മഹാദേവന്റേയും ദേവിയുടേയും ചൈതന്യം സ്ഫുരിക്കുന്ന തിരുവള്ളൂര്‍ മഹാദേവക്ഷേത്രം ഭക്തരുടെ ജീവനാഡിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. തകര്‍ച്ചയിലെത്തുന്ന കുടുംബ ബന്ധങ്ങള്‍ക്ക് ക്ഷേത്ര ദര്‍ശനത്തിലൂടെ എല്ലാ പ്രതിസന്ധികളും മാറി സ്വാസ്ഥ്യം കൈവരുമെന്ന വിശ്വാസത്തിലധിഷ്ഠിതമാണ് തിരുവനന്തപുരത്ത് പോത്തന്‍കോടുള്ള ഈ മഹാദേവ ക്ഷേത്രം.
വ്യക്തിപരമായ പ്രശ്നങ്ങളാല്‍ പ്രതിസന്ധിയിലാവുന്നവരാണ് തിരുവള്ളൂര്‍ മഹാദേവസന്നിധിയില്‍ ശാന്തി തേടി എത്തുന്നവരില്‍ ഏറെയും. കിഴക്ക് ദര്‍ശനത്തില്‍ ശിവലിംഗ പ്രതിഷ്ഠയും പടിഞ്ഞാറ് ദേവീ സ്ഥാനവുമുള്ള ഈ ക്ഷേത്രം പതിനാലാം നൂറ്റാണ്ടില്‍ നിര്‍മ്മിക്കപ്പെട്ടതായി പറയുന്നു. വൃത്താകൃതിയിലുള്ള ഗര്ഭഗൃഹത്തിനുള്ളിലാണ് ദേവ പ്രതിഷ്ഠ. ദേവീചൈതന്യത്തെ നിലക്കണ്ണാടിയില്‍ സാങ്കല്പിക ഭാവത്തിലാണ് ആരാധിക്കുന്നത്. തമിഴ ്ക്ഷേത്രശില്പചാരുതയും ഇവിടെ പ്രകടമാണ്. ശിവഭഗവാന്റെ വാഹനമായ നന്ദി പ്രതിമയാണ് തമിഴ് ശില്പസംസ്കൃതിയുമായി ബന്ധപ്പെടുത്തുന്നത്. ക്ഷേത്രത്തിന്റെ ഉത്പത്തി മുതല്‍ നന്ദിപ്രതിഷ്ഠ ഇവിടെയുണ്ട്. അനുപമമാണ് കല്ലില്‍ കൊത്തിയ ഈ നന്ദീശില്പം.
മണ്ഡപത്തില്‍ ശിവഭഗവാന് അഭിമുഖമായി വടക്കോട്ടു ദര്‍ശനമായാണ് നന്ദിയുടെ സ്ഥാനം. പണ്ട് വയല്‍പ്രദേശമായ ഇവിടെ രാത്രിയില്‍ കാള ശല്യം രൂക്ഷമായിരുന്നു. ഒരിക്കല്‍ കാളയെ ഒരു കര്ഷകന് കണ്ടതോടെ കാള അപ്രത്യക്ഷമാവുകയായിരുന്നു. തുടര്‍ന്നാണ് ദേവസന്നിധിയില് നന്ദി പ്രതിഷ്ഠ പ്രത്യക്ഷമായതെന്ന് പഴമക്കാര്‍ പറയുന്നു. വയലിലേയ്ക്ക് നോക്കിക്കൊണ്ടുള്ള അധികാര ഭാവമാണ് പ്രതിഷ്ഠയ്ക്കുള്ളത്.
വിവാഹം, ഉയര്‍ന്ന വിദ്യാഭ്യാസം, ജോലി ഇവയൊക്കെ ക്ഷേത്ര ദര്‍ശനം നടത്തുന്നവര്‍ക്ക് കൈവരുമെന്നാണ് വിശ്വാസം. ദേവനെ പ്രദക്ഷിണം ചെയ്ത് ഉദ്ദിഷ്ഠ കാര്യം പറഞ്ഞ ശേഷം മടങ്ങിയാല്‍ അതു സാര്‍ത്ഥകമാകുമെന്നും അനുഭവസ്ഥര്‍ പറയുന്നു. പഠനത്തില്‍ ഉന്നത വിജയം നേടാന്‍ തുണയാകുന്ന ദേവനെ ദര്‍ശിക്കാന്‍ വിദ്യാര്‍ത്ഥികളും ധാരാളമെത്തുന്നു.
പണ്ട്, വെള്ളൂര്‍ എന്നാണ് ഇവിടം അറിയപ്പെട്ടിരുന്നത്. വെള്ളമുള്ള നാട് എന്നതിനെ അടിസ്ഥാനമാക്കിയായിരുന്നു പേര്. കാലാന്തരത്തില്‍ ക്ഷേത്ര ചൈതന്യവുമായി ബന്ധപ്പെടുത്തി വെള്ളൂര്‍ തിരുവള്ളൂരായി മാറുകയാണുണ്ടായത്. ക്ഷേത്രത്തിനരികെ ആന താഴ്ച്ചിറയെന്നൊരു തടാകമുണ്ട്. ആനയുമായി എത്തിയ പാപ്പാന് തടാകത്തില്‍ താഴ്ന്ന് പോവുകയും പിന്നീട് കടലില്‍ നിന്നാണ് പാപ്പാനെ കണ്ടെത്തിയതെന്നും പ്രദേശവാസികള്‍ പറയുന്നു. ആന താഴ്ന്നതുകൊണ്ടാണ് ആനത്താഴ്ച്ചിറയെന്ന് തടാകത്തിന് വിളിപ്പേര് വന്നതെന്നും പറയുന്നു.
കടുംപായസമാണ് പ്രധാന നൈവേദ്യം. കൂടാതെ ഇടിച്ചു പിഴിഞ്ഞ പായസവും നൈവേദ്യമായി അര്‍പ്പിക്കുന്നുണ്ട്. ഭാര്യാഭര്‍തൃ ബന്ധം സുദൃഢമാവാനുള്ള ഉമാമഹേശ്വരപൂജയും പ്രധാന വഴിപാടാണ്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് 22 കിലോമീറ്റര്‍ പടിഞ്ഞാറ് കഴക്കൂട്ടം പള്ളിപ്പുറത്ത് നിന്ന് വാവറമ്പലം പോകുന്ന വഴിയിലാണ് ക്ഷേത്രമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: