ദക്ഷിണകാശിയെന്നറിയപ്പെടുന്ന കാഞ്ചീപുരത്തിന് ‘ആയിരം ക്ഷേത്ര’ങ്ങളുടെ നഗരിയെന്നൊരു ഖ്യാതികൂടിയുണ്ട്. കാമാക്ഷി, ഏകാംബര്നാഥ്, കുമാരകൊട്ടം, കൈലാസനാഥര്, വൈകുണ്ഠ പെരുമാള്‍, വരദരാജ പെരുമാള്‍ ക്ഷേത്രങ്ങളുടെ അത്രതന്നെ ഐതിഹ്യ, ആചാരപ്പെരുമകളുള്ള ഒട്ടനേകം ക്ഷേത്രങ്ങള്‍ വേറെയുമുണ്ട് കാഞ്ചീപുരത്ത്. ‘ഉലഗളന്തപെരുമാള് ക്ഷേത്ര’മാണ് അവയിലൊന്ന്.
മലയാളിയുടെ മഹോത്സവമായ ഓണത്തിന്റെ പുരാണവുമായി ബന്ധപ്പെട്ടതാണ് ‘ഉലഗളന്ത പെരുമാളി’ന്റെ ഐതിഹ്യം. ഭഗവാന്, വാമനനായി അവതാരമെടുത്ത് മഹാബലിയെ കാണാനെത്തിയ കഥയാണത്. മഹാബലിയോട് മൂന്നടി മണ്ണു ചോദിച്ച്, അവ അളന്നു വാങ്ങി നില്ക്കുന്ന വാമനാവതാരത്തിന്റെ പ്രതീകാത്മക രൂപമാണ് ഇവിടെ ആരാധിക്കുന്നത്. കൈകള്‍ രണ്ടും ഇരുവശങ്ങളിലേക്ക് നീട്ടിപ്പിടിച്ച് ഒരു കാല് തിരശ്ചീനമായി ഉയര്‍ത്തിയാണ് വിഗ്രഹത്തിന്റെ രൂപകല്‍പ്പന. ഭഗവാന്റെ ഈ രൂപം ‘ത്രിവിക്രമ’ എന്നാണ് അറിയപ്പെടുന്നത്. വലതു കൈയിലെ ഉയര്‍ത്തിപ്പിടിച്ച ഒരു വിരല്‍ ,ആദ്യത്തെ അടി മണ്ണ ്(സ്വര്‍ഗം) അളന്നെടുത്തതിനെയും ഇടതു കൈയില്‍ ഉയര്‍ത്തിയ രണ്ടു വിരലുകള്‍ രണ്ടാമത്തെ അടി മണ്ണ് (ഭൂമി) അളന്നെടുത്തതിനെയും സൂചിപ്പിക്കുന്നു. മൂന്നാമത്തെ അടി അളക്കാനായി പാദമുയര്ത്തിയപ്പോഴാണ് മഹാബലി ഭഗവാനു മുന്നില്‍ തന്റെ ശിരസ്സ് കുനിച്ചിരുന്നത്. തന്റെ മുന്നില്‍ നില്‍ക്കുന്നത് ഭഗവാന് വിഷ്ണുവാണെന്ന് തിരിച്ചറിഞ്ഞ മഹാബലി, വിശ്വരൂപം കാണിച്ചു തരാനായി ഭഗവാനോട ് ആവശ്യപ്പെട്ടു. തലകുനിച്ചിരിക്കുന്നതിനാല് പൂര്‍ണ രൂപം കാണാനാവില്ലോ? അതിനാല്‍ ആദിശേഷന്റെ രൂപത്തില്‍ മഹാബലിക്ക് വിഷ്ണു, ദര്‍ശനമരുളിയ കഥയും ക്ഷേത്രഐതിഹ്യത്തില് പെടുന്നു. ‘തിരൂരഗം’ എന്ന പേരില്‍ ഇവിടെ ആദിശേഷന്റെ ഉപദേവതാ പ്രതിഷ്ഠയും കാണാം.
സവിശേഷമായൊരു വഴി പാടിന്റെ പേരില്‍ പ്രസിദ്ധമാണ് കാഞ്ചീപുരത്തെ ശംഖുപാണി വിനായഗര്‍ ക്ഷേത്രം. ഈ ഗണപതി ക്ഷേത്രത്തില്‍ തേന്‍ നിറച്ച ശംഖ് വഴിപാടായി നല്കിയാല് തൊണ്ട, മൂക്ക് എന്നിവയുമായി ബന്ധപ്പെട്ട എല്ലാ അസുഖങ്ങളും ഭേദമാകുമെന്നാണ് വിശ്വാസം. സ്വരമാധുരി നിലനിര്‍ത്താര്‍ സംഗീതജ്ഞര്‍ ഇവിടെയെത്തി തേന്‍ വഴിപാട് നല്‍കാറുണ്ട്.
ശിവനെ ആരാധിക്കുന്ന കച്ഛപേശ്വര ക്ഷേത്രവും കാഞ്ചീപുരത്താണുള്ളത്. കച്ഛപം എന്നാല്‍ കൂര്‍മം അഥവാ ആമ. ശിവഭഗവാനെ സംപ്രീതനാക്കാനാണ് വിഷ്ണു കൂര്മാവതാരമെടുത്തത്. കൂര്മത്തിന്റെ ഈശ്വരനാണ് കച്ഛപേശ്വരന്. ഉദ്ദിഷ്ട കാര്യസിദ്ധിക്ക് ഇവിടെയുള്ള ചിതാ തീര്‍ത്ഥത്തില്‍ മുങ്ങിക്കുളിക്കാനായി എണ്ണമറ്റ ഭക്തരെത്താറുണ്ട്.
യമദേവന്റെ കിങ്കരനായ ചിത്രഗുപ്തനെ പൂജിക്കുന്ന രണ്ടു ക്ഷേത്രങ്ങളാണ് ഭാരതത്തിലുള്ളത്. ഒന്നു മധ്യപ്രദേശിലെ ഖജൂരാഹോയിലും മറ്റൊന്ന് കാഞ്ചീപുരത്തും.
ഉള്ളിലുറങ്ങിക്കിടക്കുന്ന കഴിവുകള്‍ പുറത്തെടുക്കാന്‍ ഭക്തര്‍ക്ക് സഹായമരുളുന്ന മൂര്ത്തിയത്രേ ചിത്രഗുപ്തന്. കാഞ്ചീപുരത്തെ ക്ഷേത്രഭൂമിയില്‍ മണ്ണുമൂടിക്കിടന്നിരുന്ന ചിത്രഗുപ്ത വിഗ്രഹം 1905 ലാണ് കണ്ടെടുത്തത്. പിന്നീട് അവിടെ ക്ഷേത്രം പണിതു. വിഗ്രഹത്തിന്റെ് കാലപ്പഴക്കം ഇതേവരെ കണക്കാക്കിയിട്ടില്ല. ചിത്രഗുപ്തജയന്തി (ചൈത്രമാസ പൗര്‍ണമി) ക്ക് ഇവിടെ പ്രത്യേക പൂജയും ആഘോഷങ്ങളും നടത്താറുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: