കെ. മോഹന്‍ദാസ്
എല്ലാവര്ക്കും പുതുവത്സര ആശംസകള്‍. നമ്മുടെ അതിഥിയായി 2022 എത്തിയിരിക്കുകയാണല്ലോ. ഈ അതിഥിക്കൊപ്പം ഇനി 364 ദിനം നാം കഴിയണം. തിഥി നോക്കാതെ വരുന്നവരാണല്ലോ അതിഥികള്‍. അവരെ ദൈവതുല്യം പരിചരിക്കണമെന്നാണ് വിധിച്ചിട്ടുള്ളത്. ദൈവാംശം ഉള്ള അത്തരക്കാരെ സേവിക്കുന്നതിലൂടെ ദൈവത്തിലേക്കെത്താമെന്ന ആഗ്രഹമാവാം അതിനു പിന്നില്‍. എന്നാല്‍ ആ അതിഥികള്‍ ബാധ്യതയും അപകടവും വരുത്തിവച്ചാലോ?
അത്തരമൊരു സ്ഥിതിവിശേഷത്തിന്റെ ഉള്ളുറപ്പ് പരിശോധിക്കാന്‍ ദൈവം തന്നെ നേരിട്ടുതന്ന അവസരമായി വേണം കിഴക്കമ്പലത്തിലെ ‘കലാപരിപാടി’കള്‍ കാണാന്‍. ദൈവത്തിന് ഇവരുടെ കാര്യത്തില്‍ അധികം ചെറുതല്ലാത്ത ഉത്തരവാദിത്തമുണ്ടല്ലോ. അതിഥികളെ വേണ്ടുന്നതില്‍ കൂടുതല്‍ സത്കരിച്ചതിന് കിട്ടിയ സമ്മാനമായി അത്. ക്രമസമാധാന പാലനത്തിന്റെ മാര്‍ക്കിങ്ങില്‍ സംസ്ഥാനം എവിടെയെത്തി നില്ക്കുന്നു എന്നതിനും ഉത്തരമായി
കിഴക്കമ്പലം സംഭവം ഒരു അപായ സൂചനയാണ്. ഒരുപാട് അര്‍ഥതലങ്ങളുള്ള സൂചന. ഇതിന്റെ പ്രത്യാഘാതങ്ങളും മറ്റും വേണ്ടരീതിയില്‍ വിലയിരുത്തി മുന്നോട്ടു പോയില്ലെങ്കില്‍ ദൈവത്തിന്റെ നാടെന്ന് പുകള്‍പ്പെറ്റ സംസ്ഥാനം ശ്മശാനഭൂമിക്ക് സമമാവും. കൊല്ലും കൊലയും ഗുണ്ടാ ആക്രമണങ്ങളും നിരന്തരം മനുഷ്യരുടെ ഉറക്കം കെടുത്തുന്ന സംസ്ഥാനത്ത് ‘അതിഥിവിളയാട്ട’മെന്ന പുതിയ കലാപരിപാടി വരുത്തിവയ്ക്കുന്ന കെടുതികള്‍ അറിയാനിരിക്കുന്നതേയുള്ളൂ. അതിഥികളെ ദൈവതുല്യം കരുതുന്ന നാടായതിനാലാണല്ലോ ദൈവത്തിന്റെ സ്വന്തം നാടെന്ന ചെല്ലപ്പേര് ചാര്‍ത്തിക്കിട്ടിയത്.
കൊവിഡ് കാലത്ത് സ്വന്തം നാട്ടുകാരേക്കാള്‍ സൗജന്യവും സൗകര്യവും നേടിയെടുത്തവരാണ് അതിഥിത്തൊഴിലാളികള്‍. ആ പേരില്‍ പോലും സ്നേഹം മിടിച്ചു തുള്ളുന്നുണ്ട്. ഓരോ പ്രദേശത്തും വന്നു തിങ്ങിപ്പാര്‍ക്കുന്ന ഇതര സംസ്ഥാനത്തൊഴിലാളികള്‍ അറിഞ്ഞും അറിയാതെയും ഉണ്ടാക്കുന്ന പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഏറെയാണ്. സംയമനവും സ്നേഹവും ഒരുപരിധിവരെ അത്യാപത്തില്‍ നിന്ന് രക്ഷയായിട്ടുണ്ട്. ഓരോ സംസ്ഥാനത്തിനും അതതിന്റെ സംസ്കാരവും കാഴ്ചപ്പാടുമുണ്ട്. മലയാളികള്‍ എവിടെച്ചെന്നാലും ആ നാടിന്റെ വൈകാരിക-വൈചാരിക രീതികളുമായി പൊരുത്തപ്പെട്ടുപോകാറുണ്ട്. ലോകത്തിന്റെ ഓരോ കോണിലും ജീവിക്കുന്ന അവരുടെ വിജയത്തിന്റെ കാരണവുമതാണ്. എന്നാല്‍ സഹോദരന്മാരായി കണക്കാക്കുന്ന ഇതരസംസ്ഥാനക്കാരുടെ സ്വഭാവം അതല്ല. ഇവിടുത്തെ രീതികളുമായി ഇഴുകിച്ചേരില്ല എന്നു മാത്രമല്ല അവരുടെ പെരുമാറ്റത്തിലേക്ക് ഇവിടത്തുകാര്‍ കയറിവരണമെന്ന് നിര്‍ബ്ബന്ധിക്കുകയും ചെയ്യും. അങ്ങനെയുണ്ടായില്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കുന്നത് നാട്ടുകാര്‍ തന്നെ. അതിനൊപ്പം എല്ലാ കുത്സിത ശ്രമങ്ങളും അവരുടെ ഭാഗത്തു നിന്നുണ്ടാവുകയും ചെയ്യും. ഇവരൊക്കെ എവിടത്തുകാരാണെന്നതിനെക്കുറിച്ച് ബന്ധപ്പെട്ട അധികൃതര്‍ വശം ഒരു രേഖയുമില്ലെന്ന ഞെട്ടിക്കുന്ന വിവരവുമുണ്ട്. ഓരോ കോണ്‍ട്രാക്ടര്‍മാര്‍ കമ്മിഷന് വ്യവസ്ഥയില്‍ നട തള്ളുന്ന അതിഥിത്തൊഴിലാളികളുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് നാട്ടുകാരാണ്. ‘വന്നവര്‍ വന്നവര്‍ ഉടമകളായ് നാം അടിമകളും’എന്ന് മഹാനായ കവി എഴുതിയത് കൃത്യമായി വന്നിരിക്കുകയാണ്. മയക്കുമരുന്ന്, അനാശാസ്യം, ചൂതാട്ടം എന്നുതുടങ്ങി ഒട്ടേറെ ക്ഷുദ്രപ്രവര്‍ത്തനങ്ങള്‍ ഈ അതിഥിത്തൊഴിലാളികള്‍ക്കിടയില്‍ വലിയ തോതില്‍ പടര്‍ന്നിട്ടുമുണ്ട്. അതിന്റെ പങ്കുപറ്റുന്ന തദ്ദേശീയരുമുണ്ടെന്ന വസ്തുത മറക്കുന്നില്ല. അതിനൊപ്പം തീവ്രവാദ എലമെന്റുകള്‍ ഇവര്‍ക്കിടയില്‍ സജീവമാണെന്നത് അടുത്തിടെയുണ്ടായ ആക്രാമിക പ്രതിഷേധ പ്രകടനങ്ങള്‍ വിശകലനം ചെയ്താല്‍ മനസിലാവും.
ഏതായാലും കിഴക്കമ്പലം സംഭവം ആഭ്യന്തര വകുപ്പിന്റെയും ബന്ധപ്പെട്ടവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ്. കൊവിഡ് കാലത്ത് അരിയായും ടെലിവിഷനായും കാരംസ് ബോര്‍ഡായും മറ്റും സൗജന്യങ്ങള്‍ നീട്ടിത്തന്ന പൊലീസ് കൈകളിലാണവര് കനല് വാരിയിട്ടത്. കിഴക്കമ്പലത്തുനിന്ന് അധികം ദൂരെയല്ലാത്ത പ്രദേശമാണ് പെരുമ്പാവൂര്‍. തെരഞ്ഞെടുപ്പ് കാലത്തും അല്ലാത്തപ്പൊഴും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സ്ഥലംകൂടിയാണത്. മലയാളത്തിന്റെ സംസ്കാരം പതിയെപ്പതിയെ ഇല്ലാതാവുന്ന ഒരു പ്രദേശമാണെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുമുണ്ട്. ഏതു സമയത്തും എന്തും സംഭവിക്കാവുന്ന സ്ഥിതിയാണവിടെയും പരിസരപ്രദേശങ്ങളിലും. കൃത്യമായ നിരീക്ഷണവും തുടര്‍ നടപടികളുമില്ലെങ്കില്‍ കിഴക്കമ്പലം ഇഫക്ട് കേരളത്തില്‍ പലയിടത്തും പടര്‍ന്നു കത്താം. അതിനുള്ള അവസരം ഉണ്ടാക്കരുത്.മനുഷ്യന് സ്വസ്ഥവും സമാധാനവുമായി ഉറങ്ങാന്‍ പറ്റാതെ വന്നാല്‍ ദൈവത്തിന്റെ ഈ സ്വന്തം നാട്ടില്‍ ജീവിച്ചിട്ടെന്തു കാര്യം.
കിഴക്കമ്പലം സംഭവത്തിനുള്ളില്‍ ഒട്ടേറെ വിഷൂചികാ ഘടകങ്ങള്‍ തലനീട്ടുന്നത് അതിനൊപ്പം കാണാതെയും പോകരുത്. ഒരുപക്ഷേ, പ്രകടമായ തലം ചൂണ്ടിക്കാട്ടാനാവില്ലെങ്കിലും ചിലതൊന്നും വെള്ളംകൂട്ടാതെ വിഴുങ്ങാനാവില്ല. ഒരുഭാഗത്ത് ക്രിസ്മസ് ആഘോഷ സംസ്കാരം. അതിനെതിരു നില്ക്കുന്ന രീതി മറുഭാഗത്ത്. കിഴക്കമ്പലം വ്യവസായിക്കു നേരെ അടുത്തിടെ ശക്തിയാര്‍ജിച്ച രാഷ്ട്രീയ-ഭരണ ഹുങ്കിന്റെ താന്‍പോരിമ. നീറിപ്പിടിക്കുന്നവ ആളിക്കത്താന്പോന്ന കോപ്പുകള്‍ ഇതിന്റെയൊക്കെയുള്ളില്‍ തിരഞ്ഞാല്‍ വേണ്ടത്രയുണ്ടാവില്ലേ?
എന്നാല്‍ സഭയില്‍ നിഷ്പക്ഷത പുലര്‍ത്താന്‍ ബാധ്യതപ്പെട്ട സ്പീക്കര്‍ ഇക്കാര്യത്തിലും എവിടെയും തൊടാത്ത നിലപാട് സ്വീകരിച്ചതാണ് അത്ഭുതം. അവിടെ ചെറിയൊരു പ്രശ്നമുണ്ടായതിന്റെ പേരില്‍ മൊത്തം അതിഥിത്തൊഴിലാളികളെ കുറ്റപ്പെടുത്തരുതെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്യത്തിന് താങ്ങായി കോടിയേരി സഖാവും ഇങ്ക്വിലാബ് വിളിച്ചിട്ടുണ്ട്. ഇരുവരും ഇമ്മാതിരിയൊരു നിലപാട് സ്വീകരിക്കുമ്പോള്‍ കിഴക്കമ്പലം വ്യവസായ സംസ്കാരത്തിനെതിരെ ഒരു രാഷ്ട്രീയ ബോംബ് പൊട്ടിച്ചതാണോ എന്ന സംശയം ഉണ്ടെന്ന് കൂട്ടിക്കൊള്ളണം. ഒന്നും കാണാതെ ഘടോല്‍ക്കചനെ യുദ്ധത്തിനയയ്ക്കില്ലെന്ന ‘രണ്ടാമൂഴ’കര്‍ത്താവിന്റെ മനോഗതി പലര്‍ക്കുമുണ്ട്. ‘തൈക്കുണ്ടിലു വീണാലും ഞമ്മളെ കാല് മേലെ’എന്ന നാട്ടു പ്രയോഗം പോലുള്ള ഇത്തരം രാഷ്ട്രീയ മനസ്കരാണ് ക്ഷുദ്രകീടങ്ങള്ക്ക് വെള്ളവും വളവും നല്‍കുന്നത്. അതവസാനിപ്പിക്കുകയും ജാഗ്രതയോടെയുള്ള സമീപനം സ്വീകരിക്കുകയും ചെയ്തില്ലെങ്കില്‍ ‘കിഴക്കമ്പലം ഇഫക്ടില്‍’ കേരളം പ്രകമ്പനം കൊള്ളും. അതിനിടവയ്ക്കാതിരിക്കാനുള്ള മനസും മാന്യതയും ബന്ധപ്പെട്ടവരില്‍ നിന്ന് പ്രതീക്ഷിക്കാമോ?
നേര്‍മുറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: