തൃക്കരിപ്പൂര്‍: തൃക്കരിപ്പൂര്‍ വയലോടിയില്‍ ദളിത് യുവാവിനെ കൊലപ്പെടുത്തി വീടിന് മുന്നില്‍ തള്ളിയ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്ളതായി സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് ഷബാസ്, റഹ്നാസ്, പോലീസ് തിരയുന്ന സഫവാന്‍ എന്നിവര്‍ക്ക് പുറമെ കൂടുതല്‍ പേര് കൊലപാതത്തില്‍ പങ്കെടുത്തതായി സംശയിക്കുന്നു. അതിനിടെ പ്രതി പട്ടികയിലുള്ള സിപിഎം നേതാവിന്റെ ബന്ധുവിനെ കേസില്‍ നിന്നും രക്ഷിച്ച് എടുക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. തൃക്കരിപ്പൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറും സിപിഎം ഏരിയ കമ്മറ്റി അംഗവും സിഐടിയു കാസര്‍കോട് ജില്ലാ ഭാരവാഹിയുമായ നേതാവിന്റെ മകളുടെ ഭര്‍ത്താവ് പ്രതിയാകുമെന്ന് ഉറപ്പായതോടെയാണ് പ്രതികളെ രക്ഷിച്ചെടുക്കാന്‍ സിപിഎം രംഗത്തെത്തിയത്.
കൊല ചെയ്യപ്പെട്ട പ്രിജേഷ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പ്രതിയായ ഷബാസിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത് സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ്. ഇതില്‍ നിന്നും കൊലക്ക് മുമ്പ് പ്രിജേഷിനെ ആരൊക്കെ വിളിച്ചിരുന്നുവെന്നത് ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍ സംഭവം നടന്ന വീടിന്റെ ഉടമസ്ഥയായ സ്ത്രീയെ പോലീസ് വിളിച്ച് വരുത്തി ചോദ്യം ചെയ്ത് വിട്ടയച്ചത് കേസിന്റെ ഗതി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നാണ് നാട്ടുകാരുടെ ആരോപണം.
അതിനിടെ അറസ്റ്റിലായ പ്രതികളെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന് നായരുടെ നേതൃത്വത്തില്‍ സംഭവം നടന്ന ഷബാസിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്ഥലത്ത് നിന്നും കൊല ചെയ്യപ്പെട്ട പ്രിജേഷിന്റെ ഷര്‍ട്ട്, ചെരിപ്പ്, മോതിരം എന്നിവ പ്രതികള്‍ കാണിച്ച് കൊടുത്തു. എന്നാല്‍ പ്രിജേഷിനെ തള്ളിയ വയലോടിയില്‍ നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താന്‍ സാധിച്ചിട്ടില്ല. കേസിലെ പ്രതികളെ രക്ഷിക്കാനുള്ള രാഷ്ട്രീയ ഇടപെടല്‍ ആരംഭിച്ചതോടെ ജനകീയ ആക്ഷന്‍ കമ്മറ്റി രൂപീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: