സിപിഎമ്മിലെ സദാ ചിരിച്ചുകൊണ്ടിരിക്കുന്ന മുഖമാണ് നഷ്ടമായത്. എപ്പോഴും ചിരിച്ചുകൊണ്ട് വര്‍ത്തമാനം പറയുകയും എതിരാളികള്‍ക്ക് പോലും അലോസരമുണ്ടാക്കാതെ ആശയവിനിമയം നടത്തുകയും ചെയ്യുന്ന അപൂര്‍വ്വ വ്യക്തിത്വങ്ങളില്‍ ഒരാളാണ് കോടിയേരി ബാലകൃഷ്ണന്.
പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴും മറ്റ് ആശയവിനിമയ വേളകളിലും സൗഹാര്‍ദ്ദമായി ഇടപെടുന്ന കോടിയേരി പ്രത്യയ ശാസ്ത്ര കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പും കാണിക്കാറില്ല. എംഎല്‍എ ആയിരിക്കെ കോടിയേരി ബാലകൃഷ്ണന്റെ നിയമസഭാ നടപടികള്‍ മാതൃകാപരമായിരുന്നു. സരസമായി സംസാരിക്കുക, കുറിക്കു കൊള്ളുന്ന മറുപടികള്‍ നല്‍കുക എന്നകാര്യത്തിലും പ്രത്യേകം ശ്രദ്ധ പതിപ്പിച്ചിരുന്നു. ആഭ്യന്തര മന്ത്രി ആയിരിക്കുമ്പോഴാണ് മാറാട് കൂട്ടക്കുരുതി സംബന്ധിച്ച അന്വേഷിച്ച കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടത്. അതേദിവസം നിയമസഭയിലെ ലിഫ്ടില്‍ താഴേക്ക് ഇറങ്ങുമ്പോള്‍ ഈ ലേഖകനും ഉണ്ടായിരുന്നു. ”നിങ്ങള്‍ പറഞ്ഞ അതേകാര്യമാണ് കമ്മീഷനും അക്കമിട്ട് നിരത്തിയിട്ടുള്ളത്” എന്ന് പറയുകയുണ്ടായി.
സ്കൂള്‍ പഠനകാലത്താണ് തലശ്ശേരിയില്‍ വാടിക്കല്‍ രാമകൃഷ്ണന് കൊല്ലപ്പെടുന്നത്. കൊലപാതകത്തില്‍ കോടിയേരി ബാലകൃഷ്ണന് പ്രത്യക്ഷത്തില്‍ പങ്കൊന്നുമില്ലെങ്കിലും പരോക്ഷമായി പ്രേരണ ഉണ്ടായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും. ആ സംഭവത്തിന് ശേഷം പ്രതിയായി പിണറായി വിജയന് ഉണ്ടായിരുന്നെങ്കിലും കേസ് തേഞ്ഞുമാഞ്ഞുപോയി. രണ്ടാമത്തെ മകന്റെ വിവാഹനിശ്ചയവുമായി ബന്ധപ്പെട്ട് നടന്ന പ്രത്യേക സംഗതി ഏറെ കൗതുകം ഉളവാക്കിയിരുന്നു. നിശ്ചയ ദിവസം തന്നെ കല്യാണം നടത്തി. അതിന് പ്രത്യേക കാരണമുണ്ടായിരുന്നു. മുത്തൂറ്റ് പോള്‍ വധക്കേസ് നടന്ന് ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പായിരുന്നു വിവാഹനിശ്ചയം. മുത്തൂറ്റ് പോള്‍ വധക്കേസും മകനും ആയിട്ടുള്ള ബന്ധം ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരുന്ന സമയം കൂടിയായിരുന്നു അത്. മൂത്തമകന്റെ വിവാഹേതര ബന്ധം ഒത്തുതീര്‍പ്പാക്കി ദിവസങ്ങള്‍ കഴിയുന്നതിന് മുമ്പാണ് കോടിയേരി വിടപറഞ്ഞത്.
തലശ്ശേരി പുല്ലിയോട് ബോബുനിര്മ്മാണത്തിനിടെ രണ്ട് പാര്‍ട്ടി പ്രവര്‍ത്തകര്‍ ബോബുപൊട്ടി മരിച്ചിരുന്നു. അത് സംബന്ധിച്ച അന്വേഷണം പുരോഗമിക്കവെയാണ് തലശ്ശേരി പോലീസ് സ്റ്റേഷനുമുമ്പില്‍ സിപിഎമ്മിന്റെ ധര്‍ണ നടന്നത്. ധര്‍ണ ഉദ്ഘാടനം ചെയ്യവേ വേണ്ടിവന്നാല്‍ പോലീസ് സ്റ്റേഷനിലും ബോംബുനിര്‍മ്മാണം നടത്തുമെന്ന കോടിയേരിയുടെ പ്രസ്താവന ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. പയ്യന്നൂരിലെ രാഷ്ട്രീയ സംഘര്‍ഷത്തിന് ഇടയിലാണ് ‘വയലില്‍ പണിയെടുത്താല്‍ വരമ്പത്ത് കൂലി എന്ന ന്യായം പറഞ്ഞ് സിപിഎം കൊലപാതകത്തെ ന്യായീകരിച്ചത്.
വിഎസ് അച്യുതാനന്ദന്-പിണറായി വിജയന് പോരിനിടയില്‍ കടുത്ത പിണറായി പക്ഷക്കാരനായിരുന്നു കോടിയേരി. ആ സമയത്ത് മലപ്പുറം കാടാമ്പുഴ ക്ഷേത്രത്തില്‍ കോടിയേരിക്ക് വേണ്ടി വഴിപാട് നേര്‍ന്നതും പൂമൂടല്‍ നടത്തിയതും പിന്നൊരിക്കല്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ മിനികൂപ്പറില്‍ കയറിയതും വിവാദമായിരുന്നു. മന്ത്രിയായിരിക്കെ ആദ്യം താമസിച്ചത് മന്മോഹന് ബംഗ്ലാവിലായിരുന്നു. അവിടെ അറ്റകുറ്റപ്പണിക്ക് ലക്ഷങ്ങള്‍ ചെലവാക്കിയത് വിമര്‍ശനം ഉയര്‍ന്നപ്പോള്‍ വിവാദ വ്യവസായിയുടെ വഴുതക്കാട്ടിലെ വീട്ടിലേക്ക് വന്‍ വാടക നല്കി താമസം മാറ്റി. ഇതൊക്കെയാണെങ്കിലും സിപിഎമ്മിന്റെ സൗമ്യമായ ഒരു മുഖമാണ് മാഞ്ഞുപോയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: