ന്യൂദല്‍ഹി: ബ്രിട്ടീഷ് മാദ്ധ്യമമായ ബിബിസിയുടെ ദല്‍ഹിയിലെ ഓഫിസില്‍ ആദായ നികുതി വെട്ടിച്ചതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഫെബ്രുവരിയില്‍ നടത്തിയ റെയ്ഡ് ഫലം കണ്ടു. റെയ്ഡിന്റേയും തുടര്‍ന്ന് നടന്ന അന്വേഷണത്തിന്റെയും കണ്ടെത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നികുതി വെട്ടിപ്പ് നടത്തിയതായി ബിബിസി തുറന്നുസമ്മതിച്ചു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് വകുപ്പിന് ഇ- മെയില്‍ വഴി നല്കിയ വിശദീകരണത്തിലാണ് ബിബിസി യഥാര്‍ത്ഥ നികുതി നല്‍കാതെയാണ് നാളിതുവരെ പ്രവര്‍ത്തിച്ചതെന്ന് വ്യക്തമാക്കിയത്. 40 കോടി രൂപയോളം വെട്ടിച്ചെന്നാണ് ബിബിസിയുടെ കുറ്റസമ്മതമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
ബാധ്യതയേക്കാള് കുറഞ്ഞ നികുതിയാണ് കമ്പനി ഇന്ത്യയില്‍ അടയ്ക്കുന്നതെന്നും ആകെ കണക്കെടുത്താല്‍ കുടിശ്ശികയുള്‍പ്പെടെ 40 കോടി രൂപവരുമെന്നും ടാക്സ ഡിപ്പാര്‍ട്ട്മെന്റിലെ ഉന്നത് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇതിനു പിന്നാലെ ബിബിസിയും ഇക്കാര്യം സമ്മതിച്ചു. നികുതി വെട്ടിപ്പില്‍ പിഴ ഒടുക്കി രക്ഷപെടാനുള്ള നീക്കവും ബിബിസി തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പൂര്‍ണമായി പരിഹരിക്കപ്പെടുന്നതുവരെ സ്ഥാപനത്തിനെതിരായ നിയമ നടപടികള്‍ തുടരാനാണ് സിബിഡിടിയുടെ തീരുമാനം. ആദായ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട അന്വേഷണം കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടിയാണെന്നായിരുന്നു മാദ്ധ്യമ സ്ഥാപനം നേരത്തെ ആരോപിച്ചിരുന്നത്. എന്നാല്‍, കണക്കുകളും തെളിവുകളും പുറത്തുവന്നപ്പോള്‍ തങ്ങള്‍ നികുതിവെട്ടിച്ചെന്നു തുറന്നുസമ്മതിച്ചിരിക്കുകയാണ് ബിബിസി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: