തിരുവനന്തപുരം : മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരേയും ഭരണ കാര്യങ്ങളില്‍ നിന്നും ഒഴിവാക്കി എന്ഫോഴ്്്സ്മെന്റ് ജോലി നിര്‍ബന്ധമാക്കണമെന്ന് നിര്‍ദ്ദേശം. വടക്കാഞ്ചേരി വാഹനാപകടത്തിന്റെ പശ്ചാത്തലത്തില്‍ അമിക്കസ്ക്യൂറി ഹൈക്കോടതിക്ക് നല്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹൈക്കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.
നിലവില്‍ സംസ്ഥാനത്ത് 368 എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരാണ് മോട്ടോര്‍ വാഹന വകുപ്പിന് ഉള്ളത്. സംസ്ഥാനത്ത് 1.65 കോടി വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങുന്നുണ്ട്. ഈ വാഹനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ അപര്യാപ്തമാണ്. ഇതിനെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭരണ കാര്യങ്ങളില്‍ നിന്നും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.
റീജ്യണല്‍ സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ക്കും 6 മണിക്കൂര്‍ എന്‍ഫോഴ്സ്മെന്റ് ജോലി നിര്‍ബന്ധമാക്കണമെന്നും അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇങ്ങനെ വരുമ്പോള്‍ റോഡിലെ നിയമലംഘനങ്ങളുടെ പരിശോധനയ്ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരെ ലഭിക്കും.
റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ക്കാണ്. ഇത് അവസാനിപ്പിച്ച് മുഴുവന്‍ സമയ റോഡ് സേഫ്റ്റി കമ്മിഷണറെ നിയമിക്കണം. എന്‍ഫോഴ്സമെന്റ് ഡ്യൂട്ടിയിലുള്ള റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളും സേഫ് കേരള സ്ക്വാഡും സുരക്ഷാ കമ്മിണറുടെ അധികാരത്തിന് കീഴിലാക്കണം. 900 ഓളം വരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ ആര്‍ടിഒ ഓഫീസുകളിലും സബ് റീജ്യണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസുകളിലും മിനിസ്റ്റീരിയല്‍ ജോലി ചെയ്യുന്നുണ്ട്. ഇത് പൂര്‍ണ്ണമായി അവസാനിപ്പിച്ച് ഇവരെ എന്‍ഫോഴ്സ്മെന്റ് ഡ്യൂട്ടിക്കായി നിയോഗിക്കണം.
ആര്‍ടിഒ ഓഫീസിലെ എംവിഐമാരും എഎംവിഐമാരും ഡ്രൈവിങ് ടെസ്റ്റ്, അപകടത്തിലാകുന്ന വാഹനങ്ങളുടെ പരിശോധന, റിപ്പോര്‍ട്ട് തയ്യാറാക്കല്‍ അടക്കമുള്ള ജോലികള്‍ക്കാണ് കൂടുതല്‍ സമയം ചെലവഴിക്കുന്നത്. ജോലിയുടെ ഇടവേളയില്‍ രണ്ട് മണിക്കൂര്‍ ആണ് ഇവര്‍ എന്‍ഫോഴ്സ്മെന്റ് ജോലി ചെയ്യുന്നത്.
അതേസമയം അമിക്കസ് ക്യൂറിയുടെ നിര്‍ദ്ദേശ പ്രകാരം ആറ് മണിക്കൂര്‍ എന്‍ഫോസ്മെന്റ് ജോലി നിര്‍ബന്ധമാക്കുമ്പോള്‍ ഡ്രൈവിങ് ടെസ്റ്റ് അടക്കമുള്ളവ മുടങ്ങാന്‍ സാധ്യതയുണ്ട്. ജീവനക്കാരുടെ ക്ഷാമം പരിഹരിച്ചെങ്കില്‍ മാത്രമേ വാഹന പരിശോധന കാര്യക്ഷമമാക്കാന്‍ സാധിക്കൂവെന്നാണ് മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതി പരിശോധിച്ചശേഷം റോഡ് അപകടങ്ങള്‍ തടയാനുള്ള അടിയന്തര നടപടികള്‍ നിര്‍ദ്ദേശിക്കുന്ന ഉത്തരവിറക്കും. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറുടെ നിര്‍ദ്ദേശങ്ങളും ഇതോടൊപ്പം ഹൈക്കോടതി വിലയിരുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: