കൊച്ചി : കളമശേരിയിലെ വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് കേസില്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍ സാധിക്കില്ലെന്ന് അമ്മ. കുട്ടിയെ കൈമാറിയതുമായി ബന്ധപ്പെട്ട് ശിശുക്ഷേമ സമിതിക്ക് മുന്നില്‍ ഹാജരായ അമ്മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നേരത്തെ കുഞ്ഞിന്റെ അച്ഛനും ശിശുക്ഷേമ സമിതിക്ക് മുമ്പാകെ ഹാജരായിരുന്നു.
കുഞ്ഞിനെ നിലവില്‍ ഏറ്റെടുക്കാന്‍ സാധിക്കില്ല. കുട്ടിയെ സംരക്ഷിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് കൈമാറിയതെന്ന് അമ്മ അറിയിച്ചു. ഇതോടെ കുഞ്ഞിനെ തത്കാലം ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍ തന്നെ പാര്‍പ്പിക്കാനാണ് തീരുമാനം. പങ്കാളിയെ വിവാഹം കഴിച്ചിട്ടില്ലെന്നും വളര്‍ത്താന്‍ പ്രയാസമുള്ളത് കൊണ്ടാണ് തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് കൈമാറിയതെന്നുമായിരുന്നു കുഞ്ഞിന്റെ അച്ഛന് നേരത്തെ അറിയിച്ചത്.
ഇരുവരും കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കാനാണ് ആദ്യം തീരുമാനമെടുത്തത്. എന്നാല്‍ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ സന്നദ്ധത അറിയിച്ചതോടെ കുട്ടിയെ ഇവര്‍ക്ക് കൈമാറുകയായിരുന്നു. ഇതിനു പിന്നില്‍ യാതൊരു വിധത്തിലുള്ള സാമ്പത്തിക കൈമാറ്റവും ഉണ്ടായിട്ടില്ലെന്നും പിതാവ് വെളിപ്പെടുത്തിയിട്ടുണ്ട്.
കുഞ്ഞിനെ തട്ടിയെടുത്തതല്ല, വിവാഹിതരല്ലാതിരുന്ന കുഞ്ഞിന്റെ മാതാപിതാക്കള്‍ വളര്‍ത്താന്‍ ഏല്പിച്ചതാണ്. മാതാപിതാക്കള്‍ക്ക് കുഞ്ഞിനെ വളര്‍ത്താനുള്ള സാഹചര്യം ഇല്ലാത്തതിനാലാണ് ഏറ്റെടുത്തതെന്നാണ് കുഞ്ഞിനെ കൈവശം വച്ചിരുന്ന അനൂപും സുനിതയും പറയുന്നത്.
അതേസമയം കേസില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ അന്വേഷണം കുഞ്ഞിനെ മാതാപിതാക്കള്‍ തൃപ്പൂണിത്തുറയിലെ ദമ്പതികള്‍ക്ക് നല്‍കിയതിലെ നിയമപ്രശ്നങ്ങള്‍ സംബന്ധിച്ചാണ്. ദത്ത് അല്ലെന്നിരിക്കെ കൈകുഞ്ഞിനെ അനൂപും ഭാര്യയും കൈവശപ്പെടുത്തുകയും വ്യാജ രേഖയുണ്ടാക്കാന്‍ ശ്രമിച്ചത് സംബന്ധിച്ചുമാണ് അന്വേഷണം നടന്നുകൊണ്ടിരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കിയ കേസില്‍ കളമശ്ശേരി മെഡിക്കല്‍ കോളജിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ അനില്‍ കുമാറിനെ അന്വേഷണ സംഘം പിടികൂടിയിട്ടുണ്ട്. ഒളിവിലിരിക്കെയാണ് ഇയാള്‍ പോലീസ് പിടിയിലായത്. പണത്തിനു വേണ്ടിയാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി നല്‍കിയതെന്നും കുഞ്ഞിനെ ഏറ്റെടുത്ത ദമ്പതിമാര്‍ തുക നല്‍കിയതെന്നുമാണ് അനില്‍കുമാര്‍ പോലീസിനോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: