അധികാര രാഷ്ട്രീയത്തിനു മേല്‍ ആദര്‍ശ രാഷ്ട്രീയത്തിന്റെ കൊടിക്കൂറ പാറിച്ചിരിക്കുകയാണ് ബിജെപി. പ്രഖ്യാപിത ഹിന്ദുവിരുദ്ധരായ കോണ്‍ഗ്രസ്സും എന്‍സിപിയും ഉള്‍പ്പെടുന്ന അവിശുദ്ധ സഖ്യത്തോട് കലഹിച്ച് ഉദ്ധവ് താക്കറെ സര്‍ക്കാരിനെ താഴെയിറക്കിയ ഏകനാഥ് ഷിന്‍ഡെയെ മഹാരാഷ്ട്രയുടെ ഇരുപതാമത്തെ മുഖ്യമന്ത്രിയാക്കിക്കൊണ്ട് ബിജെപി പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഭൂരിപക്ഷം നഷ്ടമായെന്ന് ഉറപ്പായതോടെ അധികാരം ഒഴിയേണ്ടി വന്ന ഉദ്ധവിന്റെ പകരക്കാരനായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയുടെ ദേവേന്ദ്ര ഫഡ്നാവിസ് മുഖ്യമന്ത്രിയാവുമെന്നും, ഏകനാഥ് ഷിന്‍ഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുമെന്നും കരുതിയിരിക്കുമ്പോഴാണ് ഷിന്‍ഡെയാണ് മുഖ്യമന്ത്രിയെന്ന പ്രഖ്യാപനം ഫഡ്നാവിസില്‍നിന്നു തന്നെ ഉണ്ടായത്. ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായും അധികാരമേറ്റിരിക്കുന്നു. ഒരര്‍ത്ഥത്തില്‍ ഇത് മധുരപ്രതികാരമാണ്. അധികാരമോഹം കൊണ്ടാണ് 2019 ല്‍ ബിജെപി തങ്ങള്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കാതിരുന്നതെന്ന ശിവസേനയുടെ ആരോപണത്തിനുള്ള മറുപടി. ഇതോടൊപ്പം കുടുംബവാഴ്ചയുടെ മഹിമ പറഞ്ഞ് പാര്‍ട്ടി നേതൃത്വത്തില്‍ തുടരാന്‍ ശ്രമിക്കുന്ന ഉദ്ധവിനെ നിഷ്പ്രഭനാക്കിയിരിക്കുകയുമാണ്. കുടുംബം പുലര്‍ത്താന്‍ ഓട്ടോറിക്ഷ ഓടിക്കേണ്ടി വന്നിട്ടുള്ള ഏകനാഥ് ഷിന്‍ഡെ കഴിവു തെളിയിച്ച് രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്നയാളാണ്. വായില്‍ വെള്ളിക്കരണ്ടിയുമായി ജനിച്ചുവീഴാത്ത ഒരു സാധാരണക്കാരനെ രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനങ്ങളിലൊന്നിന്റെ ഭരണഭാരമേല്‍പ്പിക്കുമ്പോള്‍ ബിജെപി നല്കുന്ന സന്ദേശം വ്യക്തമാണ്. മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചരിത്രം തന്നെ മാറ്റിയെഴുതുന്ന അസുലഭ മുഹൂര്‍ത്തമാണിത്. ഇതിലൂടെ ഏതാണ് യഥാര്‍ത്ഥ ശിവസേനയെന്നും തീരുമാനിക്കപ്പെട്ടിരിക്കുന്നു.
ജനവിധി മാനിക്കാതെ അധികാരത്തിലെത്താന്‍ അവിശുദ്ധ സഖ്യമുണ്ടാക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുള്ള പാഠമാണ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നുള്ള ഉദ്ധവ് താക്കറെയുടെ രാജി. സഖ്യമായി മത്സരിച്ച് ഭൂരിപക്ഷം നേടിയ ബിജെപിയെ തള്ളി ഉദ്ധവിനെ മുഖ്യമന്ത്രിയാക്കിയ കോണ്‍ഗ്രസ്സും എന്‍സിപിയും അധാര്‍മിക രാഷ്ട്രീയത്തിന് കുടപിടിക്കുകയായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം ബിജെപിക്ക് അധികാരത്തുടര്‍ച്ച ലഭിക്കുന്നത് തങ്ങളുടെ നിലനില്‍പ്പിനെ അപകടത്തിലാക്കുമെന്ന് മനസ്സിലാക്കിയ എന്‍സിപിയും കോണ്‍ഗ്രസ്സും ഉദ്ധവിനെ മുഖ്യമന്ത്രിക്കസേരയില്‍ പ്രതിഷ്ഠിക്കുകയാണുണ്ടായത്. എന്‍സിപി നേതാവ് ശരത് പവാറിന്റെയും, ശിവസേനയിലെ അധികാര ദല്ലാളായ സഞ്ജയ് റാവുത്തിന്റെയും കളിപ്പാവയായി മാറുകയായിരുന്നു ഉദ്ധവ്. രാജ്യത്തിന്റെ വാണിജ്യ തലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയില്‍ അധികാരം ഉപയോഗിച്ച് അഴിമതി നടത്തുകയെന്ന ലക്ഷ്യമാണ് കോണ്‍ഗ്രസ്സും എന്‍സിപിയും ശിവസേനയും ചേര്‍ന്ന് രൂപീകരിച്ച മഹാവികാസ് അഘാഡി എന്ന സഖ്യത്തിനുണ്ടായിരുന്നത്. അതുവരെ ഹിന്ദുത്വത്തിനുവേണ്ടി വാദിച്ചിരുന്ന ബാല്‍താക്കറെയുടെ ശിവസേന ഹിന്ദുവിരോധം മുഖമുദ്രയാക്കിയ സോണിയാ കോണ്‍ഗ്രസ്സുമായും ശരത് പവാറുമായും കൈകോര്‍ക്കുകയായിരുന്നു. അനുയായികളെ കബളിപ്പിക്കാന്‍ ഹിന്ദുത്വത്തിന്റെ പേരില്‍ ചില വാചകമടികളൊക്കെ നടത്തിയെങ്കിലും അങ്ങേയറ്റം ഹിന്ദുവിരുദ്ധമായാണ് മഹാവികാസ് അഘാഡി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. പാല്‍ഗറില്‍ രണ്ട് സംന്യാസിമാരെ ആള്‍ക്കൂട്ടം ആക്രമിച്ചു കൊലപ്പെടുത്തിയ സാഹചര്യം പോലും ഈ സര്‍ക്കാര്‍ സൃഷ്ടിച്ചു.
രാജ്യത്തെ മുഴുവന്‍ ഹിന്ദുവിരുദ്ധ ശക്തികള്‍ക്കേറ്റ കനത്ത തിരിച്ചടിയാണ് മഹാവികാസ് അഘാഡി സര്‍ക്കാരിന്റെ പതനം. ഹിന്ദുക്കളെ സംബന്ധിച്ചിടത്തോളം അത് ‘മഹാവിനാശ് സഖ്യം’ ആയിരുന്നു. കോണ്‍ഗ്രസ്സിന്റെയും എന്‍സിപിയുടെയും കാലങ്ങളായി തുടര്‍ന്ന ഭരണത്തിന്റെ തണലില്‍ തഴച്ചുവളര്‍ന്ന ദേശവിരുദ്ധ ശക്തികള്‍ മുംബൈയില്‍ പിടിമുറുക്കി. ഇതിന്റെ പാരമ്യതയായിരുന്നു 2008 ലെ മുംബൈ ഭീകരാക്രമണം. ഈ ആക്രമണത്തെ ന്യായീകരിക്കുകയും, അതിനു പിന്നില്‍ സംഘപരിവാറാണെന്ന് അപവാദം പ്രചരിപ്പിക്കുകയുമാണ് കോണ്‍ഗ്രസ്സിലെ ചില മുസ്ലിം നേതാക്കള്‍ ചെയ്തത്. ഇക്കൂട്ടരുടെ ദേശവിരുദ്ധ മനോഭാവത്തിനും അഴിമതിക്കുമെതിരായ ജനവികാരം ബിജെപിയെ അധികാരത്തിലെത്തിച്ചതില്‍ അമര്‍ഷമുള്ളവരാണ് ശിവസേനയെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കിയത്. അധികാരത്തിലിരുന്ന രണ്ടര വര്‍ഷവും ഹിന്ദുത്വത്തിന് അവധികൊടുത്ത മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഒടുവില്‍ രാജിവയ്ക്കുന്നതിനു മുന്‍പ് ചില സ്ഥലങ്ങള്‍ക്ക് ഹിന്ദുപേരുകള്‍ നല്‍കിയതിന്റെ കാപട്യം മഹാരാഷ്ട്രക്കാര്‍ തിരിച്ചറിയും. ആട്ടിന്‍തോലിട്ട ഈ ചെന്നായ്ക്കളെ ഇനി ആരും വിശ്വസിക്കാന്‍ പോകുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് സര്‍ക്കാരുണ്ടാക്കാനുള്ള അവസരം കൈവന്നപ്പോഴും ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കാന്‍ കാണിച്ച മഹാമനസ്കത അങ്ങേയറ്റം മാതൃകാപരമാണ്. ഇപ്പോള്‍ ഭരണത്തിനു പുറത്തായിരിക്കുന്ന ദേശവിരുദ്ധ-ഹിന്ദുവിരുദ്ധ ശക്തികള്‍ക്ക് ഇനിയൊരിക്കലും ഭരണത്തില്‍ തിരിച്ചുവരാതിരിക്കാനുള്ള ജാഗ്രതയാണ് പുതുതായി അധികാരമേറ്റിരിക്കുന്ന സര്‍ക്കാരിനു വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: