തിരുവനന്തപുരം: മെഡിക്കല്‍ കോളേജില്‍ ഓപ്പറേഷന് തിയേറ്ററിലും ഹിജാബും ശരീരമാസകലം മറയുന്നതരത്തില്‍ വസ്ത്രം ധരിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ കത്ത് നല്‍കിയതിന് പിന്നില്‍ തീവ്ര മുസ്ലിം സംഘടനകളുടെ ഇടപെടലുണ്ട് എന്ന കാര്യം വ്യക്തമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി.
നിയമാനുസൃതം രാജ്യത്ത് എല്ലാ മതാചാരപ്രകാരം ജീവിക്കാന്‍ അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. എന്നാല്‍ രാജ്യത്ത് പോപ്പുലര്‍ ഫ്രണ്ട് പോലുള്ള തീവ്രവാദ സംഘടനകള്‍ നിരോധിച്ചതിനു ശേഷം രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ നിശബ്ദ ആശയ പ്രചരണത്തിന്റെ ഭാഗമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ വിഷയവും എന്ന് വേണം കരുതാനെന്നും അദേഹം പറഞ്ഞു.
അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപെട്ടു വസ്തുതകള്‍ പുറത്തുവരുന്നതിനു മുമ്പ്തന്നെ സോഷ്യല്‍ മീഡിയയില്‍ അടക്കം വിഷയം ആളിക്കത്തിച്ച് വര്‍ഗീയ ദ്രുവീകരണത്തിനു ശ്രമിച്ചതും ഇപ്പോള്‍ കേരളത്തില്‍ സ്വതന്ത്രരായി നടക്കുന്ന ഇസ്ലാമിക ഭീകരര്‍ തന്നെ.
അമല്‍ ജ്യോതി കോളേജ് വിഷയത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വിദ്വേഷം പരത്തി ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ ഇനിയും പിടികൂടാന്‍ പോലീസിന് സാധിച്ചിട്ടില്ല എന്ന് പറയുമ്പോള്‍ ഇത്തരക്കാര്‍ക്ക് സംരക്ഷണം ഒരുക്കുന്ന വലിയൊരു വിഭാഗം ഇപ്പോഴും നിയമത്തിന്റെ കണ്ണില്‍ പെടാതെ കേരളത്തിലെമ്പാടും ഉണ്ടെന്നു വേണം കരുതാന്‍.
ഇതേ ഹിജാബ് വിഷയംതന്നെയാണ് കര്‍ണാടകയില്‍ വലിയ ഭിന്നിപ്പിനും വര്‍ഗീയ ദ്രുവീകരണത്തിനും വഴിമരുന്നിട്ടത് അവിടെ പയറ്റി തെളിഞ്ഞ അതേ തന്ത്രമാണ് തീവ്രമുസ്ലിം സംഘടനകള്‍ കേരളത്തിലും നടപ്പാക്കാന്‍ ശ്രമിക്കുന്നത്. കഴിഞ്ഞ ഏതാനും നാളുകള്‍ക്കു മുന്‍പ് സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും മുന്പില് നടന്നിട്ടുള്ള ഏതാനും സമരങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചതും ഇതേ ദുഷ്ടശക്തികള്‍ തന്നെയാണ്. ഹിജാബ് വിഷയം കേവലം വിദ്യാര്‍ത്ഥിനികളുടെ വിഷയമല്ല ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം കണ്ടെത്തേണ്ടതായുണ്ടെന്നും എന്‍. ഹരി പറഞ്ഞു.
ദീര്‍ഘകാലാടിസ്ഥാനത്തില്‍ സംസ്ഥാനത്തു നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഭീകര ആശയ പ്രചരണങ്ങളെ സംസ്ഥാന സര്‍ക്കാരും പ്രതിപക്ഷവും കണ്ടില്ലെന്നു നടിക്കുകയാണ്. എസ്ഡിപിഐ. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനയുടെ വോട്ട് മാത്രം ലക്ഷ്യമിട്ട് നിശബ്ദമായിരുന്നാല്‍ വരും നാളുകളില്‍ കേരളം വലിയ വിലനല്‍കേണ്ടിവരും, അതിന് സര്‍ക്കാര്‍ കേരള ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: