കോഴിക്കോട് : കോഴിക്കോട് ബീച്ചിലെ അനധികൃത കെട്ടിട നിര്‍മാണം നടത്തിയത് സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ സഹോദരന് ഷാഹിറിന്റെ കമ്പനി. തുറമുഖ വകുപ്പിന്റെ സ്ഥലം നിസ്സാര വിലയ്ക്ക് പാട്ടത്തിനെടുത്ത് അനുമതിയില്ലാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇത് വിവാദമായതോടെയാണ് ഷംസീറിന്റെ സഹോദരന് ഇതില്‍ പങ്കുണ്ടെന്ന് പുറത്തുവരുന്നത്.
സൗത്ത് ബീച്ചിലെ തുറമുഖ വകുപ്പിന്റെ സ്ഥലം നവീകരണത്തിനെന്ന പേരില്‍ പാട്ടത്തിനെടുത്ത കണ്ണൂര്‍ ആസ്ഥാനമായ പ്രദീപ് ആന്‍ഡ് പാര്‍ട്ണേഴ്സ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടറാണ് എ.എന്‍ ഷാഹിര്‍. ഇതുസംബന്ധിച്ചുള്ള വിവരാവകാശ രേഖകളും പുറത്തുവന്നിട്ടുണ്ട്. പത്ത് വര്‍ഷത്തേയ്ക്കാണ് കെട്ടിടം പാട്ടത്തിന് നല്‍കിയത്. പാട്ടത്തിന് നല്കിയപ്പോള് ഇതുമായി ബന്ധപ്പെട്ട് ടെന്‍ഡര്‍ വിളിക്കുന്നത് ഉള്‍പ്പടെ യാതൊരു വിധത്തിലുള്ള നടപടികളും പാലിച്ചിരുന്നില്ല.
സ്ഥലം പാട്ടത്തിന് എടുത്തതിനു പിന്നാലെ കെട്ടിടം പുതുക്കി പണിയാന്‍ തുടങ്ങി. തീരദേശപരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങാതെയുള്ള ഈ നിര്‍മ്മാണം കോര്പറേഷന് തടഞ്ഞ് രംഗത്തെത്തിയതോടെയാണ് തുറമുഖ വകുപ്പിന്റെ വഴിവിട്ട നീക്കങ്ങള്‍ പുറത്തുവന്നത്. മുമ്പ് രണ്ട് ലക്ഷം രൂപ വരെ മാസ വാടക കിട്ടിയിരുന്ന കെട്ടിടം വെറും 45,000 രൂപയ്ക്കാണ് ഷംസീറിന്റെ സഹോദരന്റെ കമ്പനി പാട്ടത്തിനെടുത്തത്.
എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചാണ് കെട്ടിടം വിട്ടുനല്കിയതെന്നന്നാണ് തുറമുഖ വകുപ്പ് ആവര്‍ത്തിക്കുന്നത്. വാടകയ്ക്ക് പുറമെ പ്രദീപ് ആന്‍ഡ് പാട്ണേഴ്സില് നിന്നും മൂന്ന് കോടിയോളം രൂപയുടെ നിക്ഷേപവും വാങ്ങിയിട്ടുണ്ട്. ഇത് വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഉദ്യോഗസ്ഥര്‍ നല്കിയ വിശദീകരണത്തില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: