തിരുവനന്തപുരം : ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ജയിലിലേക്ക് പോകാന്‍ തനിക്ക് ഭയമില്ലെന്നാണ് മജിസ്ട്രേറ്റിന് മുന്നില്‍ അറിയിച്ച് പി.സി. ജോര്‍ജ്. വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് പി.സി. ജോര്‍ജിനെ റിമാന്‍ഡ് ചെയ്തതിന് പിന്നാല അദ്ദേഹത്തിന്റെ അഭിഭാഷകന് സിജു രാജന് അറിയിച്ചതാണ് ഇക്കാര്യം.
ബുധനാഴ്ച പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ വെച്ച് കസ്റ്റഡിയില്‍ എടുത്ത പി.സി. ജോര്‍ജിനെ പോലീസ് ഉപദ്രവിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജയിലിലേക്ക് പോകാന്‍ ഭയമില്ലെന്നും പി.സി.ജോര്‍ജ് മജിസ്ട്രേറ്റിന് മുമ്പാകെ പറഞ്ഞു.
വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസില്‍ ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം ഫോര്‍ട്ട് സ്റ്റേഷനിലെ പോലീസ് കൊച്ചിയിലെത്തിയാണ് പി.സി. ജോര്‍ജിനെ കസ്റ്റിഡിയില്‍ എടുത്തത്. തുടര്‍ന്ന് തിരുവനന്തപുരം വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് പി.സി.ജോര്‍ജിനെ പൂജപ്പുര ജില്ലാ ജയിലിലേക്കാണ് മാറ്റി. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ജയിലിലേക്ക് മാറ്റുന്നതിന് മുന്നോടിയായി പി.സി.ജോര്‍ജിനെ വൈദ്യ പരിശോധനക്കായി വീണ്ടും തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. സുരക്ഷ മുന്‍നിര്‍ത്തി വാഹനത്തില്‍ വച്ച് തന്നെ കൊവിഡ് പരിശോധനയുള്‍പ്പെടെയുള്ള വൈദ്യ പരിശോധന പൂര്‍ത്തിയാക്കി. കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയതിനെ തുടര്‍ന്നാണ് ജില്ലാ ജയിലിലേക്ക് മാറ്റിയത്.
അതേസമയം തനിക്ക് ജനം സുരക്ഷ തരും. ഇത് ഇരട്ട നീതിയല്ല, കൊടും ക്രൂരതയാണ് നടക്കുന്നത്. ഇത് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനെ എന്നല്ല എല്ലാ തെരഞ്ഞെടുപ്പിനെയും ബാധിക്കാന്‍ പോകുകയാണ്. എല്ലാ ജനങ്ങളുടെയും പിന്തുണ ഉണ്ട്. ബിജെപിയുടെ ആത്മാര്‍ത്ഥ പിന്തുണയുണ്ട്. എല്‍ഡിഎഫും യുഡിഎഫും ഒരു പോലെ വേട്ടയാടുകയാണെന്നും മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുന്നതിന് മുമ്പ് പി.സി. ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: