തിരുവനന്തപുരം: ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത സാഹചര്യം സൃഷ്ടിച്ചാണ് പിണറായി സര്‍ക്കാര്‍ എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. സര്‍ക്കാരിനെതിരെ ജനകീയ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം നല്‍കും. ഒരാഴ്ച കാലം ബിജെപി പ്രതിഷേധവാരമായി ആചരിക്കും. ഭരണ തകര്‍ച്ചയും അരാജകത്വവും മാത്രമാണ് ഇടത് സര്‍ക്കാരിന്റെ കൈമുതല്‍. 4,000 കോടിയോളം രൂപയുടെ അധിക നികുതിയാണ് എട്ടാം വര്‍ഷത്തില്‍ ചുമത്തിയത്.
പെട്രോളിനും ഡീസലിനും രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തിയതോടെ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാത്തിനും വിലകൂടിയിരിക്കുകയാണ്. തൊട്ടടുത്ത സംസ്ഥാനങ്ങളിലും മാഹിയിലും കേരളത്തിനെ അപേക്ഷിച്ച് 1215 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിനും ഡീസലിനും കുറവ് വരുന്നത്. കെട്ടിട നിര്‍മാണ മേഖലയിലാവട്ടെ റോക്കറ്റ് നികുതി വര്‍ധനവാണ് പിണറായി സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. അരിക്കും പച്ചക്കറിക്കും ഉള്‍പ്പെടെ പൊള്ളുന്ന വിലയാണ് ഇന്ന് കേരളത്തിലുള്ളത്. വെള്ളക്കര വര്‍ധനവ് നാട്ടുകാരുടെ നട്ടെല്ലൊടിച്ചു നില്‍ക്കുമ്പോഴാണ് അടുത്ത മാസം വീണ്ടും വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്.
സമാനതകളില്ലാത്ത അഴിമതിയും സ്വജനപക്ഷപാതവും നടത്തി ഈ സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കുകയാണ്. പിണറായി സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളും പൂര്‍ണ പരാജയമാണ്. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നതില്‍ മുഖ്യമന്ത്രി ദയനീയമായി പരാജയപ്പെട്ടു. പൊലീസുകാര്‍ ലഹരിമാഫിയകള്‍ക്കും ഗുണ്ടകള്‍ക്കും വേണ്ടി വിടുപണി ചെയ്യുകയാണ്. ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയുടെ കൊലപാതകം.
സര്‍വ്വത്ര കൊള്ളയാണ് കേരളത്തില്‍ നടക്കുന്നത്. പണ്ടൊക്കെ ഒരു പദ്ധതിയില്‍ നിന്നും കമ്മീഷന് അടിക്കുകയാണ് ചെയ്തിരുന്നതെങ്കില്‍ ഇന്ന് അഴിമതി നടത്താന്‍ വേണ്ടി മാത്രമാണ് പദ്ധതികള്‍ പോലും സൃഷ്ടിക്കുന്നത്. എഐ ക്യാമറ അഴിമതി നടത്തിയത് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിലാണ്. ഇന്ത്യയില്‍ ഏറ്റവും സംഘടിതമായ അഴിമതി നടക്കുന്ന സംസ്ഥാനമായി കേരളം മാറി കഴിഞ്ഞിരിക്കുന്നു. താനൂര്‍ ബോട്ടപകടം സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് ദുരന്തമാണ്. 22 പേരെ സര്‍ക്കാര്‍ കൊലയ്ക്ക് കൊടുത്തതാണ്.
മലപ്പുറം കീഴ്ശ്ശേരിയില്‍ ബീഹാറി ആദിവാസി യുവാവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവം ലോകത്തിന് മുമ്പില്‍ കേരളത്തെ നാണംകെടുത്തുന്നതായിപ്പോയി. ഇതിന് മുമ്പും സമാനമായ രീതിയില്‍ അട്ടപ്പാടിയില്‍ മധുവിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്ത് വെച്ച് വയനാട് സ്വദേശിയായ വിശ്വനാഥനെയും ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു. ആദിവാസി വിഭാഗങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണ്. സര്‍ക്കാര്‍ ശക്തമായ നടപടിയെടുക്കാത്തതാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം.
ഐഎസ് ഭീകരവാദികളുടെ ചതിക്കുഴിയെ കുറിച്ച് പറയുന്ന ഹിന്ദി സിനിമ കേരള സ്റ്റോറിക്കെതിരെ കേരളത്തില്‍ നടപ്പിലാക്കുന്ന അപ്രഖ്യാപിത വിലക്ക് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. സിപിഎമ്മും കോണ്‍ഗ്രസും ഐഎസ് ഭീകരവാദികളുടെ മാനസികാവസ്ഥയിലാണ് സിനിമക്കെതിരെ കേരളത്തില്‍ ഉറഞ്ഞുതുള്ളുന്നത്. കേരളതീരത്ത് നിന്ന് 25000 കോടിയുടെ മാരക മയക്കുമരുന്ന് പിടികൂടിയ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരിവേട്ടയാണ് കൊച്ചിയില്‍ നടന്നിരിക്കുന്നത്. പാക്കിസ്ഥാന്റെ നേരിട്ടുള്ള ഇടപെടലാണ് ഇതിലൂടെ വ്യക്തമാവുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ നിഷ്ക്രിയതയാണ് കേരളത്തെ ലഹരി ഹബ്ബാക്കി മാറ്റുന്നത്. കേരളത്തില്‍ ഭരണപ്രതിപക്ഷ അവിശുദ്ധ സഖ്യമാണ് നടക്കുന്നത്. സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്ന സിപിഎമ്മല്ല, ബിജെപിയാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഭരണപക്ഷത്തോടുള്ള പ്രതിപക്ഷത്തിന്റെ മൃദുസമീപനമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്ന എംവി ഗോവിന്ദന്റെ വാക്കുകള്‍ 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സഖ്യത്തിനുള്ള തയ്യാറെടുപ്പാണ്.
സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യമാണുള്ളത്. കേരള ഖജനാവില്‍ നിന്നും സ്ത്രീ നവോത്ഥാനത്തിനായി 50 കോടി ചിലവഴിച്ച് വനിതാമതില്‍ കെട്ടിയ എല്‍ഡിഎഫ് സര്‍ക്കാരിന്റെ എഴുവര്‍ഷത്തെ ഭരണത്തില്‍ മാത്രം 1,03,354 കേസുകളാണ് സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 2022ല്‍ മാത്രം 18,943 കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഒരു ദിവസം 47 സ്ത്രീകള്‍ വിവിധ തരം അതിക്രമങ്ങള്‍ക്ക് വിധേയമാവുന്നുണ്ടെന്നാണ് കണക്ക്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ പിടിയിലാവുന്നവരില്‍ ഭൂരിപക്ഷവും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണെന്നും കെ.സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: