പാലക്കാട് : സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന് കൊലക്കേസില്‍ നാല് പേര്‍ക്കൂടി അറസ്റ്റില്‍. വിഷ്ണു, സുനീഷ്, ശിവരാജന്, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ എട്ട് പേരായി. കൊലപാതകം നടക്കുമ്പോള്‍ ഇരുവര്‍ സ്ഥലത്തുണ്ടായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. മലമ്പുഴ കവയില്‍ നിന്നാണ് ഇവര്‍ പിടിയിലായത്.
കേസില്‍ ആദ്യം നാലുപേര്‍ പിടിയിലായിരുന്നു. നാല് പേരെ കൂടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികള്‍ക്ക് ഷാജഹാനുമായി വ്യക്തിവൈരാഗ്യം ഉണ്ടായിരുന്നു. ഷാജഹാന് ബ്രാഞ്ച് സെക്രട്ടറിയായതില്‍ പ്രതികള്‍ക്ക് എതിര്‍പ്പുണ്ടായിരുന്നു. കൊലപാതകം നടക്കുന്ന അന്ന് ഫ്ളക്സ് വെയ്ക്കുന്നതുമായി ബന്ധപ്പെട്ട് വാക്കുതര്‍ക്കം ഉണ്ടായിരുന്നു. ഇതോടെ പ്രതികള്‍ അവരവരുടെ വീടുകളില്‍ നിന്നും ആയുധം കൊണ്ടുവന്ന് ഷാജഹാനെ ആക്രമിക്കുകയായിരുന്നു.
അതേസമയം ആക്രമണം ബിജെപിയുടേയും ആര്‍എസ്എസിന്റെയും തലയില്‍ വെയ്ക്കാത്തതില്‍ സിപിഎം അതൃപ്തിയിലാണ്. ഷാജഹാനെ കൊലപ്പെടുത്തിയത് വ്യക്തിവിരോധം മൂലമാണെന്ന പോലീസിന്റെ കണ്ടെത്തലിനെതിരെയും സിപിഎം പാലക്കാട് ജില്ലാ നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. പ്രതികളുമായി ബന്ധപ്പെട്ട്, ‘ശ്രീകൃഷ്ണ ജയന്തി ബോര്‍ഡ് വെയ്ക്കല്‍, രക്ഷബന്ധന്‍ പരിപാടി കഴിഞ്ഞു വന്നു. രാഖി ഉണ്ടായിരുന്നു’ എന്നെല്ലാമാണ് പോലീസ് വിശദീകരിച്ചത്. ഇതൊക്കെ ആര്‍എസ്എസ് ബന്ധത്തിനുള്ള തെളിവല്ലേയെന്നും സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎന്‍ സുരേഷ് ബാബു ചോദിച്ചു.
കൊലപാതകത്തിന് ആര്‍എസ്എസിന്റെ സഹായം പ്രതികള്‍ക്ക് കിട്ടി. കൃത്യമായ ആസൂത്രണത്തോടെയാണ് കൊല നടപ്പിലാക്കിയത്. പ്രതികള്‍ക്ക് ആര്‍എസ്എസ് ബന്ധമാണുള്ളതെന്നും വ്യക്തിവിരോധത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് പോലീസ് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ഷാജഹാന് ബ്രാഞ്ച് സെക്രട്ടറിയായ ശേഷമാണ് വിയോജിപ്പ് തുടങ്ങിയത് എന്ന പോലീസിന്റെ കണ്ടെത്തലും ഇതോടെ തള്ളിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: