കോഴിക്കോട്: കോഴിക്കോട് നവരാത്രി ആഘോഷ സമിതിയുടെ ആഭിമുഖ്യത്തില്‍ മാധ്യമപഠനഗവേഷണ കേന്ദ്രമായ കോഴിക്കോട് ചാലപ്പുറം കേസരി ഭവനില്‍ സര്‍ഗോത്സവം-21 എന്ന പേരില്‍ സംഘടിപ്പിക്കുന്ന നവരാത്രി ആഘോഷം ഒക്ടോബര്‍ ഏഴിന് ആരംഭിക്കുമെന്ന് കേസരി വാരിക മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്. മധു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കന്യാകുമാരിയില്‍ നിന്ന് അക്ഷര രഥയാത്രയായി എത്തിച്ചേര്‍ന്ന സരസ്വതി പ്രതിമ അന്ന് ഉച്ചയ്ക്ക് 12.20 ന് കേസരി ഭവന്റെ പൂമുഖത്ത് സ്വാമി ചിദാനന്ദപുരിയും പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറും ചേര്‍ന്ന് അനാച്ഛാദനം ചെയ്യും. സ്വാമി നരസിംഹാനന്ദ അക്ഷരദീപം തെളിയിക്കും. ചലച്ചിത്ര നടി വിധുബാല പ്രതിമയ്ക്ക് ആദ്യഹാരം ചാര്‍ത്തും. വൈകിട്ട് 5.30ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി സര്‍ഗോത്സവം ഉദ്ഘാടനം ചെയ്യും. സ്വാമി ചിദാനന്ദപുരി സര്‍ഗസംവാദത്തിന് തുടക്കം കുറിക്കും.
ദിവസവും വൈകിട്ട് 4.30ന് സര്‍ഗോത്സവം ആരംഭിക്കും. സ്വാമി ചിദാനന്ദപുരി, സ്വാമി നരസിംഹാനന്ദ, സ്വാമിനി ശിവാനന്ദപുരി, ആര്. ഹരി, ജെ. നന്ദകുമാര്‍, എം.ടി. വിശ്വനാഥന്, ആര്. രാമാനന്ദ്, ഡോ. ലക്ഷ്മി ശങ്കര്‍, ഹരികൃഷണന് ഹരിദാസ്, നടി വിധുബാല എന്നിവര്‍ വിവിധ വിഷയത്തില്‍ സര്‍ഗസംവാദത്തില്‍ പ്രഭാഷണം നടത്തും.
സര്‍ഗോത്സവത്തില്‍ ഹരിപ്പാട് കെ.പി.എന്‍ പിള്ള, യജ്ഞേശ്വര്‍ ശാസ്ത്രി, ആറ്റുവാശ്ശേരി മോഹനന് പിള്ള, ഡോ. ഇടനാട് രാജന് നമ്പ്യാര്‍, സുധീര്‍ കടലുണ്ടി, കലാമണ്ഡലം പ്രശോഭ്, മനുരാജ് തിരുവനന്തപുരം തുടങ്ങിയ പ്രശസ്ത കലാകാരന്മാരും ബാലഗോകുലം, സക്ഷമ തുടങ്ങിയ സംഘടനയിലെ കലാകാരന്മാരും അവതരിപ്പിക്കുന്ന കഥകളി, ഗസല്‍, ചാക്യര്‍ക്കൂത്ത്, വീണക്കച്ചേരി, സംഗീതാര്‍ച്ചന, നൃത്താര്‍ച്ചന തുടങ്ങിയവയുമുണ്ടാകും.
വിജയദശമി ദിനത്തില്‍ സാംസ്കാരിക നായകരുടെ നേതൃത്വത്തില്‍ കുട്ടികളെ എഴുത്തിനിരുത്തുന്ന അക്ഷരദീക്ഷയുണ്ട്. സരസ്വതീ മണ്ഡപത്തില്‍ സംഗീത, നൃത്ത, വാദ്യകലാ വിദ്യാര്‍ത്ഥികള്‍ക്ക് സാരസ്വതാര്‍ച്ചനയായി കലാപരിപാടികള്‍ അവതരിപ്പിക്കാം. സാംസ്കാരിക പരിപാടിയില്‍ നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് കേസരി, ജനം, ജന്മഭൂമി, തപസ്യ, ഭാരതീയ വിചാരകേന്ദ്രം, ഋതം, വിശ്വസംവാദകേന്ദ്രം എന്നീ സ്ഥാപനങ്ങളുടെ വെബ്സൈറ്റിലൂടെയും ഫേസ്ബുക്ക് പേജിലൂടെയും പരിപാടി വീക്ഷിക്കാം.
കുട്ടികളെ എഴുത്തിനിരുത്തുന്നവര്‍ 8129718823 എന്ന നമ്പറിലും കലാപരിപാടികള്‍ അവതരിപ്പിക്കുന്നവര്‍ 9947107211 എന്ന നമ്പറിലും പേര് രജിസ്റ്റര്‍ ചെയ്യണം. അക്ഷരദീക്ഷയ്ക്ക് ംംം.സലമെൃശംലലസഹ്യ.രീാ എന്ന വെബ്സൈറ്റില്‍ 100 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഗ്രന്ഥം പൂജിക്കേണ്ടവര്‍ ദുര്‍ഗാഷ്ടമിക്ക് സരസ്വതീമണ്ഡപത്തില്‍ സമര്‍പ്പിക്കണം. സരസ്വതീ മണ്ഡപത്തില്‍ സംഗീത-നൃത്ത-വാദ്യകലാര്ച്ചന ചെയ്യുന്നവര്‍ നേരത്തേ രജിസ്റ്റര്‍ ചെയ്യണം. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ മീഡിയ കമ്മിറ്റി ചെയര്മാന് യു.പി. സന്തോഷ്, മാതൃസമിതി കണ്‍വീനര്‍ എന്‍. സരളാദേവി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: