‘ഗോ എവേ സ്റ്റുപിഡ് ഇന്ദി ഹൗസ് ഓഫ് മൈ വൈഫ് ആന്റ് ഡാട്ടര്‍. യുവില്‍ നോട്ട് സീ എനി മിനിട്ട് ഓഫ് ദി ടുഡേ..ഇറങ്ങിപ്പോടാ…ഗെറ്റ് ഔട്ട്ഹൗസ്.. ‘ ഇന്നും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന ‘മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു’ സിനിമയിലെ ജഗതിയുടെ ഡയലോഗ് മലയാളി മറക്കില്ല. അതിനെ വെല്ലുന്ന തരത്തില്‍ ഒരു ദേശീയ മാധ്യമത്തിന്റെ പരിപാടിയില്‍ കുട്ടിസഖാവ് നടത്തിയ ഇംഗ്ലീഷ് പ്രസംഗം വൈറലായിട്ടുണ്ട്. ”..പൊളിറ്റിക്സ്, ഐ തിങ്ക് ആര്‍ട്ട് ഓഫ് ചെയിഞ്ചിംഗ് ഇംപോസിബിള്‍ തിങ്ക്സ് ഓഫ് ടുഡേ, ടു ദി പോസ്സിബിള്‍ തിങ്ക് ഓഫ് ടുമോറോ..സോ ഐകാന് ഫേര്‍മിലി സേദാറ്റ്… ” വിഖ്യാതമായ കേരള സര്‍വ്വകലാശാലയില്‍നിന്നും ഇംഗ്ലീഷില്‍ പിഎച്ച്ഡി നേടിയ സാക്ഷാല്‍ സഖാവ് ഡോ. ചിന്താജറോമിന്റെ പ്രസംഗം. ഇതേ കുട്ടിസഖാവിന്റെ അഖിലേന്ത്യാ സെക്രട്ടറി എ.എ.റഹീം എംപിയുടെ രാജ്യസഭാ പ്രസംഗവും വൈറലായിരുന്നു. അതിനെ വെല്ലും പുതിയത്. ഇതാണ് സര്‍വ്വകലാശാലകളിലേയും കലാലയങ്ങളിലെയും എസ്എഫ്ഐ നേതാക്കളുടെ സ്ഥിതി. തങ്ങളുടെ തെറ്റുകള്‍ ചൂണ്ടിക്കാട്ടുന്നവരെ കൈകാര്യം ചെയ്യുന്ന, വിവരവും വിജ്ഞാനവുമുള്ളവന്റെ കരണത്തടിച്ചും പ്രിന്‍സിപ്പാള്‍മാര്‍ക്ക് ശവകുടീരം ഒരുക്കിയും വളരുന്ന വിദ്യാര്‍ത്ഥി നേതാക്കളുടെ നാവില്‍ നിന്നും വേറെന്തെങ്കിലും പുറത്തുവരുമെന്ന് കരുതാനാകുമോ.
എസ്എഫ്ഐക്കാരുടെ തോന്ന്യാസങ്ങള്‍ക്ക് കൂട്ടുനില്‍ക്കാത്തവരെ കായികമായി കൈകാര്യം ചെയ്യുന്നതാണ് എസ്എഫ്ഐയുടെ രീതി. പ്രത്യേകിച്ച് ശത്രുപാളയത്തില്‍ നില്ക്കുന്ന ആളുകൂടിയായാല്‍. അതുകൊണ്ടാണ് ആഗോള വിദ്യാഭ്യാസ സമ്മേളനത്തില്‍ എത്തിയ മുന്‍ അംബാസിഡര്‍ ടി.പി. ശ്രീനിവാസനെന്ന വയോധികന്റെ ചെകിടടിച്ച് പൊട്ടിച്ച് നിലത്തിട്ടത്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്മാന് സ്ഥാനം ഏറ്റെടുത്തു എന്നതായിരുന്നു വയോധികന് ചെയ്ത കുറ്റം. അന്ന് പോളിറ്റ്ബ്യൂറോ അംഗമായ പിണറായി വിജയന് പറഞ്ഞത് ടി.പി.ശ്രീനിവാസന് വിദ്യാഭ്യാസ വിചക്ഷണനല്ലെന്നായിരുന്നു. ഈ നിലപാടുള്ള സഖാവിന്റെ അനുയായികള്‍ വിവരമുള്ളവരുടെ ചെകിട് അടിച്ച് പൊളിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
ഗുരുവിനെ കൊല്ലണമെന്ന് മനസില്‍ ചിന്തിച്ചതിന് ഉമിത്തീയില്‍ ദഹിച്ച സുകുമാരകവിയുടെ പാരമ്പര്യമുള്ളനാടാണ്. ഗുരു കഴിഞ്ഞേ ദൈവത്തിനും സ്ഥാനമുള്ളൂ. പക്ഷെ എസ്എഫ്ഐ ആയതിനാല്‍ ജിവിച്ചിരിക്കെതന്നെ ആശാന്റെ നെഞ്ചത്ത് റീത്തുവയ്ക്കും. വിരമിക്കുന്ന ദിവസം ഒരു കോളജിന്റെ പ്രിന്‍സിപ്പലിന് പ്രതീകാത്മക ശവകുടീരം തീര്‍ക്കാന്‍ വിവരമോ ചിന്താശക്തിയോ ഉള്ള ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി സംഘടനയ്ക്ക് കഴിയുമോ? എസ്എഫ്ഐ അതും ചെയ്തു. അവരുടെ തെറ്റുകളെ എതിര്‍ത്തതിന് പാലക്കാട് വിക്ടോറിയ കോളജിലെ പ്രിന്‍സിപ്പാള്‍ ടി.എന്‍.സരസുവിന് എസ്എഫ്ഐ ശവകുടീരം ഒരുക്കി. ടി.എന്‍.സരസു വിരമിക്കുന്ന ദിവസം കോളജിലെ ഓഫീസിന് മുന്നില്‍ കുഴിമാടം ഒരുക്കി. അതിനുമുകളില്‍ റീത്ത് വെച്ച് ആഘോഷിച്ചു. പരാതിയില്‍ നടപടി ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം ഉയര്‍ന്നതോടെ നാലു എസ്എഫ്ഐക്കാരെ അറസ്റ്റുചെയ്തു. സാക്ഷി പറയേണ്ടുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും പക്ഷെ എസ്എഫ്ഐക്ക് എതിരെ കോടതിയില്‍ ഒരക്ഷരം മിണ്ടിയില്ല. പ്രതികളെ വെറുതെ വിട്ടു. വയോധികയായ ആ അധ്യാപിക പറഞ്ഞപ്പോലെ അവരുടെ സര്‍ക്കാര്‍, അവരുടെ ഭരണം! അത്രതന്നെ.
എസ്എഫ്ഐയുടെ അസാന്മാര്ഗിക പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചതിന് മഹാരാജാസ് കോളജിലെ പ്രിന്‍സിപ്പാളിന്റെ കസേര കത്തിച്ചായിരുന്നു ഗുരുഭക്തി കാട്ടിയത്. സദാചാര പോലീസ് ചമയുന്നെന്നാരോപിച്ചാണ് പ്രിന്‍സിപ്പാള്‍ എന്‍.എല്‍ ബീനയുടെ കസേര കത്തിച്ചത്. അന്വേഷണം നടത്തിയ മൂന്നംഗ കമ്മീഷന് വിദ്യാര്‍ത്ഥികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത് വിവാദമായതിനാല്‍ മാത്രമാണ്. അസാന്മാര്ഗിക പ്രവൃത്തികള്‍ ചൂണ്ടിക്കാട്ടിയത് മാത്രമല്ല എസ്എഫ്ഐയെ ചൊടിപ്പിച്ചത്. കോളജില്‍ ആയുധങ്ങള്‍ കണ്ടെത്തിയതിലും പ്രിന്‍സിപ്പാള്‍ നടപടി സ്വീകരിച്ചിരുന്നു. രസകരമായ കാര്യം എസ്എഫ്ഐക്കൊപ്പം ഇടതുപക്ഷ അധ്യാപക സംഘടനകളും കസേരകത്തിക്കാന്‍ കൂട്ടുനിന്നു എന്നതാണ്. ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡയറക്ടറോട് ആവശ്യപ്പെടുമെന്നൊക്കെ അന്വേഷണ കമ്മീഷന് പറഞ്ഞെങ്കിലും അധ്യാപക സഖാക്കളെ ചങ്കും കരളും നല്കി സംരക്ഷിച്ചു.
‘ജീവന് വേണേല്‍ ബില്ല് ഒപ്പിട്ടു തന്നേക്കണം. അല്ലെങ്കില്‍ ശവമായിട്ടേ പുറത്തുപോകൂ. ഇനി ഈ പരിസരത്ത് കണ്ടാല്‍ കൊന്നുകളയും…’ ഡിവൈഎഫ്ഐ ദേശീയ അധ്യക്ഷന്‍ എ.എ. റഹിമിന്റെ നാവിലെ സരസ്വതിവിളയാട്ടമാണിത്. കേരള യൂണിവേഴ്സിറ്റി സിന്‍ഡിക്കേറ്റ് അഗമായിരുന്ന റഹിം സ്റ്റുഡന്റ്സ് സര്‍വീസ് മേധാവി പ്രൊഫ.വിജയ ലക്ഷ്മിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. കലോത്സവ നടത്തിപ്പിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി ബില്ല് ഒപ്പിടാനാകില്ലെന്ന് പറഞ്ഞതായിരുന്നു വിജയലക്ഷ്മി ചെയ്ത കുറ്റം. ഇരുന്നൂറോളം വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വിജയലക്ഷ്മിയെ മണിക്കൂറുകളോളം തടഞ്ഞുവച്ചു. അസഭ്യം പറയുകയും വെള്ളം പോലും നല്‍കാതെ മാനസികമായി പീഡിപ്പിച്ചു. പെണ് സഖാക്കള്‍ വിജയലക്ഷ്മിയുടെ തലമുടി പിടിച്ചുവലിച്ചും പേനകൊണ്ട് മുതുകില്‍ കുത്തിയും രസിച്ചു. ഗവര്‍ണര്‍ക്ക് വരെ പരാതി നല്‍കിയശേഷമാണ് കേസെടുക്കാന്‍പോലും പോലീസ് തയ്യാറായത്. ഈ സമയത്തെ കേരള യൂണിവേഴ്സിറ്റിയുടെ വൈസ് ചാന്‍സിലര്‍ എസ്എഫ്ഐക്കാരുടെ ഭീഷണിയെത്തുടര്‍ന്ന് പോലീസ് കാവലിലായിരുന്നു യാത്ര. മാസങ്ങളോളം അദ്ദേഹത്തിന് വീട് ഓഫീസാക്കേണ്ടിവന്നു.
കളമശ്ശേരി ഗവ. പോളിടെക്നിക് കോളജില്‍ എസ്എഫ്ഐക്കാര്‍ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതി നല്‍കിയത് ഇടത് സംഘടനാ പ്രവര്‍ത്തകയായ അധ്യാപികയാണ്. പഠനം പൂര്‍ത്തിയാക്കിയ എസ്എഫ്ഐ നേതാവിന്റെ ഹോസ്റ്റല്‍ മുറി മറ്റൊരു വിദ്യാര്‍ഥിക്ക് അനുവദിച്ചതായിരുന്നു കുറ്റം. ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ചെയര്‍മാനായ മന്ത്രി സഖാവ് കെ.ടി.ജലീലിന് എസ്എഫ്ഐനല്‍കിയ പരാതിയില്‍ അധ്യാപികയെ ഹോസ്റ്റല്‍ ഭരണച്ചുമതലയില്‍ നിന്ന് നീക്കി. അന്വേഷണത്തിനായി പ്രത്യേക കമ്മീഷനെ നിയോഗിച്ച് അധ്യാപികയെ വേണ്ടുവോളം ഉപദ്രവിച്ചു.
തൃശ്ശൂര്‍ മഹാരാജാസ് ടെക്നിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ അധ്യാപകന്റെ കാല് തല്ലിയൊടിക്കുമെന്ന് എസ്എഫ്ഐ തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി അസം മുബാറക് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നിട്ട് ഏറെ നാളായില്ല. ‘തെമ്മാടിത്തരം കാണിച്ചാല്‍ കാല് തല്ലിയൊടിക്കും. ഞങ്ങള്‍ കുറേ പേരെ കണ്ടിട്ടുണ്ട്. സിന്‍ഡിക്കേറ്റിലും സെനറ്റിലും ഒക്കെ ഞങ്ങള്‍ അംഗങ്ങളാണ്. ഞങ്ങളുടെ കുട്ടികളെ തൊട്ടാലുണ്ടല്ലോ, മര്യാദയ്ക്ക് മാപ്പെഴുതി കൊടുത്തോ. ഇല്ലെങ്കിലുണ്ടല്ലോ, കാല് തല്ലിയൊടിക്കും.”ഇതായിരുന്നു പോലീസിന്റെ സാന്നിധ്യത്തില്‍ ഗുരുവിനോടുള്ള ഭീഷണി. വിദ്യാര്‍ത്ഥി സമരത്തിനിടെയുണ്ടായ പ്രശ്നത്തിന് പോലീസിനെ വിളിച്ചതും അക്രമികളെ പുറത്താക്കിയതുമായിരുന്നു പ്രിന്‍സിപ്പാളിന്റെ ഇന്‍ചാര്‍ജുള്ള അധ്യാപകന് ചെയ്ത കുറ്റം. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ മൂക്കിന് കീഴെ ലോകോളജില്‍ 10 മണിക്കൂറോളം പ്രിന്‍സിപ്പാളിനെയും അധ്യാപകരെയും ഭക്ഷണവും വെള്ളവും നല്‍കാതെ പൂട്ടിയിട്ടത്. ഇപ്പോഴിതാ വ്യാജരേഖ ചമച്ച് അധ്യാപികയായ കുട്ടി സഖാവ് കെ.വിദ്യയ്ക്ക്, പയ്യന്നൂര്‍ കോളജിലെ അധ്യാപികയുടെ കാര്‍ കത്തിച്ചതിലും പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരിക്കുന്നു. മാര്‍ക്ക് കുറച്ചാല്‍ മിനിമം കാറെങ്കിലും കത്തിക്കണ്ടേ.
ആര്‍ഷോയുടെ മാര്‍ക്ക് വിവാദത്തിലും ഇപ്പോള്‍ പ്രതികളായിരിക്കുന്നത് മഹാരാജാസ് കോളജ് പ്രിന്‍സിപ്പാളും വകുപ്പ് മേധാവിയുമാണ്. ഒപ്പം തെറ്റ് ചൂണ്ടിക്കാട്ടിയ വിദ്യാര്‍ത്ഥികളും മാധ്യമങ്ങളും. അര്‍ഷോയെ അപമാനിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് കുറ്റം. അങ്ങനെയെങ്കില്‍ വിദ്യയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവന്ന ആ അധ്യാപികയുടെയും പരാതി നല്കിയ പ്രിന്‍സിപ്പാള്‍മാരുടെയും ഭാവി എന്താകുമെന്ന് കണ്ടറിയണം. കാരണം എസ്എഫ്ഐയുടെ ഗുരുഭക്തി അത്രത്തോളമുണ്ടല്ലോ. എതിര്‍ത്താല്‍ പിച്ചിചീന്തും. ഒപ്പം നിന്നാല്‍ എന്ത് തീവെട്ടിക്കൊള്ള നടത്തിയാലും സഖാക്കള്‍ വെള്ളപൂശി സംരക്ഷിക്കും. തട്ടിപ്പുകളുടെ സംസാരിക്കുന്ന തെളിവുകള്‍ എത്രയൊക്കെ പുറത്തുവന്നാലും വ്യാജരേഖകള്‍ ചമച്ച് ഇഷ്ടക്കാരെ തിരുകികയറ്റിക്കൊണ്ടിരിക്കും. മറ്റുള്ളവരുടെ അവസരങ്ങള്‍ തട്ടിയെടുക്കും. എതിര്‍ക്കുന്നവരെ ഉന്മൂലനം ചെയ്യും. അത് തുടര്‍ന്നുകൊണ്ടിരിക്കും. എന്നിട്ട് മുഷ്ടികള്‍ ആകാശത്തിലേക്ക് ഉയര്‍ത്തി നെഞ്ചുപൊട്ടുമാറ് ഉറക്കെ വിളിക്കും ‘സ്വാതന്ത്ര്യം..ജനാധിപത്യം..സോഷ്യലിസം സിന്ദാബാദ്….’കാരണം സംഘടന എസ്എഫ്’അയ്യേ’ എന്നാണ്.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: