ചണ്ഡീഗഢ്: പഞ്ചാബ് നിയമസഭയിലേക്ക് ആകെയുള്ള 117 സീറ്റുകളില്‍ ബിജെപി 65 സീറ്റുകളില്‍ മത്സരിക്കും. സഖ്യകക്ഷികളായ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് 37 സീറ്റുകളിലും ധിന്‍സയുടെ ശിരോമണി അകാലിദള്‍ (സംയുക്ത്) 15 സീറ്റുകളിലും മത്സരിക്കും.
അമരീന്ദര്‍ സിങ്ങ് തന്റെ പാര്‍ട്ടിക്കുള്ള 37 സീറ്റുകളില്‍ 22 സ്ഥാനാര്‍ത്ഥികളുടെ പേര് പ്രഖ്യാപിച്ചു കഴിഞ്ഞു. പട്യാലയില്‍ നിന്നാണ് അമരീന്ദര്‍ മത്സരിക്കുക. അമരീന്ദര്‍ സിങ്ങിന് നല്‍കിയിരിക്കുന്ന 37 സീറ്റുകളില്‍ 26ഉം മാല്‍വ മേഖലയിലാണ്. ശിരോമണി അകാലിദളിന്റെ മുന്‍ എംഎല്‍എ ആയ ഫര്‍സാന ആലംഖാനാണ് അമരീന്ദര്‍സിങ്ങിന്റെ പാര്‍ട്ടിയിലെ ഏക വനിതാ സ്ഥാനാര്‍ത്ഥി.
നാല് ദിവസം മുന്‍പ് ബിജെപി 34 സ്ഥാനാര്‍ത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നു. ഇതില്‍ 13 പേര് സിഖുകാരും എട്ട് പേര് പട്ടിക ജാതിയില്‍ നിന്നുള്ളവരും 12 പേര് കര്‍ഷകരുമാണ്. ബിജെപിയുടെ 65 സീറ്റുകളില്‍ പാതിയില്‍ അധികം സിഖുകാര്‍ക്ക് നല്‍കുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏകദേശം 33 മുതല്‍ 35 സീറ്റുകളില്‍ സിഖ് സ്ഥാനാര്‍ത്ഥികളാവും മത്സരിക്കുക. ചിലപ്പോള്‍ മുന്നണിയ്ക്ക് വേണ്ടി ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടാനും ആലോചനയുണ്ട്.
സുസ്ഥിതരയും സുരക്ഷയുമാണ് ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യം. പഞ്ചാബ് സുരക്ഷിതമായാല്‍ രാജ്യം സുരക്ഷിതമായി എന്നാണ് പഞ്ചാബിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ഗജേന്ദ്ര ഷെഖാവത്ത് പറഞ്ഞത്. കേന്ദ്രവും സംസ്ഥാന സര്‍ക്കാരും കൈകോര്‍ക്കുന്ന ഒരു ഇരട്ട എഞ്ചിന് സര്‍ക്കാരാണ് പഞ്ചാബിന് വേണ്ടതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: