എം.എന്‍. ജയചന്ദ്രന്
കേരളം അറിയപ്പെടുന്നത് ദൈവത്തിന്റെ സ്വന്തം നാട് എന്നാണ്. ഈ വിളിപ്പേര് എല്ലാ മലയാളികളുടെയും സ്വകാര്യ അഹങ്കാരവുമാണ്. അതിമനോഹരമായ ഭൂപ്രകൃതിയും കാലാവസ്ഥയുമാണ് ഈ വിളിപ്പേരിന് കാരണം. പക്ഷെ, പ്രകൃതിക്ഷോഭങ്ങള്‍ ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന വിശേഷണം എത്രനാള്‍ മലയാളികള്‍ക്ക് കൊണ്ടുനടക്കാനാകുമെന്ന സംശയം ജനിപ്പിക്കുന്നു. അടിക്കടിയുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങള്‍ നമ്മെ ഭയപ്പെടുത്തുന്നതും, എല്ലാവിഭാഗം ജനങ്ങളുടെയും മൃഗങ്ങളുടെയും സസ്യജാലങ്ങളുടെയും ജീവിതവും നിലനില്‍പ്പും ദുഷ്കരമാക്കുന്നതുമാണ്. 2016ല്‍ കേരളം കണ്ടത് വരള്‍ച്ചയായിരുന്നു. 2017ല്‍ ഓഖി ചുഴലിക്കാറ്റ്, 2018 ല്‍ വെള്ളപ്പൊക്കം, മലയിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങി പല പ്രകൃതിക്ഷോഭങ്ങളും കേരളം നേരിട്ടു. പൊതുവെ കേരളത്തില്‍ കൃത്യമായി വന്നുപോയിക്കൊണ്ടിരുന്ന വെയിലും മഴയും കുളിരും ഞാറ്റുവേലകളും മാറിമറിഞ്ഞു. മുന്‍കൂട്ടി പറയാന്‍ കഴിയാത്ത അവസ്ഥയിലേക്ക് കാലാവസ്ഥ മാറി. ആഗോളതലത്തിലും പ്രാദേശികതലത്തിലും ഈ പ്രതിഭാസം-കാലാവസ്ഥാ വ്യതിയാനം-ഒരു യാഥാര്രത്ഥ്യമായി അംഗീകരിക്കപ്പെട്ടുകഴിഞ്ഞു.
ആഗോളതലത്തില്‍തന്നെ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് പല മുന്നറിയിപ്പുകളും വരാറുണ്ട്. അങ്ങനെയാണ് വരള്‍ച്ചാ മുന്നറിയിപ്പിനെത്തുടര്‍ന്ന് നമ്മള് മഴക്കുഴികള്‍ കുത്തിയതും വനത്തില്‍ നിന്നും വെള്ളം പുറത്തേക്കു പോകാതെ വനത്തില്‍ തന്നെ നിര്‍ത്താന്‍ നോക്കിയതുമെല്ലാം. എന്നാല്‍ പിന്നീട് വന്ന മഴ കൂടുമെന്ന മുന്നറിയിപ്പ് വേണ്ടത്ര ഗൗരവത്തോടെ നമ്മള് കണ്ടില്ല. മാത്രമല്ല വരള്‍ച്ചക്ക് എടുത്ത മുന്‍കരുതല്‍ മഴയുടെ തീവ്രതയില്‍ വിപരീതഫലം സൃഷ്ടിച്ചു എന്നു പല വിദഗ്ധരും പറഞ്ഞു. ഒരു സമഗ്ര പദ്ധതിയാണ് കേരളത്തിനാവശ്യം എന്നാണ് ഇത് നല്കുന്ന പാഠം. അതുകൊണ്ട് ഭാവിയില്‍ കാലാവസ്ഥാ വ്യതിനായത്തിന്റെ തിക്തഫലങ്ങള്‍ കുറയ്ക്കാനും, ഒരു പരിധിവരെ പരിഹരിക്കാനും ഉതകുന്ന സമീപനവും നയവുമാണ് സ്വീകരിക്കേണ്ടത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടും അസത്യപ്രചാരണവും
ഒക്ടോബര്‍ 16ന് ഉണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും നിരവധി പേരുടെ ജീവന് നഷ്ടപ്പെട്ടുവെന്ന് മാത്രമല്ല, ജീവന് തിരിച്ചുകിട്ടിയവരുടെ ജീവനോപാധികള്‍ നഷ്ടപ്പെട്ടു എന്നതുകൂടി നാം കാണണം. ഇത്തവണത്തെ പ്രകൃതിക്ഷോഭം പ്രകടമായും ബാധിച്ചത് കോട്ടയം, ഇടുക്കി ജില്ലകളില്‍പ്പെട്ട കൊക്കയാര്‍, കൂട്ടിക്കല്‍ മേഖലകളിലാണ്. ഈ രണ്ടു മേഖലകളും ഗാഡ്ഗില്‍ റിപ്പോര്‍ട്ട് പ്രകാരം പരിസ്ഥിതിദുര്‍ബല പ്രദേശമായി അടയാളപ്പെടുത്തിയിട്ടുള്ളതുമാണ്. ഗാഡ്ഗില്‍ കമ്മറ്റി പശ്ചിമ ഘട്ടത്തെ പരിസ്ഥിതി പ്രാധാന്യമനുസരിച്ച് മൂന്നായിട്ടാണ് തരംതിരിച്ചിരിക്കുന്നത്.
”പരിസ്ഥിതിപരമായി ഏറ്റവും വലിയ പ്രാധാന്യമുള്ള സോണ്‍-1, ഉയര്‍ന്ന പ്രാധാന്യമുള്ള സോണ്‍-2, ബാക്കി വരുന്ന സാമാന്യം പ്രാധാന്യമുള്ള സോണ്‍-3 എന്നിങ്ങനെ 3 സോണുകളായി തിരിച്ചു. ഓരോ േസാണിലും ചെയ്യാവുന്നതും, ചെയ്യരുതാത്തതുമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ചു. ഇതില്‍ പശ്ചിമഘട്ട മേഖലകളില്‍ താമസിക്കുന്ന ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതോ അവരെ അവിടെ നിന്നും ഇറക്കിവിടുന്നതോ ആയ ഒരു നിര്‍ദ്ദേശവും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. എന്നാല്‍ ക്വാറി, പാറമട ലോബികളും ക്രൈസ്തവ മതമേലധ്യക്ഷന്മാരും റിപ്പോര്‍ട്ടില്‍ ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടെന്ന് ജനങ്ങളെ തെറ്റിദ്ധരിച്ചു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ ജനങ്ങളെ തെരുവില്‍ ഇറക്കി. അതിന്റെ നല്ല ഉദാഹരണമാണ് 7.11.2012 ന് ഇടുക്കി രൂപതാ മെത്രാന് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ ഇറക്കിയ സര്‍ക്കുലര്‍. ആ സര്‍ക്കുലറിന്റെ തലക്കെട്ടുതന്നെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിര്‍ദ്ദേശങ്ങളും പ്രത്യാഘാതങ്ങളും എന്നായിരുന്നു. അതില്‍ റിപ്പോര്‍ട്ടിന്റെ നിര്‍ദ്ദേശമായി പറഞ്ഞിരിക്കുന്ന പല കാര്യങ്ങളും റിപ്പോര്‍ട്ടില്‍ ഇല്ലാത്തതും, അസത്യപ്രചാരണവുമായിരുന്നു. ചില ഉദാഹരണങ്ങള്‍ നോക്കാം.
കപ്പ, ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിയവയുടെ കൃഷിചെയ്യാന്‍ സാധ്യമല്ലാതാകും.
(2) പാറ പൊട്ടിക്കല്‍, മണല്‍ വാരല്‍ എന്നിവയ്ക്ക് ലൈസന്‍സ് നല്‍കരുത്. വീട്, റോഡ് ഉള്‍പ്പെടെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരവിക്കും എന്നാണ് സര്‍ക്കുലറിലൂടെ പ്രചരിപ്പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഓരോ മേഖലയിലും ഇത് എങ്ങനെ പരിസ്ഥിതി നാശമില്ലാതെ നടത്താമെന്ന നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്. ഇക്കാര്യങ്ങള്‍ മറച്ചുവച്ചുെകാണ്ടാണ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചത്.
(3) റിപ്പോര്‍ട്ടില്‍ മൃഗസംരക്ഷണത്തിന് പ്രോത്സാഹനം നല്‍കണമെന്നും അതിനായി കന്നുകാലികളുടെ നാടന്‍ ജനുസ്സുകളുടെ സംരക്ഷണച്ചെലവിനായി സംരക്ഷണ സേവനചാര്‍ജ് എന്ന നിലയില്‍ പ്രോത്സാഹന സഹായം നല്‍കണമെന്നും ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ട് ജനങ്ങളുടെ ഇടയില്‍ തെറ്റിദ്ധരിപ്പിച്ചുകൊണ്ട് കലാപാഹ്വാനമാണ് നല്‍കിയത്.
ഇങ്ങനെ നമ്മള് പരിശോധിച്ചാല്‍ എത്ര ആസൂത്രിതവും സൂക്ഷ്മവുമായിട്ടാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അട്ടിമറിച്ചുകൊണ്ട് പശ്ചിമഘട്ടത്തിലെ പ്രകൃതിസമ്പത്ത് കൊള്ളയടിക്കാന്‍ സാഹചര്യം ഉണ്ടാക്കിയതെന്ന് ബോധ്യപ്പെടും.
അവഗണിക്കരുത് മുന്‍ അനുഭവങ്ങള്‍
കൂട്ടിക്കലെയും കൊക്കയാറിലെയും പ്രകൃതിക്ഷോഭം നമുക്ക് ഒന്ന് പരിശോധിക്കാം. ഗാഡ്ഗില്‍ കമ്മിറ്റി ശുപാര്‍ശ അനുസരിച്ച് ഈ രണ്ടു മേഖലകളും അതീവ പരിസ്ഥിതിലോല പ്രദേശമാണ്. എന്നാല്‍ പരിശോധനയില്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നത് ഈ മേഖലയില്‍ രേഖകള്‍ പ്രകാരം ഉള്‍പ്പെട്ടിരിക്കുന്നത് 332 പാറമടകളാണ്. ഇതില്‍ 150-ലേറെ അനധികൃതവുമാണ്. ഉടമയെക്കുറിച്ചോ നടത്തിപ്പുകാരെക്കുറിച്ചോ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിനും വ്യക്തമല്ല എന്നാണ് വാര്‍ത്താമാധ്യമങ്ങളില്‍ നിന്നും മനസ്സിലാകുന്നത്. ഇത് സൂചിപ്പിക്കുന്നത് പാറ ഖനന രംഗത്ത് തികഞ്ഞ അരാജകത്വമാണ് നിലനില്‍ക്കുന്നതെന്നാണ്. ഒരു നിയന്ത്രണവുമില്ലാതെ, ചോദിക്കാനും പറയാനും നാഥനില്ലാത്ത നിലയില്‍ പശ്ചിമഘട്ട മലനിരകള്‍ പൊട്ടിത്തെറിക്കുമ്പോള്‍ മലയാളികളുടെ ജീവനും സ്വത്തുമാണ് നഷ്ടപ്പെടുന്നത്.
മാത്രമല്ല, ഈ ക്വാറികളില്‍ നടക്കുന്ന ഉഗ്രസ്ഫോടനങ്ങള്‍ സൃഷ്ടിക്കുന്ന പ്രകമ്പനങ്ങള്‍ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍വരെ ആഘാതം സൃഷ്ടിക്കുകയും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും ഈ രംഗത്തെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കിത്തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ ഈ മുന്നറിയിപ്പുകളും ഇരകളുടെ രോദനങ്ങളും ബധിരകര്‍ണ്ണങ്ങളിലാണ് പതിക്കുന്നത്. ഈ സ്ഥിതിക്കാണ് മാറ്റം ഉണ്ടാകേണ്ടത്. നമുക്ക് കല്ലും മണലും തീര്‍ച്ചയായും ആവശ്യമാണ്. അവിടെയാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ പ്രസക്തി. റിപ്പോര്‍ട്ട് മുന്നോട്ടുവച്ച നിര്‍ദ്ദേശം മേഖല-1 ല്‍ നിലവിലുള്ളവ പരിസ്ഥിതിയുടെയും സാമൂഹ്യ പ്രത്യാഘാതങ്ങളുടെയും പേരില്‍ ഉടനടി ഫലപ്രദമായ രീതിയില്‍ നിയന്ത്രിക്കണം.
മേഖല-2 ല്‍ നിലവിലുള്ള കര്‍ശന നിയന്ത്രണങ്ങള്‍ക്കും സോഷ്യല്‍ ഓഡിറ്റിനും വിധേയമായി മെച്ചപ്പെടുത്തി തുടരാം.
മേഖല-3 ല്‍ നിലവിലുള്ളതും പുതിയതുമായ ക്വാറികളും മണല്‍ഖനനവും കര്‍ശന നിയന്ത്രണങ്ങള്‍ക്കും സോഷ്യല്‍ ഓഡിറ്റിങ്ങിനും വിധേയവും ഗിരിജനങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെയുമാകണം.
എന്നാല്‍ ഇപ്പോള്‍ ഈ രംഗത്ത് അരാജകത്വവും മാഫിയാ മോഡല്‍ പ്രവര്‍ത്തനവുമാണ് നടക്കുന്നത്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ കവളപ്പാറയും കൂട്ടിക്കലും കൊക്കയാറും ആവര്‍ത്തിച്ചുകൊണ്ടിരിക്കും. മാത്രമല്ല പ്രകൃതിക്ഷോഭത്തിന്റെ ഇടവേളകളും കുറയും. ഇത് താങ്ങാനുള്ള കരുത്ത് കേരളത്തിനുണ്ടാകില്ല.
9446417836
പ്രതികരിക്കാൻ ഇവിടെ എഴുതുക: