെടുത്തുന്നു. ഇവയെല്ലാം ഈസ്തോത്രകാവ്യങ്ങളെയുംചൈതന്യവത്താക്കുന്നു. ഇതില്‍ ഗണമാഹാത്മ്യാസക്തി ആശാന്സ്തോത്രകാവ്യങ്ങളില്വളരെപ്രകടമാണു. ‘നിജാനനന്ദവിലാസ’ത്തില്‍ ഗുണമാഹാത്മ്യാസക്തി, ദാസാസക്തി, സഖ്യാസക്തി എന്നിവയും ആത്മനിവേദനാസക്തി, പരമവിരഹാസക്തി, സഖ്യാസക്തി രൂപാസക്തി എന്നിങ്ങനെയുമുള്ള വിവിധ ഭാവങ്ങള്‍ പ്രകടമായിവരുന്നതും ശ്രദ്ധേയമാണ്.
പില്ക്കാലത്തു തന്റെ ശ്രദ്ധേയമായ ഖണ്ഡകാവ്യങ്ങളിലെ നായിമാര്ക്കെല്ലാം ആശാന് നാരദീയഭക്തിസൂത്രം വിഭാവനം ചെയ്യുന്നതായ ഭക്തിയുടെ ഈ വിവിധഭാവങ്ങള്‍ പകര്‍ന്നു നല്‍കിയിട്ടുണ്ട്. ‘നിജാനന്ദവിലാസ’ത്തിലെ ‘പ്രാണനൊടുഭവല്പദാംബുജം കാണുവാന്‍ സ്ഥിരമഹോകൊതിച്ചുഞാന്’ എന്ന വരിയുടെ അനുരണനഭാവം നായകന്മാരെ കാണാന്‍ കൊതിക്കുന്ന ആശാന് കൃതികളിലെ നായികമാരുടെ പൊതുഭാവമാണെന്നു കാണാം.. അതേവരികളുടെ പ്രകടസ്വാധീനത,
‘പ്രാണനൊടുമൊരുനാള്! ഭവല്പദം
കാണുവാന്‍ ചിരമഹോ! കൊതിച്ചുഞാന്‍
കേണുവാണിവിടെ
ഏകുമര്ത്ഥിയാം
പ്രാണിതന്‍ പ്രിയ മൊരിക്കലീശ്വരന്’ (നളിനി)
എന്നിങ്ങനെയുള്ള ശ്ലോകങ്ങളില്‍ പ്രകടമായിക്കാണാനാകും.
‘ഭക്തവിലാപ’ത്തില്‍ വിരഹാസക്തിയുടെ പ്രകടഭാവങ്ങള്‍,
‘ഉണ്ണിയാണൊരുവനില്ലനിന്പദം
നണ്ണിയാണുനടകൊണ്ടിടുന്നഞാന്
ദണ്ഡമിന്നുമിയലൂന്നതോര്ക്കിലെന്
കണ്ണുനീരുകവിയുന്നുദൈവമേ!”എന്നും
‘സുബ്രഹ്മണ്യശതക’ത്തിലും ‘ശിവസ്തോത്രമാല’യിലും ‘ശാങ്കരശതകത്തി’ലും ‘ശിവസുരഭി’യിലും ‘ദേവ്യാപരാധക്ഷമാപണസ്തോത്ര’ത്തിലുമെല്ലാം തന്നെ കവി, ആത്മശുദ്ധീകരണത്തില്‍ ഭക്തിയോഗത്തെ പ്രയോജനപ്പെടുത്തിയിരിക്കുന്നതു കാണാം. എന്നാല്‍ മറ്റു ചില സ്തോത്രകാവ്യങ്ങളില്‍ ഭക്തിക്ക് തുല്യമോ അതിനെക്കാളല്പം കൂടിയ തോതിലോ ജ്ഞാനയോഗമാഹാത്മ്യവും പ്രകടമാണ്.
ഭഗവദ്ഗീതയുടെ
ജ്ഞാനയോഗമാഹാത്മ്യം
ആശാന്റെ സ്തോത്രകൃതികളില്‍
‘നഹിജ്ഞാനേനസദൃശം
പവിത്രമിഹവിദ്യതേ
തത്സ്വയംയോഗസംസിദ്ധ
കാലേനാത്മനി വിന്ദതി’
-ഈ ലോകത്തില്‍ ജ്ഞാനംപോലെ പവിത്രമായ ഒരു വിദ്യ വേറെ ഇല്ല. യോഗംകൊണ്ടു സിദ്ധിനേടിയവര് ഈ ജ്ഞാനത്തെ കാലക്രമേണ തന്നില്‍ത്തന്നെ സ്വയംനേടുന്നു എന്നതാണു ശ്ലോകാര്‍ത്ഥം.
അദൈ്വതജ്ഞാനത്തിന്റെ സാക്ഷാത്കാരമാണു ഗുരുദേവകൃതികളെപ്പോലെ ആശാന്റെയും സ്തോത്രകൃതികള്‍. തത്ത്വചിന്താപ്രധാനമായ പില്ക്കാലത്തെ ആശാന്കൃതികളുടെയും ആശായാനുഭൂതി മൂശയായി സ്തോത്രകൃതികളെ വിലയിരുത്താവുന്നതാണ്. പില്ക്കാലത്തു ചില കൃതികളില്‍ ബൗദ്ധദര്ശനസ്വാധീനത പ്രകടമാണെങ്കിലും ഭാരതീയ വേദാന്തദര്‍ശനത്തിന്റെ സ്വാംശീകരണവും പ്രകാശനവുമാണു ഭൂരിപക്ഷം കൃതികളുടെയും പൊതുസ്വഭാവമെന്നതു നിസ്തര്‍ക്കമാണ്. അഹിംസാസത്യമാസ്തേയാദി മൂല്യങ്ങളെല്ലാംതന്നെ ഗീതാദിജ്ഞാനകൃതികള് ലോകത്താദ്യമായി വിഭാവനം ചെയ്ത ജീവിതമൂല്യങ്ങളാണ്. അതിന്റെ ദര്ശനസാകല്യമായ അദൈ്വതദര്ശനസാക്ഷാത്കാരമാണു ഗുരുദേവനെയെന്നപോലെ കുമാരനാശാനെയും നയിച്ചിട്ടുള്ളതെന്നതിനു കൃതികള്‍ തന്നെ തെളിവു തരുന്നുണ്ട്. ആശാന്റെ മറ്റു കൃതികളിലും നായികാനായകന്മാര് ആത്യന്തികമായി ഇതറിയുന്നവരാണ്. ഭക്തിയോഗത്തിലൂടെ നായികമാരും ജ്ഞാനയോഗത്തിലുടെ നായകന്മാരും അതു സാക്ഷാത്കരിച്ചതിനാലാണ് ആ കൃതികളിലെ ഭാവതലം അനശ്വരമായിരിക്കുന്നതും ആശാന്‍കൃതികള്‍ മറ്റു സാമാന്യമായ കൃതികളില്‍ നിന്നും വ്യതിരിക്തമായിരിക്കുന്നതുമെന്ന സത്യം തിരിച്ചറിയപ്പെടേണ്ടതുതന്നെയാണ്.
‘നിജാനന്ദവിലാസ’ത്തില്‍
പരമതത്ത്വത്തെ
‘കാണപ്പെടില്ലകാണും തിറമൊടതിനുക-
ണ്ണില്ലകൈയില്ലകാലി-
ല്ലാണല്ലല്ലാതെമറ്റല്ലണുവുമളവുമി-
ല്ലാദിയില്ലന്തമില്ല.
സ്ഥൂണപ്രായം ജഡത്വം ചെറുതു പറയുവാ-
നില്ല മറ്റൊന്നുമ-
ല്ലിക്കാണും ബ്രഹ്മാണ്ഡകോടീ-
കപടനടകലാശാലിയാണെന്റെ ദൈവം’
ഇങ്ങനെ സ്തോത്രകൃതികളിലൂടെ അദൈ്വതജ്ഞാനത്തെ ആവിഷ്കരിച്ചിരിക്കുന്നു. ഇതരമഹാകവികളാരും ഉദ്യമിച്ചിട്ടില്ലാത്തവിധം അദൈ്വതജ്ഞാനസാക്ഷാത്കാരമുള്ള ജ്ഞാനപുരുഷന്മാരെ ആശാനു അനായാസം നായകന്മാരായി അവതരിപ്പിക്കാനുള്ള ഉറച്ചവീക്ഷണം ഇതിനാലാണു ഉണ്ടായതെന്നു കാണാം. പില്ക്കാലത്ത് കവി
‘ചിത്തമാം പെരിയവൈരികീഴമര്-
ന്നത്തല്തീര്ത്തയമിതന്നെ ഭാഗ്യവാന്’
എന്നു പാടിയിട്ടുണ്ട്. സ്തോത്രകാവ്യങ്ങളിലൂടെ യതി മര്യാദകള്പാലിച്ചു പ്രത്യക്ഷമാകുന്ന കവിയുടെ ആത്മാംശം തന്നെയാണു ജ്ഞാനപുരുഷന്മാരായ നായകന്മാരിലൂടെയെല്ലാം പ്രത്യക്ഷമാവുന്നത്.
ഇവിടെ പ്രസ്താവിച്ച നിജാനന്ദവിലാസത്തിലെ വരികളില്‍ അതിനു ആധാരതത്വമായ നിര്‍ഗുണ ബ്രഹ്മസ്വരൂപമാണു കവി വ്യക്തമാക്കുന്നത്. അതു ശുദ്ധബോധസ്വരൂപമാണ്. അതിനെ കാണാനാകില്ല. അതിനു കണ്ണോകയ്യോകാലോ ഇല്ല. ആണല്ല (ലിംഗഭേദമില്ല) അതു അമേയമാണ്. സ്ഥാണുവാണ്. ആദിയോ അന്തമോ ഇല്ല. ജഡത്വമില്ല. അതുമറ്റൊന്നുമല്ല, ഇക്കാണുന്ന ബ്രഹ്മാണ്ഡകോടീ കപടനടകലാശാലിയായിരിക്കുന്ന ചൈതന്യസ്വരൂപനായ സഗുണബ്രഹ്മതത്ത്വമായിരിക്കുന്നതും തന്റെ ദൈവമായ അതു തന്നെയാണ് എന്നും അദ്ദേഹം കൃത്യമായി പറഞ്ഞു വയ്ക്കുന്നു.
‘ശിവയോഗീപഞ്ചക’ത്തില്‍
‘ഞാനും ജഗത്ഗുരുവതാം
ഭഗവാനുമന്തര്‍-
ജ്ഞാനത്തിലേകരസമൊരുശുദ്ധബോധം
മാനംവെടിഞ്ഞ മനതാരിലാശുപൊങ്ങു-
മാനന്ദവാരിധിയിലാഴുവ
തെന്നഹോഞാന്!’
എന്നു പാടുന്നു. ഭഗവാന്റെ ജ്ഞാനസ്വരൂപത്തിലേകരായിരിക്കുന്ന മുക്താവസ്ഥ തനിക്കെന്നാണുവരിക, എന്നു കവി ചോദിക്കുകയാണിവിടെ. അദ്ദേഹത്തിന്റെ ജ്ഞാനഗുരുവായ ഗുരുദേവനും ജ്ഞാനമഹസ്സിലൊന്നാകുന്ന മുക്താവസ്ഥയെപ്പറ്റി ആത്മോപദേശശതകത്തില് പറയുന്നതു
‘അറിവുമറിഞ്ഞിടുമര്ത്ഥവുംപുമാന്ത-
ന്നറിവുമൊരാദിമഹസ്സുമാത്രമാകും
വിരളതവിട്ടുവിളങ്ങുമമ്മഹത്താമറിവിലമര്ന്നതുമാത്രമായിടേണം.’
എന്നാണു ഈ ജ്ഞാനസാക്ഷാത്കാരാനുഭവത്തെപ്പറ്റി പറയുന്നത്. ആശാന് കാവ്യസമാഹൃതകൃതിയില് ഉള്ളതായ ‘സുബ്രഹ്മണ്യദശകവും’ അപൂര്‍ണമായ ‘മോക്ഷം’ എന്ന കാവ്യവുമെല്ലാം ഈ കൃതികളിലുള്ളടങ്ങുന്നതാണ്.
ആശാന്റെ സ്തോത്രകൃതികളുടെ
അപൂര്‍വത
മഹാകവികളില്‍ ആശാനെ ഉപനിഷത് ദര്‍ശനത്തിന്റെ ശക്തനായ വക്താവായി മാറ്റുന്നുണ്ട് ഈ സ്തോത്രകൃതികള്‍. എഴുത്തച്ഛനുശേഷം ഗുരുദേവനിലും മറ്റുമല്ലാതെ അധികമാരിലും തെളിഞ്ഞു വിളങ്ങാത്ത ഈ അദൈ്വതജ്ഞാനസാകല്യം ആശാന്റെ സ്തോത്രകൃതികളില്‍ നേരിട്ട് പൂര്‍ണശോഭയോടെ വിളങ്ങുന്നു. അവ കേവലം ഭക്തിപ്രധാനമായ സ്തുതികാവ്യങ്ങളെന്നതിനുപരി വേദാന്തജ്ഞാനകാവ്യങ്ങള് കൂടിയാണ്. പരമാത്മാവില്‍ ജ്ഞാനതപസ്സനുഷ്ഠിക്കുന്ന ഒരു വിധേയഭക്തസാധകനു മാത്രം വന്നുചേരുന്ന ആത്മപ്രചോദനത്തില് നിന്നും ഉരുവംകൊണ്ട മൗലികമായ ദര്ശനശാസ്ത്രകൃതികളുടെ മേഖലയിലേയ്ക്കുയരുന്നവയും അവയിലുണ്ട്. ശങ്കരാചാര്യസ്വാമികളും ഗുരുദേവനുമെല്ലാം ദാര്ശനികാവബോധതലത്തില് നിറവാര്ന്നുപകര്ന്ന ജ്ഞാനകൃതികളെപ്പോലെ ആത്മപ്രചോദിതമായ പരാശക്തിയുടെ കൃപയില്‍ ആന്തരികമായി ഐക്യപ്പെട്ടാണ് ഈ കാവ്യങ്ങളുടെ പിറവി എന്നു നിസ്സംശയം പറയാം. സാത്വികനായ ചിന്നസ്വാമിയെപ്രതി സാധാരണപൊതുജനം ഗുരുദേവരുടെ ആത്മാംശമായി വീക്ഷിച്ചതില്‍ ഈസ്തോത്രകൃതികള്ക്കുമൊരുപങ്കുണ്ട്. സ്തോത്രകൃതികളിലെ ഈ ജ്ഞാനപ്രകാശം ഭഗവദ്ഗീതയില്‍ ഇങ്ങനെ വായിക്കാം.
‘യദാഭൂതപൃഥഗ്ഭാവ-
മേകസ്ഥമനുപശ്യന്തി
തതഏവ ച വിസ്താരം
ബ്രഹ്മസമ്പദ്യതേ തദാ’
എന്നു ക്ഷേത്രക്ഷേത്രജ്ഞയോഗത്തില്‍ പറയുന്നത്. ‘വൈവിദ്ധ്യമാര്‍ന്ന ജീവജാലം ഏകവസ്തുവില്ത്തന്നെ സ്ഥിതിചെയ്യുന്നതായും അതില്‍നിന്നുതന്നെ വികാസം പ്രാപിക്കുന്നതായും ഒരുവന് എപ്പോള്‍ അറിയുന്നുവോ അപ്പോള്‍ അവന് ബ്രഹ്മമായിത്തീരുന്നു എന്നത്രേ. ഈ ഏകാന്താദ്വയശാന്തിഭൂവിലെ ഏകത്വരസമാണ് ആശാനിലും പില്ക്കാലസ്നേഹദര്ശനമായി വികസിച്ചതെന്നതിനു സ്തോത്രകൃതികള്‍ തെളിവുതരുന്നു. ആ വിശ്വപ്രേമരസം ആശാന്റെ സ്തോത്രകൃതികളില്നിന്നു വികസ്വരമായി പില്ക്കാലത്തെ പ്രമുഖ കൃതികളിലൂടെ ജനസാമാന്യഹൃദയങ്ങളെ സ്വാധീനിക്കുമാറുള്ള ജീവിതദര്ശനമേകി.
മേല്പറഞ്ഞ ഗീതാദര്‍ശനം ‘നിജാനന്ദവിലാസ’ത്തില്‍ ഇങ്ങനെ വായിക്കാം
‘ഭാനംഭാനംപ്രപഞ്ചപ്രകൃതി സകലവും
ഭാനുമേല്, ഭാനുവിങ്കല്‍
കാനല്ക്കേണീപ്രവാഹം
കളവുകളവുതാ
നെന്നുതാനൊന്നറിഞ്ഞാല്
സ്ഥാനം മറ്റില്ലതാനില്ലവിടെയൊരു
തടസ്സങ്ങളുമില്ലെന്നുമല്ലാ-
താനന്ദാകാരമായ് നിന്നരുളുമതിശയം
തന്നെയാണെന്റെ ദൈവം’
എന്നു വ്യക്തമാക്കിയിരിക്കുന്നു. അദൈ്വതജ്ഞാനപദ്ധതിയിലൂന്നിയ ഈശ്വരതത്വത്തെ യോഗീചര്യശീലിക്കുന്ന ജ്ഞാനപുരുഷന്മാര് മാത്രമേ മലയാളത്തില്‍ ഇതുപോലെ പ്രസ്പഷ്ടമാക്കിയിട്ടുള്ളൂ. അവര്‍ തങ്ങളുടെ ജ്ഞാനതപസ്സിന്റെ ഓരോ നിലയ്ക്കനുസരിച്ചുള്ള കൃതികള്‍ രചിച്ചിട്ടുണ്ട്. ആചാര്യസ്വാമികളും ചട്ടമ്പിസ്വാമികളും ശ്രീനാരായണഗുരുദേവനുമെല്ലാം അപ്രകാരമുള്ള ജ്ഞാനികളാണ്. എന്നാല്‍ മുഖ്യധാരാസാഹിത്യരചയിതാക്കളില് ആശാനെപ്പോലെ അതു സ്വാംശീകരിച്ചു പ്രകാശിപ്പിച്ചവര്‍ വിരളംതന്നെ.
ആശാന്റെ സ്തോത്രകാവ്യങ്ങള്‍ സംസ്കൃതത്തിലെ വേദാന്തകാവ്യങ്ങളും തമിഴ്സിദ്ധാന്തകൃതികളുമുള്ക്കൊള്ളുന്ന ജ്ഞാനപാരമ്പര്യത്തില്‍ പെട്ടകൃതികളാണ്. മലയാളഭാഷയിലുണ്ടായ അത്തരത്തിലുള്ള മൗലികകൃതികളായി ഇവയെ വിലയിരുത്താവുന്നതാണ്. നമ്മുടെ മഹാകവികളിലധികമാരും തന്നെ മൗലികമായ സ്തോത്രകാവ്യങ്ങള്‍ ഇങ്ങനെ രചിച്ചിട്ടില്ല.
ആശാന്റെ സ്തോത്രകൃതികള്‍ അനുഭൂതി ധന്യത പകരുന്ന സ്തുതിപാടലുകളായി ഭക്തിയോഗത്തിനും ആര്ഷദര്ശനമായ അദൈ്വതജ്ഞാനപദ്ധതിയെ പ്രകാശിപ്പിച്ച ജ്ഞാനയോഗത്തിനും പ്രാധാന്യം നല്കിയവയാണ്. അവ നാരദീയഭക്തിസൂത്രംപോലുള്ള ഭക്തിയോഗശാസ്ത്രകൃതികളും ഭഗവദ്ഗീത പോലുള്ള പ്രസ്ഥാനത്രയ ജ്ഞാനശാസ്ത്രകൃതികളും പ്രാമുഖ്യം നല്‍കിയിരിക്കുന്ന ദര്ശനസത്യം ഉള്‍ക്കൊണ്ടു സത്യാന്വേഷിയ്ക്കു മാര്‍ഗദീപമാകുന്നുണ്ട്.
ഈ യോഗമാര്ഗങ്ങളില് ഭക്തിയോഗം, ആശാന്റെ പില്ക്കാലകൃതികളിലെ നായികമാരുടെ ജ്ഞാനപുരുഷന്മാരോടുള്ള പ്രേമഭക്തിയായും ഇതില്‍ ജ്ഞാനയോഗം തത്ത്വജ്ഞാനികളായി അവതരിപ്പിക്കപ്പെട്ട സംന്യാസിവര്യന്മാരായ ജ്ഞാനപുരുഷന്മാരിലും ദര്‍ശനീയമാണ്.
സ്തോത്രകാവ്യരചനയിലൂടെ പ്രകാശിതമായിരിക്കുന്ന, സ്വാത്മാവില്നിന്നുറന്നുവരുന്ന പരാഭക്തിയും ജ്ഞാനവിചാരവും ഈ കൃതികളെ സ്വതന്ത്രസ്തോത്രകൃതികളുടെ നിലയിലുയര്ത്തിയിരിക്കുന്നു. അവ ആചാര്യസ്വാമികളുടെയും തന്റെ ജ്ഞാനഗുരുവായ ഗുരുദേവന്റെയും അദൈ്വതപാരമ്പര്യത്തെ പിന്‍പറ്റുന്നതാണ്. പരമശിവന്, സുബ്രഹ്മണ്യന്, ദേവി, ഇങ്ങനെ തന്റെ ഗുരുവിനെ സ്വാധീനിച്ച ദേവാരാധനാസ്തോത്രരചന ആശാനിലും കാണാം. അദ്ദേഹത്തെ സനാതനധര്‍മ്മത്തിലെ വേദാന്തദര്‍ശനം സാക്ഷാത്കാരത്തോളം ആഴത്തില്‍ സ്വാധീനിച്ചതിനു തെളിവാണു ഈ സ്തോത്രകൃതികള്‍. അദ്ദേഹത്തിന്റെ കൃതികളില്‍ പില്ക്കാലത്തു സ്വമേധയാ വെളിപ്പെടുന്ന തത്ത്വചിന്തയിലുമെല്ലാം ഈ ദാര്‍ശനികമായ ജ്ഞാനസിദ്ധിയുടെ പ്രകാശനം സമൂഹത്തിലെ ‘അതിഗാഢതമസ്സിനെത്തുരന്നെതിരെ രശ്മികള്‍ നീട്ടി ദ്യുതികാട്ടുമുഢുക്കളു’ടെ ആ നക്ഷത്രശോഭ പരത്തുന്നുണ്ട്. ആര്‍ഷദര്‍ശനത്തിന്റെ ഈ ബോധമഹിമാവാണു പില്ക്കാലരചനകളില് ഭാരതീയസൗന്ദര്യശാസ്ത്രത്തിന്റെ സ്വാധീനമായിത്തീര്‍ന്നു ആശാന്‍കൃതികളെ അലൗകികമാക്കന്നത്. ഇതര കവികളുടെ തത്തുല്യരചനകളെ ഉല്ലംഘിച്ചു എക്കാലത്തെയും മികച്ച രചനകളെന്ന നിത്യയൗവനകാന്തി ആശാന്കൃതികള്ക്കു സമ്മാനിക്കുന്നതും ഇതെന്നും മനസ്സിലാക്കാം. അതിന്റെ പാഠഭൂമികയാണ് അദ്ദേഹത്തിന്റെ പൂര്‍വകാല സ്തോത്രകൃതികള്‍ എന്നുറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: