പ്രൊഫ.കെ. ശശികുമാര്‍
നമഃ പരമ ഋഷിഭ്യോഃ
നമഃ പരമ ഋഷിഭ്യഃ
ബ്രഹ്മാവും വിഷ്ണുവും മഹേശ്വരനും ഏകത്ര സമ്മേളിക്കുന്ന പരബ്രഹ്മമായ ഗുരു ആര്‍ഷഭാരതത്തിന്റെ യുഗസംസ്കൃതിക്കുസ്വന്തം.
അവതാരരൂപിയായ നാരായണമഹര്ഷിയില്നിന്നും ബ്രഹ്മദേവനും തുടര്‍ന്ന് വസിഷ്ഠമഹര്‍ഷിയും അദ്ദേഹത്തില്‍നിന്നും ശക്തി മഹര്‍ഷിയും പിന്നീട് പരാശരമഹര്‍ഷിയും അദ്ദേഹത്തില്‍നിന്നും വ്യാസമഹര്‍ഷിയും തുടര്‍ന്ന് ഗൗഡപാദാചാര്യരും ഗോവിന്ദാചാര്യരും അദ്ദേഹത്തില്‍നിന്നും ശ്രീശങ്കരാചാര്യരും ബ്രഹ്മവിദ്യയെ ഗ്രഹിച്ചുവത്രെ. ഗുരുപരമ്പരയ്ക്ക് നമോവാകം.
ഇതിഹാസപുരാണങ്ങളടങ്ങിയ അധ്യാത്മസാഹിത്യത്തിന്റെ പിന്നിലുള്ള സര്‍ഗവൈഭവത്തെ നാം ‘വ്യാസന്’ എന്നുവിളിക്കുന്നു. വ്യസിക്കുന്നവന്‍ വ്യാസന്. വ്യസിക്കുക എന്നാല്‍ വിസ്തരിക്കുക എന്നര്‍ത്ഥം. ‘വ്യസിച്ചു വേദമെല്ലാമേ, വ്യാസനായതു കാരണാല്‍’ എന്നൊരു ഉപപത്തിയും പ്രസിദ്ധം.
ബ്രഹ്മപുത്രനായ വസിഷ്ഠന്റെ പൗത്രനായ പരാശരമഹര്‍ഷിയ്ക്ക് കാളിയില്‍ ജനിച്ച പുത്രന് വ്യാസന്. മത്സ്യഗന്ധിയായ കാളിയെ പരാശരന് കസ്തൂരിഗന്ധിയാക്കി. ഗുരുകൃപ ഒന്നുമാത്രമുണ്ടായാല്‍ ഏതു താമസഭാവവും സ്വാത്വികമാവും. ഈ മണംമാറ്റം അതിനുദാഹരണം.
വ്യാസന്റെ ബാല്യനാമം കൃഷ്ണന്. ജനനം ദ്വീപിലായിരുന്നതിനാല്‍ കൃഷ്ണദൈ്വപായനന്‍. പാരാശര്യന്, ബാദരായണന്‍, ദൈ്വപായനന് തുടങ്ങിയ സംജ്ഞകളെല്ലാം വ്യാസനുസ്വന്തം.
വ്യാസഗുരുകുലം പ്രാചീന സര്വകലാശാലതന്നെയായിരുന്നു. വൈശമ്പായനന്‍, സൂതന്‍, പൈലന്, ജൈമിനി തുടങ്ങിയ പ്രശസ്തരും പ്രഗത്ഭരുമൊക്കെ വ്യാസശിഷ്യര്‍. വേദവ്യാസന് എന്നത് കേവലമായ വ്യക്തിനാമമല്ലെന്ന് ആധുനിക ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഒരു ഗുരുപരമ്പരയുടെ സാമാന്യനാമമത്രെ വ്യാസന്.
ഇങ്ങനെ സിദ്ധാന്തിക്കുവാന്‍ പഴയൊരു കാരണം കൂടിയുണ്ട്. മന്വന്തരം തോറും ഓരോരോ വ്യാസന് ജനിക്കുമെന്ന് വിഷ്ണുപുരാണം പറയുന്നു. ഓരോ ദ്വാപരയുഗത്തിലും ഒരു വ്യാസന് ഉണ്ടാവും എന്ന് മറ്റൊരുകഥ. അങ്ങനെയൊരു കണക്കെടുത്താല്‍ ഏതാണ്ട് ഇരുപത്തെട്ടോളം വ്യാസന്മാര് ഉണ്ടാവണം. ഏകനോ അനേകനോ ആവട്ടെ സര്‍ഗപ്രതിഭയുടെ നിതാന്തവിസ്മയമാണ് വ്യാസന് എന്ന നാമം.
മഹാഭാരതം എന്ന ഇതിഹാസമൊന്നുമതി വ്യാസനു സ്മാരകമായി. ‘യതോധര്മസ്തതോ ജയഃ’- ഇതിഹാസസന്ദേശം ഇതത്രെ. നൂറുകണക്കിന് കഥാപാത്രങ്ങളും സംഭവപരമ്പരകളും. മര്‍ത്ത്യജീവിതത്തിന്റെ ദുഃഖവും ദുരിതവും സുഖാഹ്ലാദങ്ങളും സംഘര്‍ഷവും സമന്വയവും ഇത്ര തന്മയതയോടെ വേദവ്യാസനല്ലാതെ മറ്റാരും വിശ്വസാഹിത്യത്തിലാവിഷ്ക്കരിച്ചിട്ടില്ല.
ഭഗവദ്ഗീതയുടെ പതിനെട്ടാം അധ്യായം. അവസാനത്തെ അഞ്ചുശ്ലോകങ്ങള്‍ സഞ്ജയന്റേതാണ്. അതില്‍ രണ്ടാമത്തേതിങ്ങനെ:
വ്യാസപ്രസാദാത് ശ്രുതവാ-
നേതദ് ഗുഹ്യമഹം പരം
യോഗം യോഗേശ്വരാത് കൃഷ്ണാത്
സാക്ഷാത് കഥയതഃ സ്വയം (75)
വ്യാസപ്രസാദത്താലാണ് ഈ യോഗശാസ്ത്രം കേള്‍ക്കാനുള്ള നിയോഗം സഞ്ജയനുലഭിച്ചതെന്ന് സമ്മതിക്കുകയാണിവിടെ.
വാക്കും മനസ്സും കടന്നുചെല്ലാത്ത അപാരതയുടെ വിശ്വരൂപം പ്രതിബിംബിക്കുന്ന ഒരു ദിവ്യദര്പണംതന്നെ വ്യാസമഹാഭാരതം.
ഹേ, ശ്രീ വേദവ്യാസമഹര്ഷേ! വിശാലബുദ്ധിയും, വിടര്‍ന്ന താമരപ്പൂവിന്റെ നീണ്ട ഇതള്‍പോലെ സുന്ദരവുമായ നേത്രങ്ങളോടുകൂടിയവനുമായ അങ്ങയ്ക്ക് നമസ്കാരം! അങ്ങ് മഹാഭാരതമാകുന്ന എണ്ണനിറച്ച ജ്ഞാനദീപം പ്രജ്ജ്വലിപ്പിച്ചുവല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: