ഇടതുതൊഴിലാളി യൂണിയനുകള്‍ നടത്തിയ രണ്ട് ദിവസത്തെ ദേശീയ പണിമുടക്കില്‍ വ്യാപകമായ ആക്രമണങ്ങള്‍ അഴിച്ചുവിട്ട് ഭീകരാവസ്ഥ സൃഷ്ടിച്ച് സിപിഎം ഹൈക്കോടതിക്കെതിരെ തിരിഞ്ഞിരിക്കുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്, സിഐടിയു നേതാവ് ആനത്തലവട്ടം ആനന്ദന് തുടങ്ങിയവരാണ് കോടതിയെ ഭീഷണിപ്പെടുത്തിയും പരിഹസിച്ചും രംഗത്തെത്തിയത്. സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പണിമുടക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡയസ്നോണ്‍ ഏര്‍പ്പെടുത്തണമെന്നും, പണിയെടുക്കാത്ത ദിവസങ്ങളിലെ ശമ്പളം പാരിതോഷികമായി നല്‍കരുതെന്നും ഹൈക്കോടതി ഡിവിഷന് ബഞ്ച് ഉത്തരവിട്ടതാണ് നീതിപീഠങ്ങളോടുള്ള വര്‍ഗശത്രുത ഒരിക്കല്‍ക്കൂടി പൊടിതട്ടിയെടുക്കാന്‍ ഈ നേതാക്കളെ പ്രേരിപ്പിച്ചത്. വളരെ രൂക്ഷവും മോശവുമായ ഭാഷയിലാണ് ഇവര്‍ കോടതിയെ വിമര്‍ശിച്ചത്. സുപ്രീംകോടതി വിലക്കിയിട്ടും സമരം ചെയ്തിട്ടുണ്ടെന്നും, ഹൈക്കോടതി ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നുമാണ് ആനത്തലവട്ടം ആനന്ദന്റെ ശകാരം. കോടതിയെ ബ്രിട്ടീഷ് പ്രേതം പിടികൂടിയിരിക്കുന്നു എന്നാണ് എം.വി. ജയരാജന്റെ പ്രതികരണം. പാതയോരങ്ങളിലെ പൊതുയോഗങ്ങള്‍ നിരോധിച്ചതിന് ജഡ്ജിയെ ശുംഭന് എന്നു വിളിച്ച് അധിക്ഷേപിച്ചയാളാണ് ജയരാജന്. കോടതിയലക്ഷ്യ നടപടി നേരിട്ടപ്പോള്‍ മാപ്പുപറഞ്ഞ് രക്ഷപ്പെടുകയായിരുന്നു.
പണിമുടക്കുന്നവര്‍ക്ക് ശമ്പളം നല്‍കരുതെന്ന് കോടതി പറഞ്ഞത് അങ്ങനെ നിയമമുള്ളതുകൊണ്ടാണ്. ഇതു സംബന്ധിച്ച ഹൈക്കോടതി വിധി നേരത്തെ ഉണ്ടായിട്ടുള്ളതും, സര്‍ക്കാരിന്റെ അപ്പീലില്‍ അത് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചിട്ടുള്ളതും മറച്ചുപിടിച്ചുകൊണ്ടാണ് സിപിഎം നേതാക്കള്‍ അരിശംകൊണ്ടത്. നിയമവാഴ്ചയിലുള്ള അവിശ്വാസവും കോടതിയോടുള്ള അനാദരവുമാണിത്. ഒരു പടികൂടി കടന്ന് ആനത്തലവട്ടം ആനന്ദന് സുപ്രീംകോടതിയെത്തന്നെ വെല്ലുവിളിച്ചിരിക്കുകയാണ്. കോടതികളോടുള്ള സിപിഎമ്മിന്റെ ശത്രുത കുപ്രസിദ്ധമാണ്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ തുടരുന്നതാണിത്. കോടതി ബൂര്‍ഷ്വാ സ്ഥാപനമാണെന്നും, അത് അംഗീകരിക്കില്ലെന്നുമായിരുന്നു പാര്‍ട്ടി നിലപാട്. കോടതിയെ വിമര്‍ശിച്ചതിന് നടപടി നേരിട്ട ഇ.എം.എസ്. നമ്പൂതിരിപ്പാട് സുപ്രീംകോടതിയില്‍ പിഴയടച്ച് രക്ഷപ്പെടുകയായിരുന്നു. മന്ത്രിയായിരിക്കെ സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടിയും കോടതിയലക്ഷ്യക്കേസ് നേരിടുകയും ഒടുവില്‍ മാപ്പുപറഞ്ഞ് ഒഴിവാകുകയും ചെയ്തു. നോട്ടുകെട്ടുകളുടെ കനം നോക്കിയാണ് ജഡ്ജിമാര്‍ വിധി പറയുന്നതെന്നായിരുന്നു പാലൊളിയുടെ അധിക്ഷേപം. അവസരം കിട്ടുമ്പോഴൊക്കെ കോടതിയെയും ജഡ്ജിമാരെയും വിമര്‍ശിക്കുക, എന്നിട്ട് തന്ത്രപൂര്‍വം തലയൂരുക. ഇതാണ് സിപിഎമ്മിന്റെ അടവുനയം. കോടതികള്‍ക്ക് മനഃപൂര്‍വം അവമതിപ്പുണ്ടാക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഈ രീതി കയ്യൊഴിയാന്‍ സിപിഎം തയ്യാറല്ലെന്നാണ് പണിമുടക്കിനെതിരെ വിധിപറഞ്ഞതിന് കോടതിയുടെമേല്‍ സിപിഎം നേതാക്കള്‍ കുതിരകയറുന്നതില്‍നിന്ന് മനസ്സിലാക്കേണ്ടത്.
കോടതിയെ അധിക്ഷേപിക്കുക മാത്രമല്ല, കടന്നാക്രമിക്കുകയും ചെയ്യുന്ന രീതിയാണ് സിപിഎമ്മിന്റേത്. ഇടതുസര്‍ക്കാര്‍ കൊണ്ടുവന്ന സ്വാശ്രയ കോളജ് നിയമത്തിനെതിരെ വിധി പറഞ്ഞതിന് അന്നത്തെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വി.കെ. ബാലിക്കെതിരെ അക്രമാസക്തമായ സമരം നടത്തുകയും, ആ ന്യായാധിപനെ പ്രതീകാത്മകമായി നാടുകടത്തുകയും ചെയ്തവരാണ് എസ്എഫ്ഐ. സിപിഎമ്മിന്റെ പൂര്‍ണ പിന്തുണയോടെയായിരുന്നു ഇത്. ഇതിന് സമാനമായ അന്തരീക്ഷമാണ് ഇപ്പോള്‍ സിപിഎം സൃഷ്ടിച്ചിട്ടുള്ളത്. കെ.റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഹര്‍ജികളില്‍ വിധി പറയുന്ന ജസ്റ്റിസ് ദേവന് രാമചന്ദ്രനെതിരെ സര്‍ക്കാര്‍ വ്യക്തിപരമായി നീങ്ങുകയാണ്. പൊതു സ്ഥലങ്ങള്‍ കയ്യേറി രാഷ്ട്രീയ പാര്‍ട്ടികള്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് നിയമവിരുദ്ധമാണെന്നും, ഇത് അംഗീകരിക്കാനാവില്ലെന്നും പറഞ്ഞ ഈ ന്യായാധിപനെ പാര്‍ട്ടി സമ്മേളന വേദിയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന് കോടതിക്കെതിരെ തിരിയാന്‍ സിപിഎം നേതാക്കളെ പ്രേരിപ്പിക്കുകയായിരുന്നു. തനിക്കെതിരായ കേസുകളില്‍ വിധി വരാനുള്ളപ്പോള്‍ മാത്രമേ ‘ബഹുമാനപ്പെട്ട കോടതി’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിസംബോധന ചെയ്യാറുള്ളൂ. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ മുഖ്യമന്ത്രി ഇങ്ങനെ ആവര്‍ത്തിക്കുന്നതു കേള്‍ക്കാമായിരുന്നു. ഈ കാപട്യവും ഇരട്ടത്താപ്പും തുറന്നുകാട്ടേണ്ടതുണ്ട്. ഒരു പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് ദേശീയ പണിമുടക്കിലെ നിയമലംഘനത്തിനെതിരെ ഹൈക്കോടതി വിധി പറഞ്ഞത്. ഇതിനെതിരെ സിപിഎം നേതാക്കള്‍ നടത്തിയ വിമര്‍ശനങ്ങള്‍ കോടതിയലക്ഷ്യത്തിന്റെ പരിധിയില്‍ വരുന്നതാണ്. ഹര്ജിക്കാരന് തന്നെ ഇക്കാര്യം കോടതിയുടെ ശ്രദ്ധയില്‍ക്കൊണ്ടുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: