കോഴിക്കോട്: ഹൈന്ദവചേതനയെ നിരന്തരമായി കേരളത്തില്‍ അധിക്ഷേപിക്കുന്ന നടപടികളില്‍ പ്രതിഷേധിക്കുന്നതിനും ഭാവി പരിപാടികള്‍ ആലോചിക്കുന്നതിനും 17ന് തിരുവനന്തപുരത്ത് ധര്‍മ്മാചാര്യ സംഗമം നടക്കുമെന്ന് കേരള ധര്‍മ്മാചാര്യ സഭ ചെയര്‍മാനും കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയുമായ സ്വാമി ചിദാനന്ദപുരി അറിയിച്ചു. ഭരണഘടനാപദവി അലങ്കരിക്കുന്നവര്‍ ഒരു മതത്തിന്റെ ആചാരവിശ്വാസങ്ങളെ മിത്താണെന്ന് ആക്ഷേപിക്കുന്നു. പറയുന്നതാരാണെന്നും പറയുന്നതെവിടെയാണെന്നതും പ്രധാനമാണ്. കേരളം എത്തി നില്ക്കുന്ന ഗുരുതരമായ തകര്‍ച്ചയെ ചര്‍ച്ചയില്‍ നിന്നൊഴിവാക്കാനായി ഹിന്ദു ആചാരങ്ങളെ കരുവാക്കുന്നതും ശരിയല്ല. ഭക്തരുടെ വിശ്വാസങ്ങളെ അപഹസിച്ച് ഏതെങ്കിലും ക്ഷേത്രത്തിന് സഹായം നല്കിയാല് തീരുന്നതല്ല ഉണ്ടാക്കിയ പ്രശ്നം. ഭാരതീയമൂല്യങ്ങളെയും സനാതന വിശ്വാസങ്ങളെയും ആരാധനാ സമ്പ്രദായങ്ങളെയും തുടര്‍ച്ചയായി അവഹേളിക്കുകയും അവമതിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു.അദ്ദേഹം പറഞ്ഞു.
17 ന് രാവിലെ 10.30 ന് കൈമനം മാതാ അമൃതാനന്ദമയീ മഠത്തില്‍ ചേരുന്ന ധര്‍മ്മാചാര്യസഭയില്‍ സന്യാസിവര്യന്മാരും ആദ്ധ്യാത്മിക ആചാര്യന്മാരും മറ്റും പങ്കെടുക്കും.
തുടര്‍ന്ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ പൊതുയോഗം ചേരും. തിരുവനന്തപുരത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് ഗണപതി വിഗഹമേന്തി നാമജപ ഭക്തജന സംഘങ്ങള്‍ ഇതില്‍ പങ്ക് ചേരും. തുടര്‍ന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലേക്ക് നാമ ജപയാത്രയ്ക്ക് ശേഷം പ്രതീകാത്മകമായി തേങ്ങയടിക്കും. അമ്പലം അന്ധവിശ്വാസങ്ങളുടെ കേന്ദ്രമാണ്, അമ്പലം തകര്‍ത്ത് കപ്പയിടണം , കുന്തീദേവി അപഥ സഞ്ചാരിണിയാണ്, എയ്ഡ്സ് പരത്തിയത് ശ്രീകൃഷ്ണനാണ്, സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചതിലൂടെ അയ്യപ്പന്റെ ബ്രഹ്മചര്യം നഷ്ടമായി, സ്ത്രീകള്‍ കുളിച്ച് ഈറനായി ക്ഷേത്രദര്‍ശനം നടത്തുന്നത് പൂജാരിമാരുടെ മുമ്പില്‍ നഗ്നത പ്രദര്‍ശിപ്പിക്കാനാണ്, പൂജാരിമാര്‍ അടിവസ്ത്രം ധരിക്കാറില്ല, എന്നിങ്ങനെ നിരന്തരമായിഅവഹേളനങ്ങള്‍ തുടര്‍ന്നു പോരുന്നു. ശ്രീനാരായണ ഗുരുദേവനെ അപമാനിച്ചു. കൂടുതല്‍ മതേതരനാകാനുള്ള മത്സരത്തില്‍ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും ഭരണകര്‍ത്താക്കളും ഭരണഘടനാ പദവികളിലിരിക്കുന്നവരും ഹിന്ദു സമൂഹത്തിന്റെ വിശ്വാസ പ്രമാണങ്ങളെയും മൂല്യ ബിന്ദുക്കളെയും അധിക്ഷേപിക്കുന്നു. എല്ലാ വിശ്വാസങ്ങളെയും ചിന്താഗതികളെയും ആരാധനാക്രമങ്ങളെയും സഹിഷ്ണുതയോടെ സമീപിക്കുന്നതിനും വിവേചനമില്ലാതെ പരിഗണിക്കുന്നതിനും മാതൃകയാകേണ്ടവരാണ് അനുചിതമായി അനവസരങ്ങളില്‍ ഹിന്ദുബിംബങ്ങളെ അപമാനിക്കുന്നത്.
നിയമനിര്‍മ്മാണ സഭയുടെ നാഥനായ സ്പീക്കര്‍ ഗണപതി ഭഗവാന് മിത്ത് ആണെന്നും ഇത്തരം അന്ധവിശ്വാസങ്ങള്‍ സമൂഹ വളര്‍ച്ചയെ പിന്നോട്ടടുപ്പിക്കുന്നു എന്ന് പരസ്യമായി പ്രസ്താവിച്ചത് ഇതിന്റെ തുടര്‍ച്ചയാണ്. ഭരണഘടനാ പദവിയുടെ മാന്യത പാലിക്കാത്ത സമീപനമാണിതെന്ന് പറയേണ്ടി വന്നിരിക്കുന്നു. കേരള നിയമസഭയുടെ ഉന്നതമായ സ്ഥാനംവഹിക്കുന്ന സ്പീക്കര്‍ തന്റെ പദവിയുടെ മഹത്വം മനസിലാക്കാതെയും ഹൈന്ദവ മതവിശ്വാസത്തിന്റെ ശാസ്ത്രീയതയെ ഉള്‍കൊള്ളാതെയും മതസ്പര്‍ദ്ധ വളര്‍ത്തുക എന്ന ഉദ്ദേശത്തോടെയാണ് ഈ പരാമര്‍ശം നടത്തിയത്. ദുഃഖങ്ങളും ദുരിതങ്ങളും എല്ലാവിധ വിഘ്നങ്ങളും അകറ്റണമെന്ന പ്രാര്‍ത്ഥനയോടെ ശ്രീ വിനായകന്റെ ചതുര്‍ത്ഥി ദിനാഘോഷങ്ങള്‍ നാടെങ്ങും ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന വേളയില്‍ തന്നെയാണ് ഷംസീറിന്റെ പ്രസംഗംനടന്നിട്ടുള്ളത് എന്നതും കൂട്ടി വായിക്കേണ്ടതാണ്.
സമാജ ശക്തി ഉണര്‍ത്തി അതിനെ സ്വാതന്ത്ര്യ സമരത്തിലേക്ക് നയിക്കാന്‍ ധീര ദേശാഭിമാനികളായ സ്വാതന്ത്ര്യ സമര സേനാനികള്‍ ഗണേശ ചതുര്‍ത്ഥി ആഘോഷത്തെ ഉപയോഗപ്പെടുത്തിയ ചരിത്രം ബഹുമാന്യ സ്പീക്കര്‍ക്ക് അറിയാത്തതാണോ?
സനാതന ധര്‍മ്മ സംരക്ഷണത്തിനും മാന ബിന്ദുക്കളെ തകര്‍ക്കാനുള്ള നീക്കത്തിനുമെതിരെയും നടക്കുന്ന ഈ മുന്നേറ്റത്തിന് സര്‍വ്വ പിന്തുണയുമുണ്ടാകണമെന്ന് ധര്‍മ്മാചാര്യ സഭഅഭ്യര്‍ത്ഥിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സ്വാമി ജിതാത്മാനന്ദ സരസ്വതി(ചിന്മയ മിഷന്), കേരളധര്‍മ്മാചാര്യസഭ ജനറല്‍ കണ്‍വീനര്‍ മുല്ലപ്പള്ളി കൃഷ്ണന് നമ്പൂതിരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: