എറണാകുളത്തെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനം അതിലെ വൈരുധ്യങ്ങളും കാപട്യങ്ങളും കൊണ്ടാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. പണക്കൊഴുപ്പിന്റെ ഒരു കുത്തൊഴുക്കു തന്നെ സമ്മേളനത്തിന്റെ തുടക്കം മുതല്‍ ദൃശ്യമായി. പ്രചാരണത്തിന്റെ പേരില്‍ പാതയോരങ്ങളും പൊതു ഇടങ്ങളും കൈയേറി കൊടിതോരണങ്ങളില്‍ മുക്കിയത് ഹൈക്കോടതിയുടെ പോലും വിമര്‍ശനത്തിനിടയാക്കി. ഇങ്ങനെ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ ആരാണ് അധികാരം നല്‍കിയതെന്ന കോടതിയുടെ ചോദ്യത്തോട് പാര്‍ട്ടി നേതാക്കളാരും പ്രതികരിച്ചില്ല. പതിറ്റാണ്ടുകളായി നടന്നുവരുന്ന ഇത്തരം നിയമലംഘനങ്ങള്‍ തങ്ങളുടെ അവകാശമാണെന്നും അത് ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്നുമുള്ള നിലപാടാണ് ഈ മൗനത്തിനു പിന്നിലെന്ന് സിപിഎമ്മിനെ അടുത്തറിഞ്ഞിട്ടുള്ളവര്ക്കൊക്കെ മനസ്സിലാവും. കൊച്ചി മഹാനഗരത്തിലെമ്പാടും സമ്മേളന വേദിയില്‍ പ്രത്യേകിച്ചും മരിച്ചവരും ജീവിച്ചിരിക്കുന്നവരുമായ പാര്‍ട്ടി ആചാര്യന്മാരുടെയും നേതാക്കളുടെയുമൊക്കെ ചിത്രങ്ങള്‍ നിരന്നപ്പോള്‍ വിപ്ലവ നായകനായി വാഴ്ത്തപ്പെടുന്ന മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മാത്രം ചിത്രം അതില്‍ ഉള്‍പ്പെടാതെ പോയത് യാദൃച്ഛികമല്ല. കൊച്ചിയിലെ പള്ളുരുത്തിയിലൊരിടത്ത് കഥയറിയാതെ ആട്ടം കണ്ടുകൊണ്ടിരിക്കുന്ന അണികളില്‍ ചിലര്‍ ഉയര്‍ത്തിയ വിഎസിന്റെ കട്ടൗട്ട് പാര്‍ട്ടി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം എടുത്തു മാറ്റുകയും ചെയ്തു. പാര്‍ട്ടിയില്‍ പിണറായിയുടെ വര്‍ഗശത്രുവായി വിഎസ് ഇപ്പോഴും തുടരുന്നു എന്നാണ് ഇതിനര്‍ത്ഥം. ഇനിയും ഒരു തെരഞ്ഞെടുപ്പ് വന്നാല്‍ കണ്ണെ കരളെ വിളികളുമായി വിഎസിന്റെ ചിത്രം പ്രചാരണങ്ങളില്‍ സ്ഥാനം പിടിക്കുമായിരിക്കും.
വര്‍ഗീയ ധ്രുവീകരണത്തിന്റെ ഫലമായി ഇടതുമുന്നണി സര്‍ക്കാരിന് അധികാരത്തുടര്‍ച്ച ലഭിച്ചതിനെ മറ്റെന്തൊക്കെയോ ആയി ചിത്രീകരിക്കുകയാണ്. ഇനിയുള്ള കാലം കേരളം ഭരിക്കാന്‍ പോകുന്നത് സിപിഎമ്മായിരിക്കുമെന്ന തെറ്റിദ്ധാരണയുടെ പുറത്താണ് സമ്മേളനത്തിന്റെ നടപടിക്രമങ്ങളും പ്രസംഗങ്ങളും പ്രഖ്യാപനങ്ങളും. നവോത്ഥാന നായകനായ മന്നത്ത് പത്മനാഭനെ തമസ്കരിച്ച് മാപ്പിള ലഹളയില്‍ ഹിന്ദുക്കള്‍ക്കെതിരെ രക്തരക്ഷസ്സായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വാരിപ്പുണരുന്നതിന്റെ രഹസ്യവും ഇതാണ്. സമ്മേളനം ഉദ്ഘാടനം ചെയ്ത് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നടത്തിയ അവകാശവാദങ്ങളും, മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച നയരേഖയില്‍ പറയുന്ന കാര്യങ്ങളും, ഉത്തരം താങ്ങുന്ന രണ്ട് പ്രോലിറ്റേറിയന്‍ പല്ലികളെയാണ് അനുസ്മരിപ്പിച്ചത്. നെഹ്റു കുടുംബത്തിന്റെ സ്തുതിപാഠകനും പിണിയാളുമെന്ന നിലയ്ക്ക് ഇടതുപക്ഷ രാഷ്ട്രീയത്തിലെ വിദൂഷകനായി മാറിയിരിക്കുന്ന സീതാറാം യെച്ചൂരി, നരേന്ദ്രമോദി സര്‍ക്കാരിനെതിരെ നടത്തിയ തരംതാണതും പരിഹാസ്യവുമായ വിമര്‍ശനങ്ങള്‍ കോണ്‍ഗ്രസ്സുകാരെ തൃപ്തിപ്പെടുത്തുമായിരിക്കും. കോണ്‍ഗ്രസ്സിനെതിരെ ഒരക്ഷരംപോലും പറയാതെ തന്റെ വിധേയത്വം ആരോടാണെന്ന് യെച്ചൂരി വ്യക്തമാക്കുകയും ചെയ്തു. റഷ്യ-ഉക്രൈന് യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വഌദിമീര്‍ പുടിന്റേത് സങ്കുചിത ദേശീയവാദമാണെന്ന യെച്ചൂരിയുടെ വിമര്‍ശനം മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണ്. സിപിഎം ഇപ്പോഴും പൂവിട്ടു പൂജിക്കുന്ന മുന്‍ റഷ്യന്‍ സ്വേച്ഛാധിപതി സ്റ്റാലിനും രണ്ടാം ലോക മഹായുദ്ധക്കാലത്ത് ഉള്‍പ്പെടെ പ്രയോഗിച്ചത് ഇതേ സങ്കുചിത ദേശീയവാദമാണെന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ലല്ലോ.
കാരണഭൂതനായ തനിക്കുവേണ്ടി ഒരുക്കിയ കാര്‍ണിവലാണ് ഈ സമ്മേളനമെന്ന സന്ദേശമാണ് മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച നയരേഖ നല്‍കുന്നത്. മുന്‍കാലത്ത് എതിര്‍ത്തിരുന്ന സ്വകാര്യ-വിദേശ മൂലധന നിക്ഷേപം, വിദേശ സര്‍വ്വകലാശാലകള്‍ ഉള്‍പ്പെടെ സ്വാശ്രയ-സ്വയംഭരണ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയെ അനുകൂലിക്കുന്നതിലെ ഇരട്ടത്താപ്പും കാപട്യവും പകല്‍പോലെ വ്യക്തമാണല്ലോ. ഭരിക്കാന്‍ ഇതൊക്കെ ആവശ്യമാണ് എന്നതുകൊണ്ടല്ലേ ഇപ്പോഴത്തെ ബോധോദയം? പ്രതിപക്ഷത്തായാല്‍ തൊടുന്യായങ്ങള്‍ പറഞ്ഞ് നിലപാടു മാറ്റില്ലെന്ന് ആര്‍ക്കു പറയാനാവും? തിരിച്ചറിവുകള്‍ ഉണ്ടാകുന്നത് എപ്പോഴും നല്ലതാണ്. പക്ഷേ മുന്‍കാലത്ത് വിദേശ മൂലധനത്തിനെതിരെ ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കുദ്യോഗസ്ഥരുടെ ശരീരത്തില്‍ കരി ഓയിലൊഴിക്കുകയും, വിദേശ സര്‍വ്വകലാശാലകള്‍ തുടങ്ങണമെന്നു പറഞ്ഞവരെ അടിച്ചുവീഴ്ത്തുകയും ചെയ്തത് തെറ്റാണെന്ന് ആദ്യം സമ്മതിക്കണം. ചെയ്തുകൂട്ടിയ തെറ്റുകള്‍ക്ക് ജനങ്ങളോട് മാപ്പു പറയണം. എന്നിട്ടാവാം തിരുത്തലുകള്‍. തെറ്റായ നയങ്ങള്‍കൊണ്ടും അക്രമാസക്ത സമരങ്ങള്‍ നടത്തിയും കേരളത്തിന്റെ വിദ്യാഭ്യാസരംഗവും സാമ്പത്തിക മേഖലയുമൊക്കെ നശിപ്പിച്ചവര്‍ അതില്‍ തെല്ലും കുറ്റബോധമില്ലാതെ ഇപ്പോള്‍ അധികാരത്തിന്റെ ശീതളഛായയില്‍ അഭിരമിക്കാന്‍ കാണിക്കുന്ന വ്യഗ്രത ജനങ്ങള്‍ തിരിച്ചറിയും. ലോകമെമ്പാടും ഒറ്റപ്പെടുകയും സ്വേച്ഛാധിപത്യത്തിന്റെ ബലത്തില്‍ ചില രാജ്യങ്ങളില്‍ നിലനില്ക്കുകയും, ഏറ്റവും വികൃതമായ രൂപത്തില്‍ കേരളമെന്ന തുരുത്തില് അവശേഷിക്കുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തില്‍ അഭിമാനംകൊള്ളുന്നവര്ക്ക് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ‘പൊളിറ്റിക്കല്‍ നാര്‍സിസം’ എന്ന മനോരോഗമാണ്. അധികം വൈകാതെ ഇതിനുള്ള ചികിത്സ ജനങ്ങള്‍ നല്കുമെന്നു കരുതാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: